Wed. Nov 6th, 2024
സ്പീക്കര്‍ക്കെതിരെ ഉമ്മര്‍ എംഎല്‍എ പ്രമേയം അവതരിപ്പിക്കുന്നു( Picture Credits: Malayala Manorama)

തിരുവനന്തപുരം:

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി. എം ഉമ്മര്‍ എംഎല്‍എയാണ്  പ്രമേയം അവതരിപ്പിക്കുന്നത്. 20 പേര്‍ പ്രമേയത്തെ പിന്തുണച്ചു. സഭയിലെ ഏക ബിജെപി അംഗമായ ഒ രാജഗോപാല്‍ പ്രമേയത്തെ പിന്തുണച്ചു. ഡോളര്‍ക്കടത്ത് വിവാദത്തിലാണ് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുന്നത്.

പ്രതിപക്ഷ പ്രമേയത്തിന് മുന്നോടിയായി ശ്രീരാമകൃഷ്ണന്‍ ഇരിപ്പിടം മാറി. സഭ നിയന്ത്രിക്കുന്നത് ഡപ്യൂട്ടി സ്പീക്കര്‍ വി ശശിയാണ്.  

സ്പീക്കർക്കെതിരായ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്ത് വന്നു. എന്നാൽ സാങ്കേതിക വാദങ്ങൾ ഉയർത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. നിയമസഭയില്‍ രണ്ട് മണിക്കൂർ ആയിരിക്കും ച‍ർച്ച. 

പ്രമേയം അവതരിപ്പിക്കാന്‍ ആഗ്രഹിച്ചതല്ലെന്നും, സ്പീക്കറെ കൊച്ചാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സ്പീക്കറെ നീക്കല്‍ പ്രമേയത്തില്‍ എം ഉമ്മര്‍ പറഞ്ഞു. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് എംഎൽഎ പറഞ്ഞു.

സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചാണെന്ന് എം ഉമ്മർ എംഎൽഎ പറഞ്ഞു. മാധ്യമവാർത്തകൾക്കെതിരെ സ്പീക്കർ നിയമ നടപടി സ്വീകരിച്ചില്ല. 

സ്റ്റാഫിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സ്പീക്കർ തടയാൻ ശ്രമിച്ചു. നിയമസഭ തീർന്നാൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രമേയം വ്യക്തിപരമോ രാഷ്ട്രീയ പ്രേരിതമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എം ഉമ്മറിനെതിരെ എസ് ശര്‍മ എംഎല്‍എ  രംഗത്തെത്തി എന്‍ഐ എ സംശയിക്കുന്നത് കൊണ്ട് ആരും കുറ്റക്കാരാകുന്നില്ല. ജനുവരി ആറിനാണ് കുറ്റപത്രം വന്നത് എന്നാല്‍, ജനുവരി നാലിന് തന്നെ നോട്ടീസ് നല്‍കി. സഭയുടെ സ്പീക്കറുടെയും പവിത്രത ഇല്ലാതാക്കുന്നതാണ് പ്രതിപക്ഷ പ്രമേയമെന്ന് എസ് ശര്‍മ വിമര്‍ശിച്ചു.

അതിനിടെ എം ഉമ്മർ മന്ത്രി ജിസുധാകരനെതിരെ രംഗത്തുവന്നു. ഇങ്ങോട്ട് കളിയാക്കിയാല്‍ അങ്ങോട്ടും കളിയാക്കും. എപ്പോഴു തലയില്‍ കയറാന്‍ വരേണ്ടെന്നും ഉമ്മര്‍. പ്രമേയം ക്രമപ്രകാരമല്ലെന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം, തന്റെ വാദത്തെ എം ഉമ്മർ കളിയാക്കിയതിനെ മന്ത്രി ജി സുധാകരൻ എതിർത്തു. തലയിൽ കയറാൻ വരണ്ട എന്ന് എംഎൽഎ മറുപടി പറഞ്ഞത് സഭയിൽ ബഹളത്തിന് കാരണമായി.

https://www.youtube.com/watch?v=6kgIVY4QOT8

 

 

 

By Binsha Das

Digital Journalist at Woke Malayalam