കുവൈത്ത് സിറ്റി:
കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ റിക്രൂട്ട്മെൻറ് ഓഫിസുകൾ 990 ദീനാർ
മാത്രമേ ഈടാക്കാവൂ എന്ന് വാണിജ്യ മന്ത്രാലയവും മാൻപവർ അതോറിറ്റിയും വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ റിക്രൂട്ട്മെൻറ് ഓഫിസുകൾ അമിത ഫീസ് ഈടാക്കുന്നതായി സ്വദേശികളിൽനിന്ന് നിരവധി പരാതി ഉയർന്നിരുന്നു. അമിത നിരക്ക് ഈടാക്കുന്നുണ്ടെങ്കിൽ വാണിജ്യ മന്ത്രാലയത്തിെൻറ 135 എന്ന ഹോട്ട്ലൈൻ നമ്പറിലോ domestic.workers@manpowe.gov.kw എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അതിനിടെ ക്വാറൻറീൻ, പി സി ആർ പരിശോധന, ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്, വിദേശ രാജ്യങ്ങളിൽ നൽകേണ്ട റിക്രൂട്ട്മെൻറ് ഫീസ് വർധന തുടങ്ങി ചെലവുകൾ വർധിച്ചതിനാൽ 990 ദീനാറിന് റിക്രൂട്ട്മെൻറ് സാധ്യമല്ലെന്നാണ് റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ നിലപാട്. 1400 മുതൽ 1500 ദീനാർ വരെയായി നിരക്ക് ഉയർത്തണമെന്നാണ് അവരുടെ ആവശ്യം. കൊവിഡ് പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് വരുന്നതിനു മുമ്പ് തൊഴിലാളികൾക്ക് വിദേശത്ത് പരിശീലനം നൽകുന്നുണ്ട്.
ഇതിനുള്ള ചെലവും കണ്ടെത്തേണ്ടിയിരിക്കുന്നു. കൊവിഡ് കാലത്ത് നിർത്തിവെച്ച റിക്രൂട്ട്മെൻറ് പുനരാരംഭിച്ചിട്ടുണ്ട്. വീണ്ടും ആരംഭിക്കുേമ്പാൾ കമ്പനികൾ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.