Sun. Dec 22nd, 2024
വാഷിങ്​ടൺ:

അമേരിക്കയുടെ 46ാം പ്രസിഡന്‍റായി അധികാരമേറ്റ ജോ ബൈഡൻ ഒന്നാം നാൾ തിരുത്തിയത്​ 15 ട്രംപ്​തീരുമാനങ്ങൾ. ഏഴു മുസ്​ലിം രാജ്യങ്ങളിൽനിന്ന്​ അമേരിക്കയിലേക്ക്​ യാത്ര വിലക്കി 2017ൽ നടപ്പാക്കിയ നിയമനിർമാണമാണ്​ അതിലൊന്ന്​. ഇനിയും കളയാൻ സമയം ബാക്കിയില്ലെന്നു പ്രഖ്യാപിച്ചായിരുന്നു നടപടി.

‘മുസ്​ലിം വിലക്കി’ന്​ പ്രസിഡന്‍റ്​ അന്ത്യം കുറിച്ചിരിക്കുന്നു- ഒരു മതത്തോട്​ കടുത്ത വൈരവും വെറുപ്പും നിറഞ്ഞതായിരുന്നു ആ തീരുമാനം”- ബൈഡന്‍റെ വൈറ്റ്​ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ പെസ്​കി പറഞ്ഞു.​അമേരിക്കയിലെ മുസ്​ലിം സമൂഹത്തിന്​ ഏറെ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം. ഏഷ്യയിലെയും ആഫ്രിക്കയിലെയും മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങൾക്കായിരുന്നു നേരത്തെ ഡോണൾഡ്​ ട്രംപ്​ യാത്ര വിലക്ക്​ പ്രഖ്യാപിച്ചത്​.
ഇവിടങ്ങളിൽനിന്ന്​ യു എസിലേക്ക്​ യാത്ര ഇതോടെ മുടങ്ങിയിരുന്നു. ബൈഡന്‍റെ പുതിയ ഉത്തരവിന്​ പിന്നാലെ ഈ രാജ്യങ്ങളിൽനിന്ന്​ യാത്ര പുനരാരംഭിക്കാൻ വിസ നടപടികൾക്ക്​ തുടക്കം കുറിക്കാനും നിർദേശം നൽകി. ഇറാൻ, ലിബിയ, സോമാലിയ, ഇറാഖ്​, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ്​ ട്രംപ്​ വിലക്കേർ​പ്പെടുത്തിയിരുന്നത്​.

By Divya