Thu. Dec 26th, 2024
നവോഥാന നായകൻ പി പൽപ്പുവിന്റെ സ്മരണയ്ക്ക്

നവോത്ഥാന നായകനായ ഡോക്ടർ പി പൽപ്പുവിന്റെ ഓർമ്മദിവസമാണ് ഇന്ന്. മഹാമാരിയെ നേരിട്ടകൊണ്ട് ഇരിക്കുകയും വാക്‌സിനായി കാത്തിരിക്കുകയും ചെയുന്ന ഈ ലോകത്തിന് മുമ്പിൽ ശാസ്ത്രം ഇത്രയേറെ പുരോഗമിക്കുന്നതിന് മുൻപ് മഹാമാരിയ്ക്ക് എതിരെ പോരാടിയ നവോത്ഥാന നായകൻ ഡോക്ടർ പി പൽപ്പുവിനെ ഓർമിക്കാം. 

ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു. ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനും ആധുനിക കേരളശില്പികളിലൊരാളുമായിരുന്ന പത്മനാഭൻ പല്പു. ഈഴവ സമുദായത്തിൽ പെട്ടയാളായതിനാൽ തിരുവിതാംകൂറിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രവർത്തനങ്ങളിലൂടെയാണ്‌ കേരളത്തിലെ സാമുദായിക പരിഷ്കരണത്തിന്റെ ആരാദ്ധ്യനേതാവായിത്തീർന്നത്. റിട്ടി ലൂക്കോസ് ഇദ്ദേഹത്തെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

 ഈഴവ ജാതിയിൽ പിറന്നത് കൊണ്ടുമാത്രം തിരുവിതാംകൂറിൽ പ്രവേശനം നിഷേധിക്കപ്പെട്ട അദ്ദേഹം നാട്ടുകാരുടെ സാമ്പത്തികസഹായം സ്വീകരിച്ചു മദ്രാസിൽ പ്രവേശനംനേടി. തുടർന്ന് ഇംഗ്ലണ്ടിൽ പോയി ലണ്ടനിലും കേബ്രിഡ്ജിലും പഠിച്ചു 1889ൽ Licentiate in Medicine and Surgery ബിരുദംനേടി തിരിച്ചെത്തി.

വീണ്ടും ജോലി നിഷേധിക്കപ്പെട്ടു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൈസൂർ നാട്ടുരാജ്യത്തിൽ ജോലി സമ്പാദിച്ചു. ബാംഗളൂരിൽ മാരകമായ പ്ളേഗ് ബാധ നിയന്ത്രിച്ച ഡോക്ടർ പൽപ്പുവിനെ സർക്കാർ വീണ്ടും ഇംഗ്ലണ്ടിൽ അയച്ചു വൈറോളജിയിൽ ഉപരിപഠനം നടത്താൻ സഹായിച്ചു.

തന്റെ സമുദായം അനുഭവിക്കുന്ന ഉച്ചനീചത്തങ്ങൾക്ക് എങ്ങിനെ പരിഹാരംകാണും എന്നതായിരുന്നു പൽപ്പുവിന്റെ ഏകചിന്ത.

തിരുവിതാംകൂറിൽ നാട്ടുകാർക്ക് സർക്കാർ ജോലികൾ ലഭ്യമാക്കണം എന്നപേക്ഷിക്കുന്ന 1891ലെ ‘മലയാളി മെമ്മോറിയൽ ‘ ഒപ്പിട്ട മൂന്നാമത്തെയാളാണ് ഡോക്ടർ പൽപ്പു. അതുകൊണ്ട് നായൻമാർക്കുംമറ്റും പ്രയോജനം കിട്ടിയെങ്കിലും ഈഴവരുടെ സ്ഥിതിക്ക് മാറ്റമുണ്ടായില്ല.

അവധിയെടുത്ത് തിരുവിതാംകൂറിൽ വന്നു പ്രവർത്തിച്ച ഡോക്ടർ പൽപ്പു 1896ൽ, 13176 ഈഴവർ ഒപ്പിട്ട പ്രസിദ്ധമായ ‘ഈഴവ മെമ്മോറിയൽ ‘ മഹാരാജാവിനു സമർപ്പിച്ചു. ബ്രിട്ടീഷ് സർക്കാരിന്റെയും ഇന്ത്യൻ ജനതയുടെയും ശ്രദ്ധ ആകർഷിക്കാനായി ആ നിവേദനം മദ്രാസ് മെയിൽ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

തന്റെ ജാതിയിൽ പെട്ട മനുഷ്യർക്ക് സാമൂഹികനീതി ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് 1903-ലെ എസ്.എൻ.ഡി.പി യുടെ രൂപവത്കരണം. 

സമുദായത്തിന്റെവക ഒരു സംഘടനയുണ്ടെങ്കിലേ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയൂ, അതിനായി ഒരു ആധ്യാത്മിക പുരുഷന്റെ കീഴിൽ സംഘടന രൂപീകരിക്കണം എന്ന് ഡോക്ടർ പൽപ്പുവിനെ ഉപദേശിച്ചത്, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കേരളം സന്ദർശിച്ചു സ്ഥിതിഗതികൾ മനസിലാക്കിയ സ്വാമി വിവേകാനന്ദനാണ്.

അതനുസരിച്ചു ഡോക്ടർ പൽപ്പു, ശ്രീ നാരായണ ധർമ്മ പരിപാലന സംഘത്തിനു രൂപംകൊടുത്തു. ശ്രീനാരായണഗുരു ആയിരുന്നു സ്ഥാപക പ്രസിഡന്റ്‌. കുമാരൻ ആശാൻ സെക്രട്ടറിയും. കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ സംഭവപരമ്പരകളുടെ തുടക്കമായിരുന്നു എസ് എൻ ഡി പി യുടെ സ്ഥാപനം.

മന്ത്രിയുടെ പദവിക്കു തുല്യമായ ചീഫ് മെഡിക്കൽ ഓഫീസർ ആയിട്ടാണ് ഡോക്ടർ പൽപ്പു വിരമിച്ചത്.

ഈ കോവിഡ്  കാലത്ത് അദ്ദേഹത്തെ ഓർക്കുമ്പോൾ, 1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധയിൽ  സ്വന്തം ജീവൻ പോലും തൃണവൽകരിച്ചുകൊണ്ട് അദ്ദേഹം അതിനെതിരെ പോരാടി. ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു. പ്ലേഗ് ബാധ ആപത്കരമാം വിധം പടരാതെ നിയന്ത്രിക്കാൻ പല്പുവിനും സഹപ്രവർത്തകർക്കും കഴിഞ്ഞു. പ്ലേഗ് ശമിച്ചപ്പോൾ ഇന്ത്യാ സർക്കാരിലെ സർജന്റ് ജെനറലും സാനിട്ടറി കമ്മീഷണറും മൈസൂർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഡോ. പല്പുവിന്റെ ക്യാമ്പുകൾ മറ്റു ക്യാമ്പുകളേ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് അവർ കണ്ടെത്തി

കേരളത്തിൽ ആരംഭിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡോക്ടർ പൽപ്പുവിന്റെ സ്മാരകമായിരിക്കും.