തിരുവനന്തപുരം:പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ മറ്റന്നാൾ തുറക്കും. നടൻ വിജയുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ അനുകൂലനിലപാട് എടുത്തതോടെയാണ് തീരുമാനം.പാതി സീറ്റിൽ മാത്രം ആളെ ഇരുത്തി,കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ബുധനാഴ്ച മുതൽ തിയേറ്ററുകളിൽ പ്രദർശനം. മാർച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി നിശ്ചിത ഫീസിൽ 50 ശതമാനം ഇളവ്, ലൈസൻസ് പുതുക്കേണ്ട കാലാവധിയും മാർച്ച് വരെ നീട്ടി. സിനിമ സംഘടനകൾ ഏറെ നാളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങൾക്ക് ചർച്ചയിൽ മുഖ്യമന്ത്രി സമ്മതം പറഞ്ഞതോടെ തിയേറ്ററുകൾ തുറക്കാൻ വഴിയൊരുങ്ങുകയായിരുന്നു. മാസ്റ്ററിന് ശേഷം മലയാള സിനിമകൾ മുൻഗണന ക്രമത്തിൽ റിലീസ് ചെയ്യും.