Mon. Dec 23rd, 2024
ദില്ലി:

കർഷകസമരം പിൻവലിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 തിന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ അതേ സമയം ഇന്നലെ നടന്ന അക്രമ സമരങ്ങളുടെ പശ്ചാത്തലത്തിൽ  കർഷകസംഘടനകളുടെ പാർലമെൻറ് ഉപരോധം മാറ്റിവക്കാനും തീരുമാനമായി.
അതിനിടെ കർഷക പ്രതിഷേധത്തിനിടെ ദേശീയ പതാകയെ അപമാനിച്ചത് രാജ്യം പൊറുക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കേന്ദ്ര സർക്കാർ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും   ജാവദേക്കർ പ്രതികരിച്ചു.
അതിനിടെ റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കർഷക സമരത്തിൽ നിന്നും രണ്ട്  സംഘടനകള്‍ പിന്മാറി. സമരത്തിന്‍റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14 സംഘടനകളുടെ സംയുക്തവേദിയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വി എം സിംഗിന്‍റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനുവെന്ന സംഘടനയും പിന്മാറിയത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടന്നത് തെമ്മാടിത്തമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു.

By Divya