Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ആമസോണ്‍ പ്രൈം വെബ്‌സീരിസ് താണ്ഡവ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകപ്രചാരണമാണd ബിജെപി നടത്തുന്നത്.

സെയ്ഫ് അലി ഖാന്‍ നായകനായെത്തിയ ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് വാര്‍ത്താ പ്രക്ഷേപണമന്ത്രിക്ക് ബി.ജെ.പി പരാതി നല്‍കിയിരുന്നത്. താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

ബിജെപി നടത്തുന്ന നീക്കത്തിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സിരീസിനെതിരെ ബിജെപിയുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ നിന്ന് വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രെെം മേധാവിക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്നലെ ഉച്ചവരെ വിഷയത്തില്‍ കേന്ദ്രം പ്രതകരിച്ചിരുന്നില്ല.

ഇന്ത്യൻ രാഷ്ട്രീയവും, സമകാലിക സാമൂഹിക അവസ്ഥയും പ്രമേയമാക്കിയുള്ളതാണ് വെബ്സീരിസ്. സംവിധായകൻ അലി അബ്ബാസ് സഫർ, പ്രധാനകഥാപാത്രം അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാന്‍, ആമസോണ്‍ പ്രെെം വീഡിയോ ഡയറക്ടര്‍ എന്നിവര്‍ക്കെതിരെയായിരുന്നു മഹാരാഷ്ട്രയിലെ ബിജെപി എം‌എൽ‌എ രാം കദം   കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രിക്ക് പരാതി നവല്‍കിയിരിക്കുന്നത്.

https://www.youtube.com/watch?v=XaNwAvLkKCs

ഭഗവാൻ പരമശിവനെ അവഹേളിക്കുന്ന രീതിയിൽ ത്രിശൂലവും ,ഡമരുവും പോലും സംവിധായകൻ അലി അബ്ബാസ്​ സഫർ സീരിസിൽ ഉപയോഗിച്ചിരുന്നു എന്നായിരുന്നു ആക്ഷേപം.

താണ്ഡവ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കൊട്ടകും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനു കത്തെഴുതിയിരുന്നു. ഹിന്ദു ദൈവങ്ങളെ മനഃപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തെന്നു കൊട്ടക് ആരോപിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സെൻസർഷിപ്പിന്റെ അഭാവമുള്ളതിനാൽ ഹിന്ദു വികാരങ്ങൾ ആവർത്തിച്ച് ആക്രമിക്കപ്പെടുകയാണെന്നും ബിജെപി പറയുന്നു .

ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്ന വെബ് സിരീസിനെതിരെ ഭാരതീയ അഖാര പരിഷത്തും രംഗത്ത് വന്നു . താണ്ഡവ് നിരോധിച്ച് വിശ്വാസികളോട് മാപ്പ് പറഞ്ഞില്ലെങ്കിൽ നാഗസന്യാസികൾക്കൊപ്പം മുംബൈയിലെ സിനിമാ പ്രവർത്തകരുടെ വീട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഖാര പരിഷത്ത് മുന്നറിയിപ്പ് നൽകിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam