മനാമ:
അമേരിക്കയുമായുള്ള സഹകരണം മേഖലയിൽ സമാധാനം പുലരാൻ കാരണമാകുമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനയച്ച പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയുടെയും ലോകത്തിൻ്റെയും സമാധാനത്തിന് കൂടുതൽ ഫലവത്തായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
ഹമദ് രാജാവിന് സുപ്രീം കമാൻഡർ പദവിയുള്ള അവാർഡ് നൽകിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചാണ് അദ്ദേഹം കത്തയച്ചത്. ബഹ്റൈനും അമേരിക്കയും തമ്മിലെ ബന്ധം ശക്തമാക്കാൻ കഴിഞ്ഞ കാലയളവിൽ സാധിച്ചതായി അദ്ദേഹം വിലയിരുത്തുകയും വരുംകാലങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.
ലോകം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാൻ കഴിയേണ്ടതുണ്ട്. സംഘട്ടനത്തിൻ്റെ സാഹചര്യങ്ങൾ ഒഴിവാക്കി സമാധാനത്തിൻ്റെയും സൗഹൃദത്തിൻ്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിൽ ബഹ്റൈൻ മുന്നിലുണ്ടാവുമെന്നും ഹമദ് രാജാവ് തൻ്റെയും കൃതജ്ഞത സന്ദേശത്തിൽ കൂട്ടിച്ചേർത്തു.