കുവൈത്ത് സിറ്റി: സ്‍ത്രീകള്‍ക്ക് നിയമവിരുദ്ധമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്‍ത ഫാര്‍മസിസ്റ്റിനെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന അറബ് പൗരനാണ് അറസ്റ്റിലായത്. നിയമവിരുദ്ധമായി മരുന്നുകള്‍ നല്‍കുന്നതിന് പകരമായി, സ്‍ത്രീകള്‍ തന്റെ ഫ്ലാറ്റിലെത്തണമെന്നും നിര്‍ദേശങ്ങള്‍ക്കു വഴങ്ങണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.
വിതരണത്തിന് കടുത്ത നിയന്ത്രണമുള്ള ഈ മരുന്നുകള്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ഇയാള്‍ നിയമവിരുദ്ധമായി കടത്തിയത്. ഡോക്ടര്‍മാരില്‍ നിന്ന് ആവശ്യമായ അളവിലുള്ള മരുന്നിന്റെ കുറിപ്പടികള്‍ ഇയാള്‍ സ്വന്തമാക്കിയാണ് പിടിക്കപ്പെടാതെ രക്ഷപ്പെട്ടിരുന്നത്. ഒരു വനിതാ പൊലീസ് ഏജന്റ് വേഷംമാറിയെത്തിയാണ് ഇയാളെ കൈയോടെ പിടികൂടിയത്.
