ദമ്മാം:
സൗദി അറേബ്യയുടെയും അമേരിക്കയുടെയും ബ്രിട്ടൻറെയും സംയുക്ത നാവികാഭ്യാസ പ്രകടനങ്ങൾ സൗദി കിഴക്കൻ പ്രവിശ്യയിൽ പുരോഗമിക്കുന്നു. കിഴക്കൻ പ്രവിശ്യ വൈസ് അഡ്മിറൽ മാജിദ് അൽഖഹ്താനി ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ‘നേവൽ ഡിഫൻഡർ 21’ എന്ന തലക്കെട്ടിൽ നടക്കുന്ന അഭ്യാസത്തിൽ
ബ്രിട്ടൻറെ മൈൻസ്വീപ്പർ കപ്പലും മുഖ്യപങ്കാളിയാണ്.
മൂന്നു രാജ്യങ്ങളും തമ്മിലുള്ള സൈനിക- നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് സൈനികാഭ്യാസ പ്രകടനം. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ തീരത്തുള്ള കിങ് അബ്ദുൽ അസീസ് നാവിക താവളമാണ് ആതിഥേയത്വം വഹിക്കുന്നത്. സമുദ്ര ഗതാഗതം, സമുദ്ര-തീര സംരക്ഷണം, നാവിക പോരാട്ട പ്രവർത്തനങ്ങൾ, അത്യാധുനിക യുദ്ധോപകരണങ്ങളുടെ ഉപയോഗം, രക്ഷാ പ്രവർത്തങ്ങൾ, ആശയവിനിമയ രീതികൾ തുടങ്ങി വിവിധ തരത്തിലുള്ള പരിശീലനങ്ങളിൽ ഊന്നിയാണ് നാവികാഭ്യാസം. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ പരിശീലനം രണ്ടാഴ്ച നീളും.