Fri. Apr 26th, 2024
ബ്രിസ്ബയിൻ

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. 328 റൺസ് ആയിരുന്നു വിജയലക്ഷ്യം. ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 21 വിക്കറ്റുമായി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. 33 വർഷത്തിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ബ്രിസ്ബേനിൽ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത്.

328 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 18 റൺസെത്തിയപ്പോളേക്കും രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. 7 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ശുഭ്മാൻ ഗില്ലും, ചേതേശ്വർ പുജാരയും ചേർന്ന് പിന്നീട് ഓസീസ് ബോളിംഗിനെ തളർത്തുന്ന കാഴ്ചയാണ് ഗാബയിൽ കണ്ടത്.‌ ഗിൽ തകർപ്പൻ ഫോമിലായിരുന്നു. പേരുകേട്ട ഓസീസ് ബോളിംഗിനെ അനായാസം നേരിട്ട താരം, 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 91 റൺസ് നേടിയാണ് പുറത്തായത്.

പിന്നീട് ക്രീസിൽ ഒത്തുചേർന്ന പൂജാരയും പന്തും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. നാലാം വിക്കറ്റിൽ രുവരും ചേർന്ന് 61 റൺസാണ് സ്കോർ ബോർഡിലെത്തിച്ചത്. ഇതിനിടെ പൂജാര കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയുടെ റെക്കോർഡ് ഒരി‍ക്കൽക്കൂടി തിരുത്തി.വിരാട് കോലിയടക്കമുള്ള വമ്പന്‍ താരങ്ങളില്ലാതിരുന്നിട്ടും പരിക്കും വംശീയാധിക്രമണങ്ങളും ഓസീസ് വമ്പും പൊരുതിത്തോല്‍പിച്ച് ചരിത്രം കുറിക്കുകയായിരുന്നു ടീം ഇന്ത്യ.

https://youtu.be/WKTfySJa7Qs