കൊച്ചി:
ഫാ. പോൾ തേലക്കാട്ടിനെതിരെ അച്ചടക്കനടപടിക്ക് സിറോ മലബാർ സഭ ഒരുങ്ങുന്നു. ഭൂമിവിൽപന സംബന്ധിച്ച വ്യാജരേഖ കേസ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന രീതിയിൽ ‘സത്യദീപ’ത്തിലെ ലേഖനം എന്നിവയുടെ പേരിലാണ് അച്ചടക്കനടപടിക്ക് ഒരുങ്ങുന്നത്.
മരിച്ച് അഞ്ചു വർഷങ്ങൾ കഴിയാതെ നാമകരണ നടപടികൾ തുടങ്ങരുത് എന്ന നിയമം പോലും മറികടന്നാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നും ഫാ. പോൾ തേലക്കാട്ട് വിമർശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി. ഈ സാഹചര്യത്തിലാണ് വിഷയം സിനഡ് ചർച്ച ചെയ്തത്.
സഭാ നേതൃത്വത്തിനും പ്രബോധനങ്ങൾക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്ക ലംഘനങ്ങൾക്കെതിരെ സഭാനിയമം അനുശാസിക്കുന്ന അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട രൂപതാധ്യക്ഷന്മാർക്ക് നിർദേശം നൽകുകയും ചെയ്തു.
ഇതു പ്രകാരം സത്യദീപത്തിന്റെയും ഫാ. പോൾ തേലക്കാട്ടിന്റെയും അച്ചടക്കലംഘനങ്ങൾക്കും സഭാവിരുദ്ധ പ്രബോധനങ്ങൾക്കുമെതിരെ നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലിനാണ്.
സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിൽ മൂന്ന് വൈദികർ അടക്കം നാല് പേരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചതും സിനഡിൽ ചർച്ചയായി.
https://www.youtube.com/watch?v=y4xHEcr_7ms