Fri. Apr 26th, 2024
2014-ലിന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമാണ് ഇപ്പോൾ അതിർത്തിയിൽ നടക്കുന്നത്. എന്തുകൊണ്ടാണ് യുദ്ധ സമാനമായ സാഹചര്യം ഇവിടെ ഉടലെടുത്തത്

ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേൽ പട്ടണമായ അഷ്കെലോണിൽ മലയാളി നഴ്സ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശി സൗമ്യ സന്തോഷ് ഉൾപ്പെടെ കൊല്ലപ്പെട്ടതു കേരളം ഞെട്ടലോടെയാണു അറിഞ്ഞത്

2014-ലിന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമാണ് ഇപ്പോൾ അതിർത്തിയിൽ നടക്കുന്നത്. ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അൽ അഖ്സയിലെ ഇസ്രായേൽ പൊലീസിന്റെ നടപടിക്ക് പിന്നാലെയായിരുന്നു സംഘർഷം. മൂന്ന് ദിവസത്തിനിടെ ഇസ്രായേൽ തൊടുത്തത് ആയിരത്തിലധികം റോക്കറ്റുകളാണ്.  ഗാസയിലെ പൊലീസ് ആസ്ഥാനം ഇസ്രയേൽ ആക്രമണത്തിൽ പൂർണമായും തകർന്നു. മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. ഹമാസിന്റെ മുതിർന്ന കമാൻഡർമാരുടെ വീടുകൾക്കും നാശമുണ്ടായി. പലസ്തീൻ വർഷിച്ചത് 210 റോക്കറ്റുകളാണ്. ഇസ്രായേലിലെ വാതക പൈപ്പ് ലൈൻ ആക്രമണത്തിൽ തീഗോളമായി മാറി. തലസ്ഥാനമായ ടെൽ അവീവിനോട് ചേർന്നുള്ള ലോഡ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

എന്തുകൊണ്ടാണ് യുദ്ധ സമാനമായ സാഹചര്യം ഇവിടെ ഉടലെടുത്തത്

അല്‍-അക്‌സ എന്ന അറബ് വാക്കിന് ഏറ്റവും ദൂരെയുള്ള പള്ളി എന്നാണര്‍ത്ഥം.  മുഹമ്മദ് നബി മക്കയില്‍ നിന്ന് ജറുസലേമിലെ അല്‍-അക്‌സയിലേക്ക് യാത്ര ചെയ്തതായി ഇസ്‌ളാം മത വിശ്വാസികള്‍ കരുതുന്നു.

യഹൂദരുടെ പുണ്യസ്ഥലങ്ങളിലൊന്നായ ടെമ്പിള്‍ മൗണ്ടും ഇവിടെത്തന്നെയാണ്. വേദപുസ്തക കാലഘട്ടത്തിലാണ് ഇത് നിര്‍മ്മിച്ചതെന്ന് അവര്‍ വിശ്വസിക്കുന്നു. എ.ഡി 70-ല്‍ റോമാക്കാര്‍ അതിനെ നശിപ്പിച്ചു. ബാക്കി നില്‍ക്കുന്ന മതിലിനെ യഹൂദന്മാര്‍ ആരാധിക്കുന്നു.

ഇസ്രായേലികളും പലസ്തീനിലെ മുസ്ലീങ്ങളും മറ്റ് അറബ് രാജ്യങ്ങളും ഈ വിശുദ്ധ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്നു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള തര്‍ക്കവിഷയങ്ങളില്‍ ഏറ്റവും മുഖ്യമാണിത്.

റംസാന്‍ മാസത്തില്‍ പലസ്തീന്‍ മുസ്ലിങ്ങള്‍ ഒത്തുചേരുന്ന സ്ഥലമാണ് ഡമാസ്‌കസ് ഗേറ്റ് പ്ലാസ. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ജറുസലേമിന്റെ ഭാഗമായ ഡമാസ്‌കസ് ഗേറ്റ് പ്ലാസയില്‍ ആളുകള്‍ വന്‍തോതില്‍ കൂടുന്നത് തടയാന്‍ ഇസ്രായേല്‍ പോലീസ് ഉപരോധം ഏര്‍പ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഏപ്രില്‍ 12 ന് ഏറ്റുമുട്ടലുകളുണ്ടായി.

ഏപ്രില്‍ 16 ന് അതായത് നാല് ദിവസത്തിന് ശേഷം അല്‍-അക്‌സയില്‍ പ്രാര്‍ത്ഥന സമ്മേളനത്തിനായി ഇസ്രായേല്‍ 10,000 പേരുടെ പരിധി ഏര്‍പ്പെടുത്തി. പതിനായിരക്കണക്കിന് പലസ്തീനികള്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് എത്തിയെങ്കിലും  എല്ലാവരെയും ഇസ്രയേല്‍ തിരിച്ചയച്ചു.

അതിനുശേഷം അക്രമം കൂടുതല്‍ രൂക്ഷമായി. മെയ് 7 ന് അല്‍ അക്‌സയില്‍ നടന്ന ഏറ്റുമുട്ടലില്‍ 200 ലധികം പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പലസ്തീനികള്‍ ഷൈഖ് ജാറയില്‍ താമസിക്കുന്ന ജൂത കുടുംബങ്ങളെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. ജൂത കുടിയേറ്റം തുടരുന്ന ഈ മേഖലയില്‍ പലസ്തീന്‍ കുടുംബങ്ങള്‍ രൂക്ഷമായ കുടിയൊഴിപ്പിക്കല്‍ നേരിടുന്നുണ്ട്. ഇതില്‍ പലതും നിയമ നടപടികള്‍ നേരിടുന്നവയുമാണ്.

ഇതിന് പ്രതികാരമായി മെയ് 9 ന്  ഷെയ്ഖ് ജാറയുടെ ഭൂമി ഉടമസ്ഥാവകാശ തര്‍ക്കത്തെക്കുറിച്ചുള്ള നിയമ നടപടികളില്‍  വാദം കേള്‍ക്കുന്നത് മാറ്റിവച്ചതായി ഇസ്രായേല്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ജാറം മേഖലയില്‍ യഹൂദര്‍ക്കായി നിര്‍മ്മിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളുടെ നിര്‍മ്മാണം തുടരുമെന്നും പ്രഖ്യാപിച്ചു

ജറുസലേം നഗരം പിടിച്ചെടുത്തതിന്റെ ഓര്‍മ്മയ്ക്കായി മെയ് 10 ഇസ്രായേലില്‍ ദേശീയ അവധി ദിനമായിരുന്നു. ഏറ്റുമുട്ടല്‍ മുന്നറിയിപ്പു കണക്കിലെടുത്ത് പലസ്തീന്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ജറുസലേം പഴയ നഗരത്തിലൂടെ നടത്താനിരുന്ന മാര്‍ച്ച് ജാഫ ഗേറ്റിലേക്കു വഴി തിരിച്ചു വിട്ടു.

ഇതോടെ പ്രശ്‌നത്തില്‍ പലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് ഇടപെട്ടു.ഗാസ ഭരിക്കുന്ന ഇസ്ലാമിക ഗ്രൂപ്പായ ഹമാസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അല്‍-അക്‌സാ പള്ളിയെ ഇസ്രായേലി ആക്രമണത്തിലും ഭീകരതയിലും നിന്ന് പ്രതിരോധിക്കാന്‍ നടപടിയെടുക്കുകയാണെന്ന് ഗാസയെ നിയന്ത്രിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹമാസ് അറിയിച്ചു. അല്‍ അക്‌സയില്‍ നിന്നും ഷെയ്ഖ് ജാറയില്‍ നിന്നും ഇസ്രായേല്‍ സുരക്ഷാ ഭടന്മാരെ പിന്‍വലിക്കാനുള്ള നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹമാസ് അന്ത്യശാസനവും നല്‍കി. എന്നാല്‍ ഇതു ഇസ്രായേല്‍ കണക്കിലെടുത്തില്ല. ഇതോടെ ഇസ്രയേലിയേക്ക് ഹമാസ് ഗ്രനേഡുകളും റോക്കറ്റുകളും വര്‍ഷിച്ചു.

ഇസ്രയേലിനെതിരെ തുടര്‍ച്ചയായുള്ള റോക്കാക്രമണമാണ് ഹമാസ് നടത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഹമാസ് തൊടുത്തുവിടുന്ന റോക്കറ്റുകളില്‍ ഭൂരിപക്ഷവും തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. വ്യോമാക്രമണത്തില്‍ ഗാസയിലെ 12 നിലകളുള്ള കെട്ടിടമടക്കം തകര്‍ന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ കുട്ടികളടക്കം 35-ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ പ്രതിഷേധക്കാര്‍ നടത്തുന്ന റോക്കറ്റാക്രമണത്തില്‍ അഞ്ചു ഇസ്രയേലുകാരും കൊല്ലപ്പെട്ടു. ഇസ്രയേലില്‍ ജോലി ചെയ്തിരുന്നു ഒരു മലയാളി കെയര്‍ടേക്കറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അവസാനിക്കാത്ത മരണത്തിന്റെ കണക്കുകളുമായി ആകാശയുദ്ധം തുടരുന്നു. വംശീയതയുടെ അധിനിവേശത്തിന്റെയും ഈ യുദ്ധം അവസാനിക്കാത്ത മരണത്തിന്റെ കണക്കുകളുമായി നീളാതെ സമാധാനം എത്രയും വേഗം എത്തിച്ചേരട്ടെ.