കൊച്ചി
എറണാകുളം നഗരത്തിന്‍റെ വ്യാവസായികഭൂമികയാണ് കളമശേരി. മുന്‍പ് കാടും കുന്നുമായിരുന്ന സ്ഥലം ഇപ്പോള്‍ വ്യവസായശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമായി വെട്ടിത്തെളിച്ച് കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ്. എന്നാല്‍ ഊഷരമായ നഗരനിര്‍മിതിക്കിടിയില്‍ ആര്‍ക്കോ പറ്റിയ കൈത്തെറ്റു പോലെ അല്‍പ്പം പച്ചപ്പ് കൈമോശം വരാതെ മറഞ്ഞു നില്‍ക്കുന്നതായി കാണാം. കളമശേരി എച്ച് എം ടി ഭൂമിയിലുള്ള ചെറുവനപ്രദേശം സ്വാഭാവിക പക്ഷിസങ്കേതവും ജൈവവൈവിധ്യപ്രദേശവുമായി വികസിച്ചു വന്നിരിക്കുകയാണ് ഇപ്പോള്‍.
സംസ്ഥാനത്തിന്‍റെ വ്യാവസായികതലസ്ഥാനമായ ആലുവയില്‍ നിന്ന് എറണാകുളം നഗരത്തിലേക്ക് പോകുന്ന വഴിയില്‍ ദേശീയപാത 544നു സമീപം എറണാകുളം മെഡിക്കല്‍ കോളെജിലേക്കു തിരിയുന്നയിടത്താണ് ഈ കാട് സ്ഥിതി ചെയ്യുന്നത്. കാട് എന്നു പറയുമ്പോള്‍ ക്ഷുദ്രജീവികളോ വന്യമൃഗങ്ങളോ ഉള്ള മരങ്ങള്‍ ഇടതൂര്‍ന്ന സ്ഥലമല്ലിത്. എന്നാല്‍ അടിക്കാടുകളും വെളിമ്പ്രദേശങ്ങളും ഉള്ള ഏകദേശം നൂറ് ഏക്കര്‍ പ്രദേശത്ത് വില പിടിപ്പുള്ള അപൂര്‍വ്വയിനത്തില്‍പ്പെട്ടതുമായ നിരവധി മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. അമൂർ ഫാൽക്കൺ വിഭാഗത്തിൽപ്പെട്ട പക്ഷികളെയും റെഡ‌് നെക്ക‌്ഡ‌് ഫാൽക്കൺ തുടങ്ങി അപൂർവമായി കണാറുള്ള ഇനങ്ങളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
എച്ച്എംടി കമ്പനിയുടെ വികസനത്തിനായി സര്‍ക്കാര്‍ വിട്ടു നല്‍കിയ സ്ഥലത്ത് ഉയര്‍ന്നു വന്ന സ്വാഭാവിക വനമാണിത്. 1953ലാണ് 300 ഏക്കര്‍ സ്ഥലം കേന്ദ്രസര്‍ക്കാര്‍ എച്ച്എംടി കമ്പനിക്കായി ഏറ്റെടുത്ത്. ഫലഭൂയിഷ്ഠമായ ചെങ്കല്‍പ്രദേശമായിരുന്ന ഇവിടെ നെല്‍ക്കൃഷിക്കൊപ്പം കശുമാവും പ്ലാവുമടക്കമുള്ള ഫലവൃക്ഷങ്ങളും വളരുമായിരുന്നു. എച്ച് എംടി കമ്പനിക്കൊപ്പം ക്വാര്‍ട്ടേഴ്സും സ്കൂളുമടങ്ങുന്ന വലിയൊരു ടൗണ്‍ഷിപ്പ് ആണ് ആദ്യം ഉയര്‍ന്നത്. കാലക്രമത്തില്‍ മറ്റനേകം സ്ഥാപനങ്ങളുമുയര്‍ന്നു വന്നു. മിച്ചം വന്ന പ്രദേശമാണ് വനമായി രൂപപ്പെട്ടത്.
എന്നാല്‍ എച്ച് എം ടി വനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത നഗരവാസികളറിയാതെ തന്നെ വലിയൊരു പക്ഷിസങ്കേതമായി ഇത് മാറിയിരിക്കുന്നുവെന്നതാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നിരവധി കിളികളുടെ ഹബ്ബ് ആയിട്ടുണ്ട് ഇത്. വംശനാശം നേരിടുന്ന ദേശാടനപ്പക്ഷിയായ കിന്നരി പ്രാപ്പരുന്ത് (ബ്ലാക് ബസ) മുതല്‍ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സെര്‍വേഷന്‍ ഓഫ് നേച്ചര്‍ സംരക്ഷിത പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഈജിപ്ഷ്യന്‍ കഴുകന്‍ വരെയുള്ള 207 ഇനം പക്ഷികളെയാണ് ഇവിടെ ഒരു ദശകത്തിനിടെ കണ്ടെത്തിയിരിക്കുന്നത്. അപൂർവ്വമായി മാത്രം കാണാറുള്ള കാട്ടു രാച്ചുക്ക് (ജംഗിള്‍ നൈറ്റ്ജാര്‍), നാകമോഹന്‍ (പാരഡൈസ് ഫ്ലൈക്യാച്ചര്‍), പനങ്കാക്ക (ഇന്ത്യന്‍ റോളര്‍), നാട്ടു വേലിത്തത്ത (ബീ ഈറ്റര്‍), അയോറ (ഏഗിത്തിന ടിഫിയ), ചെമ്പുകുട്ടി (കോപ്പര്‍ സ്മിത്ത് ബാര്‍ബറ്റ്), ബുഷ് ലാര്‍ക്ക്, മണ്ണാത്തിപ്പുള്ള് ( ഇന്ത്യന്‍ റോബിന്‍) എന്നിവയെല്ലാം ഇവിടെ കൂടുകെട്ടി താമസിക്കുന്നു.
ഇതു കൂടാതെ വംശനാശഭീഷണി നേരിടുന്ന വംശനാശഭീഷണി നേരിടുന്ന
സംഭവിക്കാവുന്നവയായ ചേരക്കോഴി ( ഒറിയെന്‍റല്‍ ഡാര്‍ട്ടര്‍),
വർണ്ണക്കൊക്ക് (പെയ്ന്‍റഡ് സ്റ്റോര്‍ക്ക്) എന്നിവയും
13 ഇനം പരുന്ത് വർഗ്ഗക്കാരെയും നാലിനം രാച്ചുക്കുകളെയും
അഞ്ചിനം മൂങ്ങകളെയും ഈ പ്രദേശത്തുനിന്ന് കണ്ടെത്താനായിട്ടുണ്ട്. വന്‍മരങ്ങളും വള്ളികളും കുറ്റിച്ചെടികളും ഇഷ്ടപ്പെടുന്നവയാണിവ. കൂടാതെ ജലസാമീപ്യം ഇഷ്ടപ്പെടുന്ന 58 ഇനം പക്ഷികളെയും ഇവിടെ കാണാനായിട്ടുണ്ട്. വിശാലമായി കിടക്കുന്ന വയൽപ്രദേശം ജലപക്ഷികൾക്കും ജലസാമീപ്യം ഇഷ്ടപ്പെടുന്ന പക്ഷികൾക്കും പ്രിയപ്പെട്ടതാകുന്നു. പ്രദേശത്തുള്ള കുളങ്ങൾ കാടിന്റെ ആവാസവ്യവസ്ഥയ്ക്ക് പൂർണ്ണത നൽകുന്നു. അതേസമയം നൂറിലധികം വരുന്ന ദേശാടനക്കിളികള്‍ക്ക് ഇവിടെ കൂടില്ല. ഹിമാലയം കടന്നു വരുന്ന കിന്നരി പ്രാപ്പരുന്ത് പോലുള്ളവയുടെ റൂട്ട് വേറെയാണ്. ധ്രുവപ്രദേശത്തു നിന്നു വരുന്ന അവ സൈബീരിയ, മംഗോളിയ എന്നിവ കടന്നാണ് ഇവിടെയെത്തുന്നത്. സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിനടുത്തെ ചതുപ്പില്‍ ഇവ അധിവസിക്കുന്നു.
മുന്‍പ് എല്ലാവരാലും അവഗണിക്കപ്പെട്ടിരുന്ന ഇവിടേക്ക് 2012 മുതലാണ് പ്രകൃതി സ്നേഹികളും പക്ഷിനിരീക്ഷകരും കൂടുതലായി എത്താന്‍ തുടങ്ങിയതായി രേഖകളുള്ളതെന്ന് പക്ഷിനിരീക്ഷകനും പ്രദേശവാസിയുമായ പോളി കളമശേരി പറയുന്നു.
പോളി കളമശേരി, പക്ഷി നിരീക്ഷകന്‍
”2012 മുതലാണ് പക്ഷികളുടെ പേരുകള്‍ രേഖപ്പെടുത്താനും സെന്‍സസിനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. അതിനും നാലഞ്ചു വര്‍ഷം മുമ്പെങ്കിലും ആളുകള്‍ എത്തിത്തുടങ്ങിയിരിക്കണം. ആദ്യം സംസ്ഥാനത്തിനകത്തും പുറത്തും പക്ഷിനിരീക്ഷണം നടത്തിയിരുന്ന ഷാജഹാന്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ടാണ് പക്ഷിനിരീക്ഷണം തുടങ്ങിയത്. ആ സമയത്ത് തന്നെ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ ആലുവ സ്വദേശി പ്രേം ചന്ദും എത്തുമായിരുന്നു. വളരെ സജീവമായി പക്ഷിനിരീക്ഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. പക്ഷിനിരീക്ഷണത്തില്‍ തത്പരരായ സുഹൃത്തുക്കളുമായി എത്തുമായിരുന്നു. ഹോബിയെന്നതിനേക്കാള്‍ മാനസികമായി പ്രകൃതിയോടും പക്ഷികളോടും അടുത്ത വ്യക്തികളായിരുന്നു അത്. പിന്നീട് അതിന് ഒരു രാജ്യാന്തര വേദിയൊരുക്കാനും കഴിഞ്ഞു. കോര്‍നെയില്‍ സര്‍വ്വകലാശാലയുടെ ഇ – ബേര്‍ഡ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാണുന്ന പക്ഷികളെ രേഖപ്പെടുത്താന്‍ തുടങ്ങി. ഒരു പ്രദേശത്ത് എത്ര കിളികളുണ്ട്, ഇന്ന പക്ഷിയ ആദ്യം കണ്ടതാര്, അവസാനം കണ്ടതാര് എന്നൊക്കെ രേഖപ്പെടുത്തിയിരിക്കും. ഇന്നിത് വലിയ വിശ്വാസ്യതയും ഉത്തരവാദിത്തമരുളുന്നതുമായ ഒരു രേഖയായി മാറിയിരിക്കുന്നു”
അനുദിനം അന്തരീക്ഷ മലിനീകരണം കൊച്ചി നഗരത്തിന്‍റെ ശ്വാസകോശമായി കണ്ടിരുന്നത് ഹൈക്കോടതിക്കു തൊട്ടു സ്ഥിതി ചെയ്യുന്ന മംഗളവനമായിരുന്നു. ദേശാടനപക്ഷികളുടെ സങ്കേതം കൂടിയായിരുന്ന കണ്ടല്‍ പ്രദേശം ഇന്ന് അതിന്‍റെ പ്രഭാവം നശിച്ച സ്ഥിതിയിലാണ്. ഇവിടെ വരുന്ന പക്ഷികളുടെ പ്രധാന ആകര്‍ഷണം ചതുപ്പില്‍ വളരുന്ന കായല്‍ മത്സ്യങ്ങളും ഞണ്ടും പ്രാണികളുമായിരുന്നു. എന്നാല്‍ കാലാവസ്ഥാവ്യതിയാനത്തിന്‍റെ ഭാഗമായ വെള്ളപ്പൊക്കങ്ങളും വേലിയേറ്റവും ഇവിടത്തെ ആവാസവ്യവസ്ഥിതിയെ കഴിഞ്ഞ കാലങ്ങളില്‍ താറുമാറാക്കിയത് ദേശാടനപക്ഷികളുടെ വരവ് ഏറെക്കുറെ നിലയ്ക്കുന്ന സ്ഥിതിയിലെത്തിച്ചു. മംഗളവനത്തില്‍ കണ്ടെത്തിയിട്ടുള്ളത് 85 ഇനം പക്ഷികളെയാണെന്നോര്‍ക്കണം.
മംഗളവനത്തിനടുത്തു സ്ഥിതി ചെയ്യുന്ന വല്ലാര്‍പാടം ദ്വീപിലെ വിമലവനവും കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയുടെ ഭാഗമായി നശിപ്പിക്കപ്പെട്ടതോടെ നഗരഹൃദയത്തിലെ അത്തരം പച്ചത്തുരുത്തുകള്‍ പാടേ അപ്രത്യക്ഷമായി. അതേസമയം, കാലാവസ്ഥാവ്യതിയാനത്തിന്‍റെ ഭാഗമായി ദേശാടനപ്പക്ഷികളുടെ പാതയിലും മാറ്റമുണ്ടായി. ഇവ മംഗളവനം വിട്ട് അടുത്തുള്ള കടമക്കുടി, വൈപ്പിന്‍ ദ്വീപുകളിലേക്ക് വരവായി. വിശാലമായ പൊക്കാളിപ്പാടങ്ങളാണ് ഇവിടങ്ങളിലെ പ്രധാന ആകര്‍ഷണം. പ്രാദേശികമായി കാണുന്ന പക്ഷികള്‍ക്കൊപ്പം ദേശാടനക്കിളികളായ രാജഹംസം പോലുള്ള പക്ഷികള്‍ എത്തുന്നു. എന്നാല്‍, ഇവയെല്ലാം നഗരപ്രാന്തപ്രദേശങ്ങളാണ്. കൊച്ചി നഗരത്തിലാകട്ടെ നാള്‍ക്കുനാള്‍ ഉയരുന്ന താപനിലയാലും അന്തരീക്ഷമലിനീകരണത്താലും ജനജീവിതം ദുസ്സഹമായി വരുന്നു. ഈയൊരു സാഹചര്യത്തിലാണ് നഗരഹൃദയത്തിലുള്ള എച്ച് എം ടി വനം പ്രസക്തമാകുന്നത്.
എഫ്എസിടിയില്‍ നിന്ന് പ്രോജക്റ്റ്സ് ആന്‍ഡ് പ്ലാനിംഗ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആയി വിരമിച്ച പി ഒ പോള്‍ എന്ന പോളി കളമശേരി നേരത്തേ തന്നെ പക്ഷികളില്‍ താത്പര്യമുള്ളതിനാല്‍ ഈ രംഗത്തേക്ക് എത്തിച്ചേരുകയായിരുന്നു. ”വീട് അടുത്തായതിനാല്‍ പോകുമ്പോഴും വരുമ്പോഴും ഇവിടെ വന്നു നോക്കുമായിരുന്നു. കിളികളുടെ കളകൂചനങ്ങള്‍ ആസ്വദിച്ച് നില്‍ക്കും, പിന്നീട് വനപ്രദേശത്തിനുള്ളില്‍ കടക്കും. ആദ്യമായി ഒരു പക്ഷിയെ കണ്ടെത്തുന്നതിന് ലൈഫ് എന്നാണു പറയുക. ഒരു ലൈഫെടുത്തു കഴിഞ്ഞാല്‍ പിന്നെ അതൊരു ത്രില്ലാണ്. പലപ്പോഴും പക്ഷികള്‍ക്കൊപ്പം ഇവിടത്തെ മരങ്ങളുടെയും സംരക്ഷരായി പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ കാട്ടില്‍ കയറിയപ്പോള്‍ കൂറ്റനൊരു പാലമരം നിന്നു കത്തുകയാണ്. വൈദ്യുതി വയര്‍ കൊണ്ടു വന്നിട്ട് കരിച്ച് അതില്‍ നിന്നു ചെമ്പുകമ്പിയെടുക്കുന്ന ചിലരുടെ താവളമാണിത്. അങ്ങനെ കത്തിച്ചിട്ട തീ ആളിപ്പടരുകയായിരുന്നു. അവിടെ എത്തിയ തങ്ങള്‍ അത് കെടുത്താന്‍ പലമാര്‍ഗങ്ങളും നോക്കി, കാറ്റു പിടിച്ച് കാട്ടുതീയാകാതിരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു. എച്ച് എം ടി ഓഫിസില്‍ അറിയിച്ചെങ്കിലും അവര്‍ നിരുത്തരവാദപരമായാണ് പെരുമാറിയത്. അന്ന് ഭാഗ്യത്തിനാണ് തീ പിടിക്കാതിരുന്നത്” അദ്ദേഹം ഓര്‍ക്കുന്നു.
സംസ്ഥാനത്ത് ആകെ ഒമ്പത് പക്ഷിസങ്കേതങ്ങളാണുള്ളത്. പക്ഷികളുടെ അഭയകേന്ദ്രമായി മാറിയ നഗരത്തിരക്കില്‍ നിന്നു മാറി നില്‍ക്കുന്ന ഉള്‍നാടന്‍ ജലാശയങ്ങളും ചുറ്റുവട്ടങ്ങളും തന്നെയാണ് ഇത്തരം ഭൂവിഭാഗങ്ങളുടെ പൊതുസവിശേഷത. മംഗളവനം, തട്ടേക്കാട്, പാതിരാമണല്‍ എന്നിവ കായലും റിസര്‍വോയറും അടക്കമുള്ള വലിയ ജലാശയങ്ങളുടെ തീരത്താണ്. ഇവയെ സംരക്ഷിക്കാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കാറുണ്ട്. എന്നാല്‍ എച്ച് എം ടിയുടെ കാര്യം ഇതില്‍ നിന്നു തുലോം വ്യത്യസ്തമാണ്. മൊട്ടക്കുന്നുകളും കുറ്റിക്കാടുകളും ഇടതൂര്‍ന്നല്ലാതെ നില്‍ക്കുന്ന വന്‍മരങ്ങളുമാണ് ഇവിടെയുള്ളത്. നഗരത്തിന്‍റെ എല്ലാ ദൂഷ്യഫലങ്ങളും അനുഭവിക്കുന്ന പ്രദേശമാണ് ഇവിടം. അതില്‍ ഏറ്റവും മാരകമായ വ്യാവസായിക, ആശുപത്രിമാലിന്യങ്ങള്‍ വരെ അടങ്ങിയിരിക്കുന്നു. കാടിനകത്തുള്ള ഉറവ വറ്റാത്ത കുളത്തിലാണ് വൈകുന്നേരത്തോടെ കുളികള്‍ നീരാട്ടിനിറങ്ങാറുള്ളത്. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കുളം, സ്ഥലം ലീസിനെടുത്തിരിക്കുന്ന കുടിവെള്ള കമ്പനികളും കന്നുകാലിവളര്‍ത്തുകാരുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ഇതോടൊപ്പം മനുഷ്യരുടെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളും അന്തരീക്ഷത്തിന്‍റെ സൈര്യതയെ ഭംഗപ്പെടുത്തുന്നു. പലപ്പോഴും സമൂഹവിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറുന്ന സ്ഥിതിവിശേഷമുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മദ്യക്കുപ്പികളും അലസമായി വിതറിയിടുന്നത് ഭൂമിയിലെ സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുകയും അതു വഴി ദേശാടനപ്പക്ഷികളുടെ ഇരകള്‍ക്ക് ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ദേശാടനപ്പക്ഷികളുടെ ഇങ്ങോട്ടുള്ള ആകര്‍ഷണം തന്നെ അവസാനിപ്പിച്ചേക്കാം.
അതേസമയം, മൊബൈല്‍ ടവറുകള്‍ പക്ഷികളുടെ വംശനാശത്തിന് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പോളി കളമശേരി തള്ളിക്കളയുന്നു. ” അത് തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ആരോപണമാണ്. മൊബൈല്‍ ടവറുകളില്‍ കൂടുവെച്ചിട്ടുള്ള എത്രയോ കിളികളെ കാണാം. അതു കൊണ്ട് മൊബൈല്‍ റേഡിയേഷന്‍ അവയുടെ നാശത്തിനു കാരണമാണെന്ന് പറയാന്‍ പറ്റില്ല. മുന്‍പ് വൈദ്യുതി ലൈനുകള്‍ വന്നപ്പോഴും ഇതേ ആരോപണമുണ്ടായിരുന്നു. പക്ഷേ, ഹൈടെൻഷൻ വയർ പോലും ഇവിടത്തെ പക്ഷിവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ളതാണ് സത്യം. എന്നാല്‍ മറ്റു ചില കാരണങ്ങള്‍ കൊണ്ട് ഇത്തരം സാഹചര്യങ്ങളുണ്ടാകുന്നത് നാം അവഗണിക്കുന്നു. ഉദാഹരണത്തിന് ഏറ്റവും കൂടുതല്‍ വംശനാശം സംഭവിച്ചിട്ടുള്ള കിളികളാണ് നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന അങ്ങാടിക്കുരുവികള്‍. അങ്ങാടികളിലും കടകളിലും മറ്റും ചാക്കുകളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന ധാന്യമണികള്‍ കൊത്തിപ്പെറുക്കിയാണ് അവ ജീവിച്ചിരുന്നത്. എന്നാല്‍ ചണച്ചാക്കുകള്‍ക്കു പകരം എല്ലാം പ്ലാസ്റ്റിക്ക് ചാക്കുകളില്‍ നന്നായി പായ്ക്ക് ചെയ്തു കൊണ്ടു വരുന്ന രീതിയായതോടെ അവയ്ക്ക് ധാന്യങ്ങള്‍ കിട്ടാതായതാണ് അവയുടെ വംശനാശത്തിനു പ്രധാനകാരണമായത്” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അപൂര്‍വ്വവൃക്ഷങ്ങളും ദേശാടനപ്പക്ഷികളും മാത്രമല്ല, ചിത്രശലഭങ്ങളും അട്ടകളുമടക്കം നിരവധി ജന്തു ജീവജാലങ്ങളും ഈ വനത്തിന്‍റെ അവകാശികളായി ഇവിടെ കഴിയുന്നുണ്ട്. മഴക്കാലത്ത് ധാരാളം ചെറുസസ്യങ്ങൾ വളരുന്ന ഇവിടത്തെ ചെങ്കൽ മണ്ണിൽ, ചെറുപ്രാണികളും പൂമ്പാറ്റകളും അടക്കം അതിനോട് യോജിച്ചു പോകുന്ന ഒരുആവാസവ്യവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനശലഭമായ ബുദ്ധമയൂരിയടക്കമുള്ള ചിത്രശലഭങ്ങളുടെ സാന്നിധ്യം കാടിന്റെ ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നു. കാട്ടുമുയൽ, കീരി, മരപ്പട്ടി തുടങ്ങിയ സസ്തനികളും ധാരാളമായി കാണുന്ന വാനമ്പാടികളും, കൽമണ്ണാത്തികളും അതിനുള്ള തെളിവാണ്. ഉരഗവര്‍ഗ്ഗത്തില്‍പ്പെട്ട അണലി, വെള്ളിക്കെട്ടന്‍, മലമ്പാമ്പ്, ചേര, കാട്ടുകൊമ്പേറിപ്പാമ്പ്, ആമ, ഓന്ത് എന്നിവയും ഇവിടത്തെ ജൈവവൈവിധ്യത്തിനു തെളിവാണ്.
മഴക്കാലത്തു സജീവമാകുകയും തണ്ണീര്‍ത്തടങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്യുന്ന തവളകളുടെ വിപുലമായ ശേഖരം ഇവിടെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നാട്ടുമാക്കാച്ചി, വയനാടൻ കരിയിലത്തവള, ചൊറിത്തവള, തവിട്ടുമരത്തവള തുടങ്ങിയവയാണ് ഇവിടെത്തെ പ്രമുഖര്‍. ഇത് പ്രദേശത്തിന്‍റെ ഭൂമി ഇനിയുമധികം ചൂഷണം ചെയ്യരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതാണെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇവിടത്തെ സസ്യസമ്പത്തിനെപ്പറ്റി വളരെക്കുറിച്ചു പഠനങ്ങളേ നടന്നിട്ടുള്ളൂ, കുറച്ചുപ്രകൃതിനിരീക്ഷകർ ഏകദേശം 65 സസ്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വംശനാശഭീഷണി നേരിടുന്ന വെള്ള പൈൻ ആണ്.
വ്യത്യസ്തങ്ങളായ ആവാസവ്യവസ്ഥകൾ ഒരു ചെറിയ പ്രദേശത്തിനുള്ളിൽ ഉള്ളതാണ് ഈ ജൈവവൈവിധ്യത്തിന്‍റെ സവിശേഷത.
വനം വകുപ്പുമായി സഹകരിച്ചാണ് പക്ഷിനിരീക്ഷകര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് പോളി വ്യക്തമാക്കുന്നു ”വനം വകുപ്പിനു വേണ്ടി പക്ഷി സര്‍വേകളില്‍ സഹകരിക്കുന്നുണ്ട്. . ഈയിടെ സലിം അലി ജന്മദിനത്തില്‍ ബേഡ് വോക്ക് നടത്തി. ഇവിടെ 11 പേര്‍ പങ്കെടുത്തു. ഇപ്പോള്‍ കേരളത്തിന്‍റെ ഒരു പക്ഷിഭൂപടം തയാറാക്കി. അഞ്ചു വര്‍ഷമായി വര്‍ഷത്തില്‍ രണ്ടു തവണയായി സര്‍വേ നടത്തിയത്. വനപ്രദേശവും അല്ലാത്തയിടവും ഇന്‍റര്‍നെറ്റ് സഹായത്തോടെ തിരിച്ചാണ് പഠനം. മുന്‍വിധികളില്ലാതെയാണ് പഠനം. ചെറിയ കൈപ്പുസ്തകമാണെങ്കിലും അതിനു വേണ്ടി വരുന്ന പ്രയത്നം ഭീമമാണ്. ഇതിനു വേണ്ട സഹായങ്ങള്‍, ഗതാഗതവും താമസവും മറ്റും വകുപ്പ് ഏര്‍പ്പാടാക്കും. എന്നാല്‍ അതിനൊക്കെ പുറമെ പക്ഷികളോടുള്ള സ്നേഹം കാരണം പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സ്വന്തം കൈയില്‍ നിന്നു ലക്ഷങ്ങള്‍ ചെലവിടുന്നവരുമുണ്ട് കേട്ടോ. പുതിയ കാലത്ത് വനം വകുപ്പുദ്യോഗസ്ഥര്‍ക്കടക്കം ഇത്തരം കാര്യങ്ങളില്‍ വലിയ അവബോധം വന്നിട്ടുണ്ട്. ജീവജാലങ്ങളും പരിസ്ഥിതിയുടെ ഭാഗമാണെന്നും അവയെ സംരക്ഷിക്കേണ്ടതാമെന്നുമുള്ള ധാരണ വികസിച്ചിട്ടുണ്ട്. വനവല്‍ക്കരണം അടക്കമുള്ളവയില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാനാകും. മുന്‍പ് ഒരു പ്രദേശത്ത് ഏതെങ്കിലും വനം വെച്ചു പിടിപ്പിക്കുകയായിരുന്നു, അത് പലപ്പോഴും മണ്ണിനും കാലാവസ്ഥയ്ക്കും ഉചിതമാണോ എന്നു നോക്കാറില്ല. അങ്ങനെയാണ് അക്കേഷ്യ, മഹാഗണിത്തോട്ടങ്ങള്‍ ഉണ്ടാക്കിയത് അങ്ങനെയാണ്. എന്നാല്‍ ഇപ്പോള്‍ അതു മനസിലാക്കി, ജൈവവൈവിധ്യത്തിന്‍റെ പ്രാധാന്യം മനസിലാക്കി. ഇതെല്ലാം മാറി വരുന്ന നല്ല പ്രവണതയാണ്. ഉള്ള വനം സംരക്ഷിക്കുകയാണ് പ്രധാനം” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ജനവാസമൊഴിഞ്ഞ ഈ പ്രദേശത്തെ റോഡുകളുടെ വികസനവും, വർദ്ധിച്ചു വരുന്ന ഗതാഗതവും ജീവികൾക്ക് ഒരു ഭീഷണിയാണ്. ഓരോ ആവാസവ്യവസ്ഥയും അതിന്റെ തനിമയിൽത്തന്നെ നിലനിന്നില്ലെങ്കിൽ ഇപ്പോൾ കാണുന്ന ജൈവവൈവിദ്ധ്യം പൂർണ്ണമായിത്തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പ്രഖ്യാപിത പക്ഷിസങ്കേതങ്ങളേക്കാള്‍ എച്ച് എം ടി വനം സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതിനു സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പക്ഷി ശാസ്ത്രജ്ഞരും പ്രകൃതി സ്നേഹികളും ഉള്‍പ്പെടെ നിരവധി പേര്‍ ആവശ്യപ്പെടുന്നു. അതേസമയം, എങ്ങനെയാകണം വനം സംരക്ഷിക്കേണ്ടതെന്ന കാര്യത്തില്‍ ചില നിര്‍ദേശങ്ങളും അവര്‍ക്കുണ്ട്. സര്‍ക്കാരിന്‍റെ വനവല്‍ക്കരണ പദ്ധതികള്‍ പലതും പരാജയപ്പെടുന്നത് പരിസ്ഥിതിക്കിണങ്ങാത്ത മരങ്ങള്‍ വെക്കുന്നതു കൊണ്ടാണ്. ഇവിടെ വൃക്ഷങ്ങളും മറ്റും വെച്ചു പിടിപ്പിക്കാനുള്ള ശ്രമം ഇവിടുത്തെ സ്വാഭാവികതയെ നഷ്ടപ്പെടുത്താൻ സാദ്ധ്യതയുണ്ട്.
കാടിന്റെ ജൈവവൈവിധ്യം സംബന്ധിച്ച് എച്ച് എംടിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പോളി കളമശേരി പറയുന്നു.” ഇത്രയ്ക്ക് വിപുലമായ ജൈവവൈവിധ്യമുള്ള പ്രദേശമാണെന്ന് അറിയില്ലായിരുന്നുവെന്നായിരുന്നു അധികൃതരുടെ പ്രതികരണം. എന്നാല്‍ എന്താണു നടപ്പാക്കാനാകുകയെന്ന് അറിയില്ല, നോക്കാം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സര്‍ക്കാരിന് ഇപ്പോള്‍ നിരവധി പ്രകൃതിസംരക്ഷണപദ്ധതികളുണ്ട്. 10 സെന്‍റിനകത്തു പോലുമുള്ള കാടുകള്‍ സംരക്ഷിക്കാനാകും. ഒരു പദ്ധതിക്കു വേണ്ടി ഏറ്റെടുത്തു കൊടുത്ത ഭൂമി 10 വര്‍ഷം ഉപയോഗിക്കാതെ കിടന്നാല്‍ അതു തിരിച്ചെടുക്കാന്‍ വരെ സാധിക്കും. അങ്ങനെയെങ്കില്‍ ലീസിനു നല്‍കിയ സ്ഥലം തിരിച്ചെടുത്ത് സംരക്ഷിക്കാനാകും. അതിനായി സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളതായി മനസിലാക്കുന്നു. അതില്‍ പ്രതീക്ഷയുണ്ട് ”
നഗരത്തിന്‍റെയും നഗരവാസികളുടെയും നിലനില്‍പ്പിന് ഈ സവിശേഷ ആവാസവ്യവസ്ഥ നിലനിര്‍ത്തണമെന്നതില്‍ തര്‍ക്കമില്ല. നിഷ്കാമകര്‍മ്മികളായി ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രകൃതിസ്നേഹികളുടെ ത്യാഗത്തിന്‍റെ ഫലം സാധാരണക്കാര്‍ക്കു കൂടി പ്രയോജനപ്രദമായ രീതിയില്‍ സര്‍ക്കാരിന് വികസിപ്പിക്കാന്‍ കഴിയണം. പ്രധാനമായും വേണ്ടത് തനിമ ചോര്‍ന്നു പോകാതെയുള്ള സംരക്ഷണ പദ്ധതികളാണ്. വലിയ ചെലവില്ലാതെ അത് സാധിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. നിലവില്‍ ഈ പ്രദേശം നേരിടുന്ന ഭീഷണികളും ഭാവിയിൽ ഉണ്ടായേക്കാവുന്ന വികസന പ്രവർത്തനങ്ങളും കാടിനെയും കാട്ടു ജീവികളെയും ഇല്ലാതാക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. ഇതിനു വിട്ടു കൊടുക്കാതെ പരിസ്ഥിതിസംരക്ഷണത്തിനും ജീവികളുടെ ആവാസവ്യവസ്ഥ നിലനിർത്താനും, ഇതിനെ 1972ലെ വന്യജീവിസംരക്ഷണനിയമം അനുസരിച്ചുള്ള ഒരു സംരക്ഷിത വനപ്രദേശമോ 2002ലെ ജൈവവൈവിധ്യനിയമം അനുസരിച്ചുള്ള ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ്
സൈറ്റോ, കമ്മ്യൂണിറ്റി റിസർവ്വോ ആയി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്.