Wed. Jan 22nd, 2025

കോട്ടയം: എംപി സ്ഥാനം രാജിവെച്ചത് രാഷ്ട്രീധാർമ്മികത കണക്കിലെടുത്തെന്ന് ജോസ് കെ മാണി. യുഡിഎഫിൽ ചേർന്ന് പ്രവ‍ർത്തിക്കുമ്പോൾ ലഭിച്ച സ്ഥാനം രാജിവയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നും ഇത് വൈകിയത് സാങ്കേതിക കാരണങ്ങൾ മൂലമാണെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും ജോസ് വ്യക്തമാക്കി. ഇടത് മുന്നണിയിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയിട്ട് പോലുമില്ലെന്നുംഅതിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും കേരള കോൺഗ്രസ് നേതാവ് പറഞ്ഞു. എൻസിപി വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഒരു പാർട്ടിയും മുന്നണി വിട്ട് പോകേണ്ടി വരരുതെന്നാണ് ആഗ്രഹമെന്നും ജോസ് വ്യക്തമാക്കി. ഇതിലും വലിയ പ്രതിസന്ധികൾ സിപിഎം നേതൃത്വം നൽകുന്ന മുന്നണി പരിഹരിച്ചിട്ടുണ്ടെന്നും നിലവിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് ഉറച്ച വിശ്വാസമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

By Divya