കരിപ്പൂർ:
2002ലെ ഹജ്ജ് നിയമത്തിൻറെ ചുവടുപിടിച്ച് ഒടുവിൽ കേരളത്തിലും ഹജ്ജ് ചട്ടം തയാറാക്കുന്നു. കേന്ദ്രം
നിയമം പാസാക്കി 18 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഹജ്ജ് കമ്മിറ്റി നിയമത്തിന് ചട്ടം
തയാറാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇതിനോടകം ചട്ടങ്ങൾ തയാറാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങൾ ചട്ടം നിർമിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിയമത്തിലുണ്ട്. 2002ലെ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി നിയമത്തിൻറെ ഭാഗമായുള്ള ചട്ടങ്ങൾ കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി മുൻ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അബൂബക്കർ ചെങ്ങാട്ടിലിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഇദ്ദേഹം 1999 മുതൽ 2013വരെ ഹജ്ജുമായി ബന്ധപ്പെട്ട വിവിധ തസ്തികകൾ വഹിച്ചിട്ടുണ്ട്.