Puthuvype light house
Reading Time: 7 minutes
കൊച്ചി
LNG Terminal, PuthuVype
LNG Terminal, PuthuVype

പുതുവൈപ്പ്‌ കടല്‍ത്തീരത്തെ മണ്ണെടുപ്പിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധങ്ങള്‍‌ വീണ്ടും ജനകീയ സമരങ്ങള്‍ക്കു കാരണമാകുകയാണ്. തീരത്തെ വന്‍കിട പദ്ധതികള്‍ക്കായി കടലില്‍ നിന്നു ഡ്രെഡ്ജ് ചെയ്ത മണല്‍ വെള്ളക്കെട്ടും കടലാക്രമണഭീഷണിയും നേരിടുന്ന ജനങ്ങള്‍ക്കു നല്‍കുന്നതിനു പകരം വന്‍ വിലയ്ക്ക് വില്‍ക്കാനുള്ള തുറമുഖവകുപ്പിന്‍റെ നീക്കം നാട്ടുകാര്‍ തടയാന്‍ തുടങ്ങിയതാണ് സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചിരിക്കുന്നത്. മൂന്നു വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്ന എറണാകുളം വൈപ്പിന്‍ ദ്വീപിലെ ജനസാന്ദ്രമായ ഈ തീരപ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ടും മലിനജലവും പ്രദേശവാസികളെ നിത്യദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.    ഭീഷണിയും പരിസ്ഥിതിയാഘാതവും നേരിടുന്ന ഇവിടെ മാലിന്യവും വെള്ളക്കെട്ടും രൂക്ഷമായതോടെ കൊതുക്, ഈച്ച, തുടങ്ങിയ രോഗവാഹികളുടെ സങ്കേതമായി മാറി. പ്രകൃതി ദുരന്തഭീഷണിക്കും വന്‍കിടകമ്പനികളുടെ മനുഷ്യനിര്‍മ്മിത പ്രത്യാഘാതങ്ങളും കാത്തു കഴിയുന്ന നാട്ടുകാര്‍ ഇന്ന്, കൊവിഡും ഷിഗെല്ലയും പോലുള്ള മാരകരോഗങ്ങളുടെ പശ്ചാത്തലത്തില്‍  കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്.

Waterlogging Puthuvype
Waterlogging Puthuvype

വെള്ളക്കെട്ടു മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന പ്രദേശമാണ് പുതുവൈപ്പ് കടപ്പുറം. വേലിയേറ്റസമയത്ത് കരയിലേക്കു കയറുന്ന വെള്ളം ഇടുങ്ങിയ തോടുകളിലൂടെ പുരയിടത്തില്‍ കയറുന്നു. അടുത്ത കാലത്തായി രൂക്ഷമായ വെള്ളക്കെട്ടാണ് പ്രദേശവാസികള്‍ നേരിടുന്നത്. ഇത് തടയണമെങ്കില്‍ വലിയ തോതില്‍ ഭൂമി ഉയര്‍ത്തേണ്ടി വരും. വന്‍കിട പദ്ധതികള്‍ നടത്തുമ്പോള്‍ സാമൂഹിക ഉത്തരവാദിത്തം എന്ന നിലയില്‍ പ്രദേശവാസികളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ജിവിതനിലവാരം ഉയര്‍ത്തേണ്ട ബാധ്യത ഇവരില്‍ നിക്ഷിപ്തമാണ്. എന്നാല്‍ അത്തരം വികസനപ്രവര്‍ത്തനങ്ങള്‍ പോയിട്ട് പരിസ്ഥിതി സംരക്ഷണത്തിനു പോലും പദ്ധതികള്‍ നടപ്പാക്കാന്‍ ഇവര്‍ തയാറാകുന്നില്ലെന്നാണ് ഇവിടത്തെ കമ്പനികളെപ്പറ്റിയുള്ള വിമര്‍ശനം.

 

ഈ കമ്പനികളെപ്പറ്റി തന്നെ വ്യക്തമായ ധാരണ പൊതുജനത്തിനില്ല. പെട്രൊനെറ്റ്  എല്‍എന്‍ജി ലിമിറ്റഡ് നടത്തുന്ന ദ്രവീകൃത പ്രകൃതി വാതക പ്ലാന്‍റ്  അടങ്ങുന്ന എല്‍എന്‍ജി ടെര്‍മിനല്‍, പൊതുമേഖല എണ്ണക്കമ്പനിയായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ഉപസ്ഥാപനമായ കൊച്ചി റിഫൈനറീസ് നടത്തുന്ന പുറം കടലില്‍ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റിറക്കുമതി ഹബ്ബ് ആയ സിംഗിള്‍ ബോയ്  മൂറിംഗ് പദ്ധതി, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റിന്‍റെ  ചുമതലയില്‍ ദുബായ് പോര്‍ട്ട് ട്രസ്റ്റ് നടത്തുന്ന മദര്‍ഷിപ്പുകളില്‍ നിന്നു കണ്ടെയ്നറുകള്‍  ചെറിയ ചരക്കു കപ്പലുകളിലേക്കു മാറ്റി അടുപ്പിക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ടെര്‍മിനല്‍ എന്നിവയാണ് ഈ പദ്ധതികള്‍. ഇതില്‍ രണ്ടെണ്ണവും സ്വകാര്യ മേഖലാകമ്പനികളാണെങ്കിലും തീരത്തിന്‍റെ സംരക്ഷണ ചുമതല കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

Sand gathered near Terminal
Sand gathered near Terminal

ആഗോള താപനം മൂലമുള്ള കടല്‍നിരപ്പ് ഉയരലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കനത്തമഴയിലെ വെള്ളക്കെട്ടും പരമ്പരാഗത വേലിയേറ്റ വേയിലിറക്ക ക്രമങ്ങളില്‍ അടുത്ത കാലത്തുണ്ടായ വ്യതിയാനവുമെല്ലാമാണ് ഈ പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശത്തെ ജനജീവിതം വഷളാക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വലിയ തോതില്‍ ജനം അധിവസിക്കുന്ന പ്രദേശമാണിവിടം. പതിനൊന്നര കിലോമീറ്റര്‍ ചുറ്റളവില്‍ 65,000 പേരാണ് അധിവസിക്കുന്നത്. പരിസ്ഥിതി ദുര്‍ബ്ബലപ്രദേശമായ ഇവിടെ നിന്നുള്ള മണ്ണെടുപ്പ് ജനജീവിതത്തെയും ജൈവവൈവിധ്യത്തെയും ബാധിക്കുമെന്ന്  വി എസ് വിജയന്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം.  വേലിയേറ്റത്തില്‍ കരയിലെത്തുന്ന കടല്‍ വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് വികസനമടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.

Poster against Cochin port trust about sand issue of Puthuvype
Poster against Cochin port trust about sand issue of Puthuvype

ഈ നിര്‍ദേശങ്ങളൊന്നു പോലും ഈ കമ്പനികള്‍ നടപ്പാക്കിയില്ലെന്നു മാത്രമല്ല, തലയ്ക്കു മുകളില്‍ ആറ്റം ബോംബ് പോലെ തൂങ്ങിയാടുന്ന പദ്ധതികള്‍ക്കു നടുവില്‍  കഴിയുന്ന ജനങ്ങള്‍ക്ക് ലഭിക്കുന്ന കച്ചിത്തുരുമ്പു പോലും തുഴഞ്ഞകറ്റുകയാണ് ഇതു നടപ്പാക്കാന്‍ ചുമതലയുള്ള അധികൃതര്‍. സ്ഥിരമായി വെള്ളക്കെട്ടും വേലിയേറ്റവുമനുഭവിക്കുന്ന ദരിദ്രരായ ജനങ്ങള്‍ക്ക് പദ്ധതിയുടെ കാര്യമായ യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. പരിസ്ഥിതിനാശത്തിന്‍റെ ദുരന്തഫലം അവര്‍ പ്രകടമായി അനുഭവിക്കുകയും ചെയ്യുന്നു. എങ്കിലും അവരുടെ വീടുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കടല്‍ത്തീരത്തെ മണല്‍ എടുക്കുന്നതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതിന് അവരെ അനുവദിക്കാതെ കച്ചവടലാഭം മാത്രം നോക്കുകയാണ് പോര്‍ട്ട് ട്രസ്റ്റെന്നാണ് അവരുടെ ആരോപണം. പുതുവൈപ്പ് സ്വദേശിയും സമരത്തിന് നേതൃത്വം നല്‍കുന്ന വൈപ്പിന്‍ ഐലന്‍ഡ് ജനകീയസമിതി സെക്രട്ടറിയുമായ സിറാജ് പറയുന്നു.

Siraj Babu , Secretary, Vypine Island Janakeeya Samity

” ഡ്രെഡ്ജ്  ചെയ്യുന്ന കാലം മുതല്‍ ഇവിടെ നിന്ന് ആളുകള്‍ ചാക്കിലും ട്രോളിക്കും മണലെടുക്കുമായിരുന്നു.‍ നിലവില്‍ പുരയിടങ്ങളിലെ  വെള്ളക്കെട്ട് ഒഴിവാക്കാനുള്ള  താത്കാലികമാര്‍ഗ്ഗം എന്ന നിലയിലാണിത് ചെയ്യുന്നത്. ആരെയും മണ്ണെടുക്കാന്‍ അനുവദിക്കുന്നില്ല. ഇവിടെ നിന്നു കൊണ്ടു പോകുന്ന മണല്‍ കൂറ്റന്‍ ടോറസുകളിലാക്ക് ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തേക്കു കടത്തുകയാണവര്‍. ചോദിക്കുമ്പോള്‍ ഇത് കരാര്‍ കൊടുത്തിരിക്കുകയാണെന്ന മറുപടിയാണ് കിട്ടുന്നത്. യഥാര്‍ത്ഥത്തില്‍ അടിക്കടി വെള്ളം കയറുന്ന ഇവിടെ നിലമുയര്‍ത്താനും പാവപ്പെട്ടവര്‍ക്ക്  വെള്ളക്കെട്ടില്‍ നിന്ന് രക്ഷ നേടാനും ഇവിടെത്തന്നെ ഇതു വിനിയോഗിക്കുകയാണ് ന്യായം. സൗജന്യമായി മണല്‍ വിതരണം നടത്തുകയാണ് ചെയ്യേണ്ടതെന്നാണ് ഞങ്ങളുടെ നിലപാട്”

sand lorry
sand lorry Puthuvype

സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിനെതിരേ രംഗത്തു വരാത്ത സാഹചര്യത്തില്‍ പ്രദേശത്തെ യുവജനങ്ങളുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത വൈപ്പിന്‍ ഐലന്‍ഡ്  ജനകീയ സമിതിയാണ് ഇപ്പോള്‍ സജീവമായി സമരരംഗത്തുള്ളത്. പദ്ധതിപ്രദേശത്ത് നിന്ന് മണല്‍ കടത്തുന്ന ലോറികള്‍ ഇവര്‍ തടഞ്ഞിരുന്നു. കൊവിഡ് കാലമായതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കി പ്രോട്ടോക്കോള്‍ പാലിച്ചാണ് സമരം നടത്തിയത്. വിഷയത്തില്‍ കളക്റ്റര്‍, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, പോലീസ് തുടങ്ങിയ ഉന്നതോദ്യോഗസ്ഥര്‍ക്കെല്ലാം പരാതി നല്‍കിയിട്ടുണ്ടെന്ന് വോക്ക് മലയാളത്തോട് സിറാജ്  ബാബു പറഞ്ഞു. പുതിയ പഞ്ചായത്ത് ഭരണസമിതി  അധികാരമേറ്റ ശേഷം ലഭിച്ച ആദ്യ പരാതിയും തങ്ങളുടേതാണ്. ഇതോടൊപ്പം നിയമനടപടികളും നടത്തും. സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളുപയോഗിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.  വിവരാവകാശനിയമപ്രകാരം ഇതു സംബന്ധിച്ച രേഖകള്‍ സമ്പാദിക്കാനുള്ള നീക്കവുമായി സമിതി മുന്നോട്ടു പോകുകയാണെന്നും സിറാജ് വ്യക്തമാക്കി.

നിയമങ്ങള്‍ പലതും അട്ടിമറിച്ചാണ് വെള്ളക്കെട്ടില്‍ തങ്ങളെ മുക്കിത്താഴ്ത്തുന്നതെന്ന് പ്രദേശ വാസി നാലകത്ത് റഫീക്ക് പറയുന്നു. സ്ഥിരമായി വെള്ളക്കെട്ട് നിലനില്‍ക്കുന്നതു മൂലം വീടിന്‍റെ അകത്തെ ചുമരുകള്‍ പോലും ഈര്‍പ്പത്തിലും ഉപ്പിലും ദുര്‍ബലപ്പെട്ടു കൊണ്ടിരിക്കുന്നതായി അദ്ദേഹം പറയുന്നു.

Nalakathu Rafeeque
Nalakathu Rafeeque resident Puthuvype

” തോടുകളും ഓടകളും അടഞ്ഞിരിക്കുകയാണ്. അത് പണിയുന്നതിന് അനുവദിച്ച എംഎല്‍എ ഫണ്ട് പോരെന്ന് പറഞ്ഞ കരാറുകാരന്‍ കേസ് കൊടുത്തിരിക്കുകയാണ്. സര്‍ക്കാരും കരാറുകാരനും തമ്മിലുള്ള വടം വലിയില്‍ കഷ്ടപ്പെടുന്നത് ഞങ്ങള്‍ നാട്ടുകാരാണ്. 26 വര്‍ഷമായി ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ട്. മര്യാദയ്ക്ക് ജോലിക്ക് നടന്നു പോയിരുന്ന തനിക്ക് വെള്ളക്കെട്ടിലുണ്ടായ ചര്‍മ്മരോഗം മൂലം ഇപ്പോള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ഇതേവരെ വെള്ളക്കെട്ട് മാറ്റാന്‍ ശാശ്വത പരിഹാരമായില്ല. വര്‍ഷാവര്‍ഷം റോഡിനടുത്തുള്ള തോട് ജെസിബിക്ക് മണ്ണു മാറ്റാറുണ്ട്. അതിനുള്ള ഫണ്ട് ഉപയോഗിക്കാനുള്ള ഒരു കാണിച്ചുകൂട്ടല്‍ മാത്രമാണെന്നു തോന്നും. തിട്ടകള്‍ ഉയര്‍ത്തി ആഴം കൂട്ടുകയാണ് വേണ്ടത്” കെട്ടിട നിര്‍മാണത്തൊഴിലായിരുന്ന റഫീക്ക് കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്നു. പ്രായവും അവശതയും കൂടിയതോടെ ഉന്തുവണ്ടിയില്‍ ബജിക്കച്ചവടം നടത്തി വരികയായിരുന്നു. സമരവും മറ്റും വന്നതോടെ കച്ചവടം പൂട്ടിപ്പോയി.

പുതുവൈപ്പ് പ്രദേശത്തെ നിര്‍മിതികളാണ് അവിടത്തെ ദുരിതജീവിതത്തിന്‍റെ പ്രധാന കാരണമെന്ന് കേരളമത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്‍റ് ചാള്‍സ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടുന്നു. പുതിയ പദ്ധതികള്‍ തുടങ്ങിയതോടെ നേരത്തേ ഉണ്ടായിരുന്ന ജല നിര്‍ഗമന മാര്‍ഗങ്ങള്‍ അടഞ്ഞു പോയതാണ് വെള്ളക്കെട്ടിനു കാരണം.

Charles George, president TUCI
Charles George, president TUCI

” പുതുവൈപ്പിനില്‍ ടിഎസ് കനാല്‍, ഗന്‍ഡര്‍ കനാല്‍ തുടങ്ങിയ കനാലുകളുണ്ടായിരുന്നു. വൈപ്പിനില്‍ ഏതാണ്ട് 26 വലിയ തോടുകളുണ്ടായിരുന്നു.  ചതുപ്പുപ്രദേശമായ പുതുവൈപ്പില്‍ നേരത്തേ വെള്ളം വാര്‍ന്നു പോകാനുള്ള ഇത്തരം സംവിധാനങ്ങളുണ്ടായിരുന്നു.  എന്നാല്‍ ആഗോള താപനവും  കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍റെ നിര്‍മിതികളും വന്നതോടെ തോടുകള്‍ നികന്നു പോയി. പദ്ധതികള്‍ സ്ഥാപിച്ചവര്‍ ആദ്യം ചെയ്തത് തെക്കു വടക്കായി ഒരു വലിയ റോഡുയര്‍ത്തി. ഇതോടെ ആ പ്രദേശം രണ്ടായി വേര്‍പെട്ടു, ഒരിടത്ത് അതിരൂക്ഷ പാരിസ്ഥിതിക ആഘാതമുള്ള പ്രദേശവും താരതമ്യേന കുറഞ്ഞ ആഘാതമുള്ള പ്രദേശവുമായി മാറി. കടലാക്രമണം വരുമ്പോള്‍ തോടുകളിലൂടെ കയറുന്ന വെള്ളം തിരിച്ചിറങ്ങാനുള്ള മാര്‍ഗങ്ങളടഞ്ഞു. ടിഎസ് കനാലിന്‍റെ ഒരു ഭാഗത്ത് ഫിഷ് ലാന്‍ഡിംഗ് സെന്‍റര്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് നിര്‍മിച്ചില്ലെന്നു മാത്രമല്ല, അവിടേക്ക് ഡ്രെഡ്ജ് ചെയ്ത മണ്ണ് അടിയാന്‍ തുടങ്ങി. ഇവിടെയിപ്പോള്‍ ആഴം കുറഞ്ഞിരിക്കുകയാണ്. പഞ്ചായത്ത് പരിധിയിലുള്ള ഭാഗത്ത് എക്കലും മണ്ണും നീക്കിയെങ്കിലും പോര്‍ട്ട് ട്രസ്റ്റിന്‍റെ ഭാഗത്ത് അതൊന്നും ചെയ്തില്ല. ഇതേത്തുടര്‍ന്ന് തോടിന്‍റെ ആഴം വര്‍ധിപ്പിക്കാനും ഫിഷ് ലാന്‍ഡിംഗ് നിര്‍മിക്കാനുമാവശ്യപ്പെട്ട്  ഞങ്ങള്‍ പോര്‍ട്ട് ട്രസ്റ്റിനു മുന്നില്‍ ധര്‍ണ നടത്തി. ഡ്രെഡ്ജ് ചെയ്ത മണ്ണ് ചെല്ലാനത്തെ കടലാക്രമണം തടയുന്നതിന് ഉപയോഗിക്കാം, കാരണം പോര്‍ട്ട് ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്തെ രൂക്ഷമായ കടലാക്രമണങ്ങള്‍ക്ക് പ്രധാന കാരണം. അല്ലെങ്കില്‍ പുതുവൈപ്പിലെ ജനങ്ങളുടെ പുരയിടത്തില്‍ വെള്ളക്കെട്ട് നികത്താന്‍ ഉപയോഗിക്കാം. പഞ്ചായത്തുമായി ബന്ധപ്പെട്ട് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള തീരസംരക്ഷണ പദ്ധതികളും ചെയ്യണം. എന്നാല്‍ അതിനൊന്നും താത്പര്യം കാട്ടാതെ മണ്ണ് വിറ്റു കാശാക്കുകയാണ് പോര്‍ട്ട് ട്രസ്റ്റ്. ഇതിനെതിരേ മേല്‍പ്പറഞ്ഞ ആവശ്യങ്ങളുയര്‍ത്തി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഞങ്ങള്‍”

A house at Puthuvype
A water logged house at Puthuvype

സിആര്‍ഇസഡ് മേഖലയിലുള്ള  മണ്ണ് നീക്കം ചെയ്യാന്‍ പാടില്ലെന്നാണ് നിയമത്തിലെ വ്യവസ്ഥയെന്നാണ് പരിസ്ഥിതിമേഖലയുമായി ബന്ധപ്പെട്ടവരും സമരനേതാക്കളും പറയുന്നത്. പോര്‍ട്ട് ട്രസ്റ്റിന് പോലും ഇതിനുള്ള അധികാരമില്ലെന്ന് പുതുവൈപ്പ് സ്വദേശിയും എല്‍എന്‍ജി വിരുദ്ധ ജനകീയ സമരസമിതി നേതാവുമായ ജയഘോഷ് ചൂണ്ടിക്കാട്ടുന്നു. ” ധാതുക്കളടങ്ങിയ മണ്ണ് തോന്നിയതു പോലെ വില്‍ക്കാന്‍ രാജ്യത്തെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. പോര്‍ട്ട് ട്രസ്റ്റ് അത്തരമൊരു അനുമതി വാങ്ങിയതായി അറിയില്ല.  അങ്ങനെ വില്‍ക്കണമെങ്കില്‍ത്തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റ് ഏജന്‍സികള്‍   ഉണ്ട്. എന്നാല്‍ കോണ്‍ട്രാക്റ്റര്‍മാര്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തുകയാണ്. പോര്‍ട്ട് ട്രസ്റ്റിന് വരുമാനമൊന്നും കിട്ടുന്നുമില്ല. ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ മുതലാണ്. അങ്ങനെയാകുമ്പോള്‍ ഇതൊരു ക്രമക്കേട് കൂടിയായി മാറുകയാണ്. കപ്പല്‍ അടുപ്പിക്കണമെങ്കില്‍ 14 മീറ്റര്‍ ആഴം വേണം. അതിന് സ്ഥിരമായി ഡ്രഡ്ജ് ചെയ്യണം.  ഇത് ഇപ്പോള്‍ ഒരു മാനദണ്ഡവും പാലിക്കാതെ വില്‍ക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇതാണ് ജനങ്ങള്‍ ഈ വിഷയത്തില്‍ സജീവമാകുന്നതിന് കാരണം”

കപ്പല്‍ചാലിന്റെ ആഴം വര്‍ധിപ്പിക്കുന്നതിന്‌ ഡ്രജ്‌ ചെയ്യുന്ന മണ്ണ്‌ അടിഞ്ഞ്‌ പുതുതായി തിട്ടെ കളുയരുന്നത്‌ തീരദേശ മത്സ്യബന്ധനത്തെ ബാധിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രെജിംഗുമായി ബന്ധപ്പെട്ട്‌ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ പിന്തുടരുന്ന നിലപാട്‌ പരമ്പരാഗത മത്സ്യത്തൊഴിലാളിവിരുദ്ധവും ഒപ്പം പാഴ്‌ച്ചെലവുമായി മാറുന്നതായി കേരള പരമ്പരാഗതമത്സ്യത്തൊഴിലാളി സമിതി സംസ്ഥാന സെക്രട്ടറി പി ബി ദയാനന്ദന്‍ പറയുന്നു. ” പോര്‍ട്ട്‌ ട്രസ്‌റ്റും ഡ്രെജിഗ്‌ കരാറുകാരും തമ്മിലുള്ള ഉടമ്പടി വ്യവസ്ഥകള്‍ കോണ്‍ട്രാക്‌റ്റര്‍മാര്‍ പാലിക്കുന്നില്ല. ഡ്രെജ്‌ ചെയ്യുന്ന മണ്ണ്‌ നിശ്ചിത ദൂരപരിധിക്കപ്പുറം കടലില്‍ പുറന്തള്ളാനാണ്‌ കരാര്‍. കീഎന്നാല്‍ ഇത്‌ ഇന്ധനച്ചെലവ്‌ വര്‍ധിപ്പിക്കും. ചെലവ്‌ കുറയ്‌ക്കാനും യ അടുപ്പിച്ചടുപ്പിച്ച്‌ ട്രിപ്പ്‌ അടിക്കാനും ഈ ദൂരപരിധി കുറച്ച്‌ കൊണ്ടു വരുന്നു. ഇതു മൂലം മത്സ്യത്തൊഴിലാളിക്കുണ്ടാകുന്ന തൊഴിലുപകരണങ്ങളുടെ നഷ്ടക്കണക്ക്‌ തന്നെ കോടികള്‍ വരും. കൊച്ചി അഴിമുഖത്ത്‌ നിന്ന്‌ മണ്ണു നീക്കുന്നത്‌ ഒരിക്കലും പ്രായോഗികമല്ല. ഡ്രെജ്‌ ചെയ്‌തു നീക്കുന്ന മണ്ണ്‌ തിരികെ ഇവിടെ തന്നെ അടിയും. എന്നാല്‍ കപ്പല്‍ ഗതാഗതം നടക്കണമെങ്കില്‍ വേറെ വഴിയില്ല, കപ്പല്‍ച്ചാല്‌ കാലാന്തരത്തോളം മണ്ണു നീക്കിക്കൊണ്ടേയിരിക്കണം”

സമരത്തെ അനുകൂലിക്കാന്‍ നാട്ടുകാരെ പ്രേരിപ്പിക്കുന്നതും ഇതില്‍ നീതിയും ന്യായവുമുണ്ടെന്ന് ബോധ്യമാണെന്ന് റഫീക്ക് പറയുന്നു. ”ഇനി യുവതലമുറ കാര്യങ്ങള്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്, പുതിയ കുട്ടികളാണ് പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവിടത്തെ യുവ മെംബറോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അവര്‍ നാടിനെ രക്ഷിക്കട്ടെ. ഇനി അവര്‍ക്കെല്ലാ പ്രോത്സാഹനവും നല്‍കണമെന്നാണ് പറയാനുള്ളത്” ഈ വയോവൃദ്ധന്‍റെ വാക്കുകളില്‍ എല്ലാം അടങ്ങിയിരിക്കുന്നു. കൂടുതല്‍ വലിയ സമരമാര്‍ഗങ്ങളിലേക്കാണ് ജനകീയ സമരസമിതി പോകുന്നതെന്ന് സിറാജ് ബാബു പറയുന്നു. പഞ്ചായത്ത് ഭരണ സാരഥ്യമേറ്റെടുത്ത പുതിയ സമിതിക്കു മുന്‍പാകെ എത്തിയ ആദ്യ പരാതി ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ്. സമിതിയുടെ നേതൃത്വത്തില്‍ വിവരാവാകാശനിയമപ്രകാരമുള്ള നടപടികളും എടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പിന്തുണയോടെ ആധുനികമായ എല്ജലാ സൗകര്യങ്ങളുമുപയോഗിച്ച് എല്ലാവരെയും ബോധ്യപ്പെടുത്തി  ജനകീയമായി സമരത്തെ മുന്നോട്ടു കൊണ്ടു പോകാനാണു തീരുമാനിച്ചതെന്ന് സിറാജ് വ്യക്തമാക്കി.

നിലവില്‍ ജനങ്ങള്‍ക്ക് ഭീഷണിയായ പദ്ധതി കൊണ്ട് തുച്ഛമായ നേട്ടമെങ്കിലും ലഭിക്കുന്ന പദ്ധതിയാണ് അധികൃതരുടെ ലാഭക്കൊതി കൊണ്ട് നഷ്ടമാകുന്നത്. വര്‍ത്തമാന ദുരിതവും ഭാവിയിലെ പ്രതീക്ഷിത ദുരന്തവും പേറുമ്പോഴും ന്യായമായ ഒരു നേട്ടവും സാധാരണക്കാരനുണ്ടാകരുതെന്ന് ഉറപ്പിച്ചതു പോലെയാണ് ഇക്കാര്യത്തില്‍ അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ പെരുമാറ്റമെന്നു പുതുവൈപ്പുകാര്‍ കരുതിയാല്‍ തെറ്റു പറയാനാകില്ല.

 

 

 

 

 

 

Advertisement