Mon. Dec 23rd, 2024
വാഷിങ്ടൻ ഡിസി:

യുഎസ് പ്രസിഡന്റായി ആദ്യദിനം കുടിയേറ്റസൗഹൃദ നടപടികൾക്കു മുൻഗണന ഉറപ്പാക്കി ജോ ബൈഡൻ. കുടിയേറ്റ വ്യവസ്ഥകൾ സമൂലം പുതുക്കിയുള്ള ഇമിഗ്രേഷൻ ബിൽ കോൺഗ്രസിനു വിട്ടതു കൂടാതെ 15 എക്സിക്യൂട്ടീവ് ഉത്തരവുകളിലും 2 നിർദേശങ്ങളിലും ബൈഡൻ ഒപ്പിട്ടു.
മാസ്ക് പ്രോത്സാഹിപ്പിക്കാനുള്ള ‘100 ദിന മാസ്ക് ചാലഞ്ച്’ ആയിരുന്നു ഇവയിൽ ആദ്യത്തേത്.

സർക്കാർ സ്ഥാപനങ്ങളിലും മറ്റും മാസ്ക് നിർബന്ധമാക്കിയുള്ള നിർദേശവും നൽകിയിട്ടുണ്ട്.
കുടിയേറ്റ വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കാനുള്ള ‘യുഎസ് സിറ്റിസൻഷിപ് ആക്ട് 2021’ ആണു കോൺഗ്രസിലേക്ക് അയച്ചിരിക്കുന്നത്. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനു വേണ്ടി കാത്തിരിപ്പുകാലം കുറയ്ക്കാൻ നിർദേശങ്ങൾ ബില്ലിലുണ്ട്.

ഗ്രീൻ കാർഡ് എണ്ണത്തിൽ ഓരോ രാജ്യത്തിനും പരിധി നിശ്ചയിച്ചിട്ടുള്ളത് എടുത്തു കളയും. ഐടി വിദഗ്ധരായ ആയിരക്കണക്കിന് ഇന്ത്യക്കാർ സ്ഥിരതാമസ അനുമതിക്കായി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരുന്ന നിലവിലെ അവസ്ഥയ്ക്കു പരിഹാരമായേക്കാം. എച്ച്‌–1 ബി വീസക്കാരുടെ കുടുംബാംഗങ്ങൾക്കു തൊഴിലനുമതിയും ബില്ലിലെ നിർദേശമാണ്

By Divya