Mon. Dec 23rd, 2024

വാഷിങ്ടൻ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുമെന്നു സ്പീക്കർ നാൻസി പെലോസി അറിയിച്ചു. 10 ദിവസം കൂടി കഴിഞ്ഞാൽ ട്രംപ് അധികാരമൊഴിയുമെങ്കിലും കാപ്പിറ്റോൾ മന്ദിരത്തിലെ ട്രംപ് അനുയായികളുടെ തേർവാഴ്ച വൻ രോഷത്തിനു ഇടയാക്കിയ സാഹചര്യത്തിലാണു ഡമോക്രാറ്റുകളുടെ നീക്കം. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്നാണ് ആരോപണം.
അധികാരദുർവിനിയോഗത്തിന്റെ പേരിൽ 2019 ഡിസംബറിൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും 2020 ഫെബ്രുവരിയിൽ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജനപ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്കാണു ഭൂരിപക്ഷമെങ്കിലും 100 അംഗ സെനറ്റിൽ ഇരുകക്ഷികളും തുല്യനിലയിലാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷം (66) ലഭിച്ചാലേ കുറ്റവിചാരണ വിജയിക്കൂ. കാപ്പിറ്റോൾ അതിക്രമത്തിൽ ക്ഷുഭിതരായ ഒട്ടേറെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഇത്തവണ ഇംപീച്ച്മെന്റിനെ അനുകൂലിക്കുമെന്നാണു ഡമോക്രാറ്റുകളുടെ കണക്കുകൂട്ടൽ.

By Divya