വാഹനവുമായി റോഡിലിറങ്ങിയാൽ ഡ്രൈവിങിൽ ശ്രദ്ധിക്കാതെ മൊബൈലിൽ മുഴുകുന്നവർക്ക് അബൂദബി പൊലീസിന്റെ കർശന മുന്നറിയിപ്പ്. ഡ്രൈവിങ്ങിനിടെ മറ്റ് ഇടപാടുകളിൽ മുഴുകിയതിന് കഴിഞ്ഞവർഷം പിഴകിട്ടിയത് മുപ്പതിനായിരത്തിലേറെ പേർക്കാണ്. 800 ദിർഹമാണ് പിഴ.
ചിലർ ഡ്രൈവിങ് തുടങ്ങിയാൽ പിന്നെ ബ്രൗസിങ്ങോട് ബ്രൗസിങ്ങാണ്. ഡ്രൈവർ സോഷ്യൽ മീഡിയയിൽ മുഴുകുമ്പോൾ വണ്ടി വഴിതെറ്റും. ചിലർക്ക് വാഹനമോടിക്കുമ്പോഴാണ് ചായ കുടിക്കാൻ തോന്നുക. ഒരു കൈയിൽ ചായ, മറുകൈയിൽ മൊബൈൽ. വണ്ടി കൈവിട്ട് പോയില്ലെങ്കിലല്ലേ അൽഭുതമുള്ളു. ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധതിരിക്കുന്ന ഇത്തരം പല പ്രവണതകളും ഡ്രൈവർമാർക്കിടിയിലുണ്ടെന്ന് അബൂദബി പൊലീസ് പറയുന്നു. ഡ്രൈവ് ചെയ്യുമ്പോൾ മേക്കപ്പിടുന്നവരും ഒരുങ്ങുന്നവരുമൊക്കെ ഉണ്ട്.