Sun. Dec 22nd, 2024
കുമ്പസാരത്തിന്റെ ദുരുപയോഗം: യുവതികള്‍ സുപ്രീംകോടതിയില്‍
ന്യൂ ഡൽഹി

നിര്‍ബന്ധിത കുമ്പസാരം വേണമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ അഞ്ച് യുവതികള്‍ സുപ്രീം കോടതിയെ സമീപിച്ചു. എറണാകുളം സ്വദേശിനികള്‍ ആയ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനീ മാത്യു എന്നിവരാണ് നിര്‍ബന്ധിത കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.

നിര്‍ബന്ധിത കുമ്പസാരം മത വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണോ എന്നും, സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആണോയെന്നും കോടതി പരിശോധിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു. ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

നിര്‍ബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന വിഷയങ്ങള്‍ വ്യക്തിപരവും ഒറ്റപ്പെട്ടതും ആകാം എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ആണ് ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാന്‍ അനുവദിക്കണം എന്ന ഹര്‍ജിക്കാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചത്.

ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934 ലെ സഭ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തോഡോക്‌സ് സഭാ അംഗങ്ങള്‍ ആയ മാത്യു ടി. മാത്തച്ചന്‍, സി.വി. ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു.

https://youtu.be/CVIeQ3MzBEQ