എസ് ആര്‍ വി ജി വിഎച്ച് എസിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനികള്‍
എസ് ആര്‍ വി ജി വിഎച്ച് എസിലെ പ്ലസ് 2 കൊമേഴ്സ് വിദ്യാര്‍ത്ഥിനികള്‍
Reading Time: 9 minutes
കൊച്ചി

കൊവിഡ് കാരണം അടച്ചിട്ടിരുന്ന  സ്കൂളുകളും കോളെജുകളും തുറന്നതോടെ പല വിധ ആശങ്കകളും കുടം തുറന്ന ഭൂതത്തെപ്പോലെ പുറത്തു വന്നിരിക്കുകയാണ്. പരീക്ഷയടുക്കുന്നു, സ്കൂളുകളിലിത് റിവിഷന്‍ കാലമാണ്, അതിനുള്ള തയാറെടുപ്പുകളും സംശയനിവാരണവുമാണ് വൈകിത്തുറന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുക. എന്നാല്‍ ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും പ്രതീക്ഷിച്ചതു പോലെ വിരമമിടാന്‍ സാധിച്ചോ എന്നു പരിശോധിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട വിഭാഗമായി ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥി ബാച്ച് മാറും എന്ന യാഥാര്‍ത്ഥ്യത്തിനാണ് കൂടുതല്‍ മാര്‍ക്ക് ലഭിക്കുക.

കൊവിഡ് കാലത്തെ അധ്യയനവര്‍ഷം സമ്മിശ്ര പ്രതികരണങ്ങളുടേതായിരുന്നു. ക്ലാസ് മുറികളില്‍ ലഭിച്ചിരുന്ന അധ്യാപകരുടെ ശ്രദ്ധയും പരിചരണവും ഓണ്‍ലൈന്‍ക്ലാസുകളില്‍ കിട്ടുമോ എന്നായിരുന്നു തുടക്കം മുതലുള്ള ആശങ്ക. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറി പഠനം പോലെയാകുമോ, അവിടെ കിട്ടുന്ന ശ്രദ്ധ മൊബൈലിലും കംപ്യൂട്ടറിലും കിട്ടുമോ, പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ശരിയായി ക്ലാസുകള്‍ പിന്തുടരാന്‍ സാധിക്കുമോ എന്നു തുടങ്ങി പരീക്ഷകളില്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമോ എന്നു വരെയുള്ള ആശങ്കകളാണ് എല്ലാവരെയും ഭരിച്ചത്.

എസ് ആര്‍ വി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഹൈസ്കൂള്‍
എസ് ആര്‍ വി മോഡല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

ഓണ്‍ലൈന്‍ പഠനത്തില്‍ ദരിദ്ര വിദ്യാര്‍ത്ഥികള്‍ നേരിട്ട ഭൗതിക അസൗകര്യങ്ങള്‍ കുറയ്ക്കാനുള്ള സാമൂഹിക ഇടപെടലുകളും  ബാലാരിഷ്ടതകള്‍ തുലോം കുറച്ച് അധ്യാപകര്‍ പ്രശ്നം കൈകാര്യം ചെയ്തതുമായി ആത്മവിശ്വാസം തിരികെ പിടിക്കുന്ന നടപടികളുണ്ടായി എന്നതു വാസ്തവമാണ്. എന്നാല്‍ പോകെപ്പോകെ ഈ ആശ്വാസം കുട്ടികളുടെ കാര്യങ്ങള്‍ അവഗണിക്കുന്ന സ്ഥിതിയിലേക്കെത്തി. അധ്യാപകര്‍ക്ക് ഓരോ കുട്ടിയെയും ശ്രദ്ധിക്കാന്‍ അവസരം കിട്ടാതായതിനു പിന്നാലെ രക്ഷിതാക്കള്‍ക്ക് തൊഴിലിലും ഉപജീവനമാര്‍ഗങ്ങളിലും ശ്രദ്ധിക്കേണ്ടി വന്നതോടെയാണിത്.

പരീക്ഷകള്‍ക്കു തയാറെടുപ്പിക്കുക എന്നതിലുപരി കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയിലാണ് സിലബസും കരിക്കുലവും തയാറാക്കുന്നത്. എന്നാല്‍ അതിനുള്ള അവസരം ഏഴു മാസവും ഇല്ലാതായി. ഈ സാഹചര്യത്തിലാണ് അധ്യയനവര്‍ഷം അവസാനിക്കുന്ന ഘട്ടത്തിലെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അപ്പോഴും പുതിയ ചോദ്യങ്ങള്‍ ഉയരുന്നു. ക്ലാസ് മുറിയില്‍ പത്തു മാസം നീളുന്ന  അധ്യയനവര്‍ഷത്തിന് വെറും രണ്ടു മാസം മാത്രമുള്ള പരിമിതകാലത്തേക്ക് മാറ്റുമ്പോള്‍  വിദ്യാര്‍ത്ഥികളുടെ സാഹചര്യമെന്താണ്? അവരുടെ ആശങ്കകള്‍ക്ക് അറുതിയായോ? ആത്മവിശ്വാസത്തോടെ പരീക്ഷാഹാളുകളിലേക്ക് ചെന്നു കയറാനാകുമോ? അതോ ഒരു വര്‍ഷത്തെ അലസതയ്ക്കിപ്പുറം എല്ലാം ലാഘവത്തോടെ കാണുന്ന അമിതവിശ്വാസമാകുമോ അവരെ  നയിക്കുക?

ആശങ്കകള്‍ പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും സ്കൂള്‍ തുറന്നതോടെ ആത്മവിശ്വാസം വീണ്ടെടുക്കാനായെന്ന് എസ് ആര്‍ വി ജി എച്ച് എസ് എസിലെ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ്  വിദ്യാര്‍ത്ഥി ആസ്റ്റല്‍ സി ജോണ്‍സണ്‍  പറയുന്നു.

ആന്‍സല്‍ സി ജോണ്‍സണ്‍, പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് , എസ്ആര്‍വിജിഎച്ച് എസ്എസ്
ആന്‍സല്‍ സി ജോണ്‍സണ്‍, പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ്  വിദ്യാര്‍ത്ഥി, എസ്ആര്‍വിജിഎച്ച്എസ്എസ്

” സ്കൂള്‍ തുറന്നത് ആശ്വാസകരമാണ്, പരീക്ഷ അടുത്തതിന്‍റെ ടെന്‍ഷന്‍ മാറ്റാന്‍ വളരെയധികം സഹായകമാണ്. പ്രധാന പാഠഭാഗങ്ങള്‍ വാട്സാപ്പ് വഴി വൈകുന്നേരം അയച്ചു തരും. അത് നോക്കി പിറ്റേന്ന് വരുമ്പോള്‍ സംശയനിവാരണം നടത്തി പോകാവുന്ന തരത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. അധ്യാപകര്‍ ഏപ്രണ്‍ മൈക്ക് (വസ്ത്രത്തില്‍ ഘടിപ്പിക്കാവുന്ന മൈക്ക്) ധരിക്കാറുള്ളതു കൊണ്ട് മാസ്ക് വെച്ച് സംസാരിക്കുന്നതിലെ അവ്യക്തതയില്ല.  ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി പോലുള്ള സാങ്കേതികപ്രശ്നങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞപ്പോള്‍  പാഠഭാഗങ്ങള്‍ വിശദീകരിച്ചതോടെ കാര്യങ്ങള്‍ അത്ര കണ്ടു പ്രശ്നമില്ലെന്നു ബോധ്യപ്പെട്ടു. ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നതു പോലെ  സുവ്യക്തമായി തന്നെ അധ്യാപകര്‍ പാഠങ്ങള്‍ വിശദീകരിച്ചു തരുമായിരുന്നു. സുഹൃത്തുക്കളെ കാണാത്തത് അത്ര വലിയ പ്രശ്നമായി തോന്നിയില്ല, ഫോണും ഇന്‍റര്‍നെറ്റും വഴി നിരന്തരം ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. എങ്കിലും ക്ലാസ് മുറിയിലെ പഠനം നഷ്ടപ്പെടുമ്പോള്‍ ആധിയുണ്ടാകുക സ്വാഭാവികമാണല്ലോ.  ഓണ്‍ലൈന്‍ ക്ലാസുകളിലെ പാഠഭാഗമാകും പ്രധാനമായി ഉണ്ടാകുകയെന്നു പറഞ്ഞപ്പോള്‍ വലിയ ആശ്വാസമായി”

ഏഴു മാസത്തോളം നീണ്ട ഒറ്റപ്പെടലില്‍ നിന്ന് ലഭിച്ച മോചനത്തിന്‍റെ സന്തോഷത്തിലാണ് ഇതേ സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിനി മേരി നസിയ. കൂട്ടുകാരികളുമായി  ഒരുമിച്ചിരുന്നു പഠിച്ചതിന്‍റെയും കളിചിരികളുടെയും ഓര്‍മ്മകളില്‍ നിന്ന് പൊടുന്നനെയൊരു ഷിഫ്റ്റ് ഓര്‍ക്കാപ്പുറത്തായിരുന്നു.  ഏതായാലും ഓഫ് ലൈന്‍ ക്ലാസ് തുടങ്ങിയത് നന്നായെന്ന് കൊച്ചി മുണ്ടംവേലി സ്വദേശി കൂടിയായ നസിയ പറയുന്നു,

മേരി നസിയ, പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിനി, എസ്ആര്‍വി ജിഎച്ച്എസ്എസ്
മേരി നസിയ, പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിനി, എസ്ആര്‍വി ജിഎച്ച്എസ്എസ്

” ഒരു വര്‍ഷം പോയതെങ്ങനെയെന്ന് അറിയില്ല. വെറുതെ വീട്ടിലിരുന്നു ബോറടിക്കുകയായിരുന്നു. ക്ലാസിലിരുന്നു പഠിക്കുന്ന ആ ഫീല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ കിട്ടില്ലല്ലോ. പിന്നെ, എക്കൗണ്ടന്‍സി പോലുള്ള വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിക്കുമ്പോള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടിയിയിരുന്നു. സ്കൂള്‍ തുറന്നപ്പോഴാണ് എല്ലാം ശരിയായി മനസിലാക്കാനാകുന്നത്. ടീച്ചര്‍മാരുടെ സാന്നിധ്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാകുന്നുണ്ട്. ഒരു ബെഞ്ചില്‍ ഒരാളെയേ ഇരുത്തുന്നുള്ളൂ എന്നതിനാല്‍ കൂടിയിരിക്കാനൊന്നുമാകില്ല. എങ്കിലും കൂട്ടുകാരെ കാണാമെന്നത് തന്നെ വലിയ സന്തോഷം. ക്ലാസിലെപ്പോലെ റിവിഷനും മറ്റും  വീട്ടില്‍ സാധ്യമല്ലായിരുന്നു. അതിന്‍റെ ടെന്‍ഷന്‍ വീട്ടുകാര്‍ക്കുമുണ്ടായിരുന്നു. പരീക്ഷയുടെ സ്ഥിതി സംബന്ധിച്ചായിരുന്നു ആശങ്ക. പ്ലസ് ടു ക്ലാസ് പകുതി മുക്കാലും പോയല്ലോ.  എന്നാല്‍ ഇവിടെ വന്നപ്പോള്‍ അധ്യാപകര്‍ ആത്മവിശ്വാസം നല്‍കി. ഇവിടെ റിവിഷന്‍ ചെയ്യുന്ന പ്രധാന പാഠഭാഗങ്ങള്‍ മാത്രം പഠിച്ചാല്‍ മതിയെന്നു പറയുമ്പോള്‍ വലിയ ആശ്വാസമായി.  സംശയനിവാരണത്തിന് ടീച്ചര്‍മാര്‍ കൂടുതല്‍ സമയമനുവദിക്കുന്നുണ്ട്”

ഇക്കാര്യത്തില്‍ പരിഹരിക്കപ്പെട്ടതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ അടിയൊഴുക്കുകളായി നിലനില്‍ക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനെ അഭിമുഖീകരിക്കുകയാണ് പ്രധാനം.  അധ്യാപകരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്നു കുട്ടികള്‍ വിട്ടു പോയതാണ് പ്രധാന പ്രശ്നമെന്ന് എറണാകുളം എസ് ആര്‍ വി ജി എച്ച് എസ് എസിലെ പ്രിന്‍സിപ്പല്‍ എ എന്‍ ബിജു വോക്ക് മലയാളത്തോടു വ്യക്തമാക്കി.

എന്‍ എ ബിജു, പ്രിന്‍സിപ്പല്‍, എസ്ആര്‍വി ജിഎച്ച് എസ്എസ്
എന്‍ എ ബിജു, പ്രിന്‍സിപ്പല്‍, എസ്ആര്‍വി ജിഎച്ച് എസ്എസ്

”ഇന്‍റര്‍നെറ്റോ മറ്റു ഡിജിറ്റല്‍ ഡിവൈസുകളോ കിട്ടാത്തതല്ല യഥാര്‍ത്ഥ പ്രശ്നം,  കുട്ടികള്‍ക്കു വലിയ തോതില്‍ സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. ക്ലാസ് റൂം സംവിധാനമില്ലാത്തത് വലിയ പോരായ്മയായി മാറി. ഹോം വര്‍ക്ക് പോലുള്ള കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ സഹപാഠികള്‍ക്കിടയിലോ അധ്യാപകര്‍ ചോദിക്കുമ്പോഴോ സ്വയം തോന്നലുണ്ടാകും, അത്തരം സഹവര്‍ത്തിത്വം ഓണ്‍ലൈനില്‍ ഇല്ലാതായി. ഓണ്‍ ലൈന്‍ തുറന്ന് വെച്ച് ശ്രദ്ധിക്കാതിരിക്കുന്നവരുണ്ട്. ക്ലാസ് സമയം സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയാലും രക്ഷിതാക്കള്‍ കൃത്യമായിത് പരിശോധിക്കണമെന്നില്ല. ടെലിവിഷനില്‍ വരുന്ന ക്ലാസുകള്‍ക്ക് സംശയനിവാരണം വരുത്താനുള്ള ഓപ്ഷനില്ല. അതിനായി സ്കൂള്‍ നടത്തുന്ന ക്ലാസുകളുണ്ട്, എന്നാല്‍ ലൈവ് ക്ലാസ് റൂമിലെ പ്രതികരണം ഒരിക്കലും ലഭിക്കില്ല. സ്കൂള്‍ തുറന്നതോടെ സംശയ നിവാരണത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ചാപ്റ്ററുകളില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍ ഫോക്കസ് ചെയ്യുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍ദ്ദിഷ്ടപാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇതെല്ലാം കുട്ടികള്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ”

പെട്ടെന്നുണ്ടായ മാറ്റം കുട്ടികളില്‍ വൈകാരികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കാണാനാകുമെന്നു പ്രശസ്ത മനോരോഗ വിദഗ്ധനായ ഡോ. സി ജെ ജോണ്‍ ചൂണ്ടിക്കാട്ടുന്നു.

ഡോ. സി ജെ ജോണ്‍, മനോരോഗവിദഗ്ധന്‍
ഡോ. സി ജെ ജോണ്‍, മനോരോഗവിദഗ്ധന്‍

”സ്വയം കാര്യങ്ങള്‍ ചെയ്യുന്ന കുട്ടികള്‍ ഓണ്‍ ലൈന്‍ കാലത്തും പഠനം മുന്നോട്ടു കൊണ്ടു പോയിട്ടുണ്ട്. എന്നാല്‍ അങ്ങനെയല്ല പൊതുവില്‍ നാം കുട്ടികളെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഉന്തിത്തള്ളി പഠിപ്പിക്കുന്ന വളര്‍ത്തല്‍ രീതിയാണ് കാണപ്പെടുന്നത്. ഒരുപാടു കുട്ടികള്‍ അധ്യാപകരുടെ നേരിട്ടുള്ള മേല്‍ നോട്ടമില്ലാത്തതിനാല്‍  പഠനത്തില്‍ പിന്നോട്ടു പോയിട്ടുണ്ട്. അത്തരം കുട്ടികളാണ് സമ്മുടെ സമൂഹത്തില്‍ ബഹുഭൂരിപക്ഷം പേരും. സ്വയം ബോധ്യപ്പെട്ട് പഠിക്കുന്നവര്‍ കുറവാണ്.അങ്ങനെയുള്ള മഹാഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം വേണ്ടത്ര ശ്രദ്ധയോടെ ഓണ്‍ലൈന്‍ പഠനത്തില്‍ മുഴുകാന്‍ കഴിഞ്ഞിട്ടില്ല. വീട്ടില്‍ അടച്ചു പൂട്ടിയിരുന്ന നിലയില്‍ നിന്ന് സ്കൂളില്‍ എത്തിയതിന്‍റെ സന്തോഷമുണ്ടാകാം. എന്നാല്‍ പരീക്ഷാച്ചൂടിലേക്കാണ് അവര്‍ വരുന്നത്, ഇതവരില്‍ ആധിയുണ്ടാക്കാം. ഇതു കണ്ടെത്തി മതിയായ അനുഭാവത്തോടെ കൈകാര്യം ചെയ്യുകയാണ് വെല്ലുവിളി. അധ്യയന വര്‍ഷം ഏകദേശം മുഴുന്‍ വാഷൗട്ടായി പോയ അവര്‍ സ്കൂള്‍ തുറന്നപ്പോള്‍ നേരെ എത്തുന്നത് പരീക്ഷയുടെ മുന്നിലാണ്. ഇവിടെ നാം നേരിട്ട് അവരുടെ  മനസിന് സ്വസ്ഥത കൊടുക്കേണ്ടതുണ്ട്”

 

ഇത്രയും നാള്‍ വീട്ടിലിരുന്ന് സര്‍വ്വ സ്വാതന്ത്ര്യവും അനുഭവിച്ച കുട്ടികളെ കൊവിഡ് പ്രോട്ടോക്കോളിന്‍റെ പരിമിതിക്കുള്ളില്‍ നിര്‍ത്തി പഠിപ്പിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണെന്ന് എറണാകുളം ഗവണ്‍ന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നളിന കുമാരി വോക്ക് മലയാളത്തോടു പറഞ്ഞു.

 

നളിനകുമാരി, പ്രിന്‍സിപ്പല്‍,ജിജിഎച്ച്എസ്എസ്
നളിനകുമാരി, പ്രിന്‍സിപ്പല്‍,ജിജിഎച്ച്എസ്എസ്

”പല സാഹചര്യത്തില്‍ നിന്നു വരുന്ന കുട്ടികളെ  ചുരുങ്ങിയ സമയത്തിനുള്ളില്‍ പഠിപ്പിക്കേണ്ട ചുമതലയാണ് ഉള്ളത്. ഇത്രയും നാള്‍ വീട്ടില്‍ത്തന്നെ ഇഷ്ടമുള്ളപ്പോള്‍ ഇരിക്കാനും കിടക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്ന കുട്ടികളെയാണ് നാം മൂന്നു മണിക്കൂര്‍ ഒറ്റ ബെഞ്ചില്‍ സ്കൂള്‍ ചട്ടക്കൂടിനുള്ളില്‍ പിടിച്ചിരുത്തുന്നത്. സമയക്കുറവുണ്ട്, അതിനാല്‍ സംശയങ്ങള്‍ ദൂരീകരിക്കാനാണ് പ്രാധാന്യം കൊടുക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതി എന്തായാലും നികത്താനാകില്ല.  അധ്യാപകര്‍ ലൈവായി ക്ലാസ് എടുക്കുന്നതു തന്നെയാണ് അവര്‍ക്ക് ആത്മവിശ്വാസം പകരുന്നത്. സ്കൂളില്‍ വരാന്‍ കുട്ടികള്‍ താത്പര്യപ്പെടുന്നതും അതു കൊണ്ടാണ്”

എറണാകുളം ജിജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികള്‍
എറണാകുളം ജിജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികള്‍

കൊവിഡ് കാലത്ത് ക്ലാസുകളെടുക്കാന്‍ കൃത്യമായ ആസൂത്രണവും പദ്ധതിയും വേണമെന്ന്  നളിന കുമാരി ചൂണ്ടിക്കാട്ടുന്നു. ”കുട്ടികളെ മടുപ്പിക്കാതെ ക്ലാസ് എടുക്കുക തന്നെയാണ് പ്രധാനം, അതിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരേ പോലെ രസകരമായ രീതിയില്‍ ക്ലാസുകള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്.   ഓരോ സ്കൂളിനും അതിന്‍റേതായ സ്ട്രാറ്റജികളുണ്ടായിരിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമ്പോഴും വ്യക്തിപരമായി കുട്ടികളെ ടീച്ചര്‍മാര്‍ വിളിച്ചിരുന്നു.  പെണ്‍കുട്ടികളായതിനാല്‍ മൂന്നു ടീച്ചര്‍മാര്‍ സദാ സ്കൂളില്‍ വേണം, പ്രോട്ടോക്കോള്‍ ഓഫിസര്‍ ചുതല നല്‍കി മൂന്ന് അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. 60-65 വിദ്യാര്‍ത്ഥിനികളുള്ള ഏഴു ബാച്ചാണുള്ളത്. അത് പകുതിയാക്കി തിരിച്ച്  രാവിലെ 9- 12, 10- 1 വരെയും ഉച്ചയ്ക്ക് ശേഷം ഒന്നരയ്ക്കും രണ്ടിനും തുടങ്ങുന്ന  മൂന്നു മണിക്കൂര്‍ ക്ലാസുകളാണ് എടുക്കുന്നത്. ഓരോ കുട്ടിക്കുമുണ്ടാകുന്ന സംശയം എഴുതിക്കൊണ്ടു വരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതില്‍ നിന്ന് പൊതുവായ സംശയമായെടുത്ത് ചില ഭാഗങ്ങള്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നു. പിന്നെ ഇപ്പോള്‍ പ്രത്യേകം ഫോക്കസ് ചെയ്യേണ്ട  പാഠങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം വന്നിട്ടുണ്ട്.  അത് കേന്ദ്രീകരിച്ചാണ് പ‌ഠനം നടക്കുന്നത്. പരീക്ഷ വളരെ ലളിതമായിരിക്കുമെന്ന ഉറപ്പു കൊടുത്തിട്ടുണ്ട്. പരീക്ഷയ്ക്കിരിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് പറഞ്ഞിട്ടുണ്ട്”

 

എസ് ആര്‍ വിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍
എസ് ആര്‍ വിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍

കൊവിഡ് കാലത്തെ പഠനലക്ഷ്യങ്ങള്‍ പുനര്‍ നിര്‍ണയിക്കേണ്ടിയിരുന്നുവെന്ന് ഡോ. ജോണ്‍ പറയുന്നു, ” ഓഫ് ലൈന്‍ പഠനരീതിയെ ഓണ്‍ലൈന്‍ രീതിയിലേക്കു ചേര്‍ത്തു വെക്കുക മാത്രമാണ് നാം ചെയ്തത്. അതൊരു വലിയ  പോരായ്മയാണ്. ഗാഡ്ജറ്റുകളുടെ അഭാവം സൃഷ്ടിക്കുന്ന പ്രസ്നം മാത്രമാണ് നാം ചര്‍ച്ച ചെയ്തത്, അവ ഉപയോഗിക്കാന്‍ വ്യത്യസ്തമായ ഒരു ഇടം വേണമെന്ന് ആരും ചിന്തിച്ചില്ല. എത്രയോ വീടുകളില്‍ ആ ഒരു ഇടമില്ല. രോഗത്തെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് കാരണം.  പഠനവുമായുള്ള ബന്ധം  അറ്റു പോകാതെ അറിവുകളെ ജീവിതവുമായി ചേര്‍ത്തുവെക്കാവുന്ന രീതിയില്‍ പഠനലക്ഷ്യങ്ങളെ നവീകരിക്കണമായിരുന്നു. ടിപ്പിക്കല്‍ സിലബസിലൊതുങ്ങിപ്പോകാതെ വീട്ടുകാരുമായി പങ്കു ചേര്‍ന്നു ചെയ്യേണ്ട ചില പ്രവര്‍ത്തനങ്ങളുണ്ട്. പ്രായത്തിനനുസരിച്ച്  വീട്ടില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി പഠനപ്രവര്‍ത്തനങ്ങള്‍ നടത്താമായിരുന്നു. ആര്‍ജിച്ചെടുത്ത അറിവുകളുടെ ആസ്വാദ്യകരമായ വിനിയോഗം കുട്ടികളെ കൂടുതല്‍ ഈര്‍ജസ്വലരാക്കുമായിരുന്നു”

ഇക്കൂട്ടത്തില്‍ മറന്നു പോകരുതാത്ത സുപ്രധാന കാര്യത്തിലേക്കു കൂടി അദ്ദേഹം ശ്രദ്ധയാകര്‍ഷിക്കുന്നു. ഏതെങ്കിലും രീതിയിലുള്ള പഠനവൈകല്യങ്ങളുള്ളവരും  മാനസിക വെല്ലുവിളികളനുഭവിക്കുന്നവരുമായ കുട്ടികളെല്ലാം ഇക്കാലത്ത് വല്ലാത്ത ക്ലേശമനുഭവിച്ചിരുന്നു. ഓണ്‍ലൈനിന്‍റെ ഏറ്റവും വലിയ പരാധീനതയാണിത്. അത്തരക്കാര്‍ക്ക് പ്രത്യേക ബോധനരീതികള്‍ ഉള്‍പ്പെടുത്തേണ്ടി വരും. അത്തരക്കാരുടെ മാതാപിതാക്കള്‍ക്കായി ചില മാര്‍ഗനിര്‍ദേശങ്ങളോ ഉപദേശങ്ങളോ നല്‍കാമെന്നതിലുപരി ഫലപ്രദമായി നമുക്കൊന്നും ചെയ്യാന്‍ പറ്റിയിട്ടില്ലെന്നു കൂടി കാണണമെന്ന്  അദ്ദേഹം വോക്ക് മലയാളത്തോടു പ്രതികരിച്ചു.

കടുത്ത മത്സരം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ പലതിലും പിന്തള്ളപ്പെട്ടു പോകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു, ”ഞാന്‍  മുന്‍കൂട്ടിക്കാണുന്ന ഒരു അപകടം സ്കൂള്‍ ലാബുകളില്ലാതെ എന്‍ട്രന്‍സിനൊരുങ്ങുന്ന ആദ്യവര്‍ഷക്കാര്‍  മുന്‍വര്‍ഷം എഴുതിയവരേക്കാള്‍ പിന്നാക്കം പോകാനുള്ള സാധ്യതയുണ്ട്. സ്കൂളില്‍ നിന്നുള്ള പരിശീലനമാണ് പ്രവേശനപരീക്ഷകളുടെ അടിത്തറ. റിപ്പീറ്റേഴ്സിന് മുന്‍തൂക്കം കിട്ടുന്നത് ഇത് റെഗുലര്‍ വിദ്യാര്‍ത്ഥികളെ വിഷമിപ്പിച്ചേക്കാം. വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തില്‍ വന്നിട്ടുള്ള തടസത്തിനു കാരണം നാം അക്കാഡമിക്സില്‍ മാത്രം ശ്രദ്ധയൂന്നുന്നതിന്‍റേതാണ്. എന്തെങ്കിലും പാഠ്യേതരകാര്യങ്ങള്‍ ചെയ്യാനൊക്കെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കാനാകുമെങ്കിലും പഠനത്തില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നാം കൂടുതല്‍ താത്പര്യപ്പെടുന്നത്. കളികളും സമപ്രായക്കാരായുള്ള ഇടപഴകലുമെല്ലാം തർസപ്പെടുന്നതോടെ ഇത് ഒരു താത്കാലിക മനോവികാസ തടസമായി മാറുന്നതായി  കാണാം”

 

ജിജിവിഎച്ച്എസ്എസിലെ പെണ്‍കുട്ടികള്‍
ജിജിവിഎച്ച്എസ്എസിലെ പെണ്‍കുട്ടികള്‍

”കുട്ടികളായതിനാല്‍ത്തന്നെ ഇതവര്‍ തിരിച്ചുപിടിക്കും. പക്ഷേ, ഈ കാലഘട്ടത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഓണ്‍ലൈന്‍ സംബന്ധിയായ ശീലക്കേടുകള്‍ ഇതിനു തടസമായി വരും. അതായിരിക്കാം ഭാവിയിലെ  ഒരു പ്രധാന വെല്ലുവിളി. മേല്‍നോട്ടമില്ലാത്ത ഓണ്‍ലൈന്‍ ഉപയോഗം എന്ന സാഹചര്യത്തില്‍ എത്തപ്പെട്ടിരിക്കുന്നു കുറേ കുട്ടികള്‍. ഒരുപാട് കുട്ടികളില്‍ പെരുമാറ്റപ്രശ്നങ്ങള്‍ അടക്കം കാണാം.   കൊവിഡ് കാലത്തെ പ്രധാന പ്രശ്നമെന്തെന്നു വെച്ചാല്‍ മിടുക്കരായ കുട്ടികളും പഠനത്തില്‍ പുറകോട്ടു പോയെന്നതാണ്. ചെറിയ ക്ലാസുകളില്‍ അതു വലിയ പ്രശ്നമൊന്നുമല്ല, വീണ്ടെടുക്കാനാകും. എന്നാല്‍  കൗമാരക്കാര്‍ ഓണ്‍ലൈന്‍ കുരുത്തക്കേടുകളിലേക്കു പൊയ്ക്കഴിഞ്ഞാല്‍ അവരെ വീണ്ടെടുക്കകയും പ്രയാസകരമായിരിക്കും. മാതാപിതാക്കളുമായി നല്ല ബന്ധമുണ്ടെങ്കില്‍ കൗമാരക്കാരെ അത് പറഞ്ഞു മനസിലാക്കാന്‍ പറ്റും. എന്നാല്‍   10-12 വയസില്‍ താഴെയുള്ള കുട്ടികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. കാരണം അവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാനുള്ള പ്രായമായിട്ടില്ല, അവരെ  കൈകാര്യം ചെയ്യുകയാകും കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി”

ഇക്കാര്യത്തില്‍ ഇനിയും പ്രതീക്ഷ തരുന്ന ഒരു കാര്യം ഹൈസ്കൂള്‍ക്ലാസിനു താഴോട്ടുള്ള കുട്ടികളുടെ പഠനസംബന്ധമായ പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കാനാകുമെന്നതാണ്, കുട്ടികളുടെ സാധ്യത വിപുലമാണ്. എന്നാല്‍ പൊതുപരീക്ഷ പോലുള്ള നിര്‍ണായക മുഹൂര്‍ത്തത്തിലെത്തുന്ന കുട്ടികളുടെ കാര്യത്തിലാണ് ഇപ്പോള്‍  സവിശേഷ ശ്രദ്ധ ചെലുത്തേണ്ടത്. സ്കൂളുകള്‍ ഉടനെ ചെയ്യേണ്ടത് ഓണ്‍ലൈന്‍ ക്ലാസുകളില്‍ വലിയ മേല്‍നോട്ടമില്ലാതെ പോയ,  പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത കുട്ടികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ പ്രാപ്തരാക്കുകയാണ്. ഇതിനായി മനസൊരുക്കി, സിലബസ് അവരിലേക്ക് എത്തിച്ചു കൊടുക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. 10- 20 ശതമാനം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അതിനു പ്രാപ്തരാണെന്ന് ഡോക്റ്റര്‍ ജോണ്‍ വിലയിരുത്തുന്നു. ബാക്കിയുള്ള 80 ശതമാനത്തിനാണ് പ്രശ്നം.

ഇതിലെ ഒരു പ്രധാന അപകടമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്, പരീക്ഷയെ പേടിക്കേണ്ട എന്ന അമിത ആത്മവിശ്വാസം അധ്യാപകര്‍ കുട്ടികളിലേക്ക് പകര്‍ന്നു തുടങ്ങി. ഇത്തവണ മൂല്യനിര്‍ണയം വളരെ ഉദാരമായിരിക്കും എന്നു പറയുന്നുവെന്നു കേള്‍ക്കുന്നു. ഇത് പഠനം എന്ന തത്വശാസ്ത്രത്തിന് വലിയ അപകടം ചെയ്യുമെന്ന് അദ്ദേഹം വോക്ക് മലയാളത്തോട് പറഞ്ഞു. ഇപ്പോള്‍ത്തന്നെ പത്താംക്ലാസില്‍ തോല്‍ക്കുക അസംഭവ്യമായിരിക്കുന്നു, പഠനനിലവാരം കൂടിയതു കൊണ്ടല്ല അത്.  കൊവിഡ് കാലത്ത് സുപ്രധാന പരീക്ഷകള്‍ എഴുതുന്ന കുട്ടികളിലേക്ക് ഇനിയും പകര്‍ന്നു നല്‍കുന്നത് ഭാവിയില്‍ പ്രശ്നമുണ്ടാക്കും. കുട്ടികളുടെയടുത്ത് പഠിച്ചു ജയിക്കണമെന്നു തന്നെയാണു പറയേണ്ടത്. അതിലെ പഴുതുകള്‍ ഞങ്ങള്‍ പരിഹരിച്ചു തരാമെന്ന് അധ്യാപകര്‍ ഉറപ്പു നല്‍കണം. എന്നാല്‍ ഇക്കാര്യത്തില്‍ അങ്ങനെ നിഷ്കര്‍ഷ പുലര്‍ത്താനാകില്ലെന്ന് നളിനകുമാരി ചൂണ്ടിക്കാട്ടുന്നു. ജീവന്‍ നിലനിര്‍ത്തുകയെന്നതു തന്നെ വലിയ പ്രശ്നമായ കാലത്ത് കുട്ടികള്‍ക്ക് അത്ര സമ്മര്‍ദ്ദം കൊടുക്കുന്നത് ശരിയല്ല. കുട്ടികള്‍ക്ക് ലോകസാഹചര്യത്തെപ്പറ്റി നന്നായി അറിയാം. അവര്‍ പുതിയ ആളുകളെപ്പോലെയാണ് സ്കൂളിലേക്ക്  വന്നിരിക്കുന്നതെന്ന് ഗേള്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ വോക്ക് മലയാളത്തോട് പ്രതികരിച്ചു.

കഴിവു തെളിയിച്ച, അര്‍പ്പണ മനോഭാവമുള്ള അധ്യാപകരുടെ പ്രതികരണങ്ങളും നിരീക്ഷണങ്ങളുമെടുത്ത് ഒരു വിവരശേഖരണം നടത്തുക മാത്രമാണ് ഏക പോംവഴിയെന്ന് ഡോ. സി ജെ ജോണ്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളോട് സൗഹൃദപരമായി പെരുമാറുന്ന അധ്യാപകരുടെ നിര്‍ദേശങ്ങളാണ് പരിഗണിക്കേണ്ടത്. കുട്ടികള്‍ വീട്ടിലിരിക്കുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം.  നാളെ സമാന സാഹചര്യം വന്നാല്‍ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള മാര്‍ഗനിര്‍ദേശം ഒരുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. മുന്‍പ് അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ചെയ്ത കാര്യങ്ങളുടെ പോരായ്മ വ്യക്തമായി മനസിലാക്കണം. ഭാവിയിലും ഇത്തരം രോഗവ്യാപനം പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ സമഗ്ര വിവരസംഭരണമാണ് ഇപ്പോള്‍ ചെയ്യേണ്ടത്.  ഭാവിയിലേക്കുള്ള ഒരു ചൂണ്ടു വിരലായിരിക്കുമിത്.  കുട്ടികള്‍ സ്കൂളില്‍ വന്നില്ലെങ്കില്‍ക്കൂടി അവരുടെ പാഠ്യേതര കാര്യങ്ങള്‍ കൂടി പരിഗണിക്കുന്ന വിധത്തിലാകണം പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടത്. അധ്യാപകരുടെ ശ്രദ്ധ വേണ്ടി വരുന്ന കുട്ടികളെ, മാതാപിതാക്കളെ പൂര്‍ണമായി ആശ്രയിക്കാതെ കുട്ടികളില്‍ത്തന്നെ ഗുണദോഷ വിചിന്തനം നടത്താനാകണം. വാര്‍ത്തകളിലെ വാഴ്ത്തലുകളില്‍ വീഴാതെ, വസ്തുനിഷ്ഠമായും വളരെ വിമര്‍ശനാത്മകമായും ഒരു രൂപരേഖ തയാറാക്കുകയാണ് വേണ്ടത്.

കൊവിഡ് ഒരു മുന്നറിയിപ്പായി കാണണം,  ഇത് ഒരു മഞ്ഞുമലയുടെ മുകള്‍ഭാഗം മാത്രമാണ്. കാരണം, വാക്സിനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങും മുന്‍പേ ജനിതകവ്യതിയാനം വന്ന രോഗാണുക്കള്‍ അതിവേഗം വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു, കൊവിഡിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ അവസാനിച്ചിട്ടുമില്ല. ഇതോടൊപ്പം മുന്‍പേ കണ്ടെത്തിയ പക്ഷിപ്പനി, പന്നിപ്പനി  എന്നിവ പോലുള്ള രോഗകാരികള്‍ ജനിതകവ്യതിയാനത്തിലൂടെ മനുഷ്യരില്ലേക്കു പടരാനുള്ള സാധ്യതയെക്കുറിച്ചും ഭയപ്പെടുത്തുന്ന  ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നു. കൊവിഡിന്‍റെ തുടക്കത്തില്‍ നമുക്ക് ഇക്കാര്യങ്ങള്‍ പോലും പറയാന്‍ പറ്റുമായിരുന്നില്ല. ഈ  സാഹചര്യത്തില്‍ പ്രായോഗികതയും ആത്മാര്‍ത്ഥതയുമുള്ള സമീപനത്തിനാണ് നിലനില്‍പ്പിനായുള്ള പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് കിട്ടുക.

Advertisement