തിരുവനന്തപുരം ∙ കോവിഡിനെത്തുടർന്നു മാറ്റിയ കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) 4 ജില്ലകളിലായി നടത്താനുള്ള സർക്കാർ തീരുമാനം വിവാദത്തിൽ. മേളയുടെ സ്ഥിരം വേദി തിരുവനന്തപുരത്തു നിന്നു മാറ്റാനുള്ള നീക്കമാണു നടക്കുന്നതെന്ന ആരോപണവുമായി ആദ്യം കെ.എസ്.ശബരിനാഥൻ എംഎൽഎയും പിന്നാലെ ശശി തരൂർ എംപിയും രംഗത്തെത്തി.
കോവിഡ് സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിച്ചു സംഘടിപ്പിക്കേണ്ടതിനാൽ താൽക്കാലികമായാണു പല കേന്ദ്രങ്ങളിലായി നടത്തുന്നതെന്നും സ്ഥിരം വേദി തിരുവനന്തപുരം തന്നെയായിരിക്കുമെന്നും മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയിരുന്നു. വിവാദങ്ങൾ ഉയർന്നതിനെ തുടർന്നു ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ കമലും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്നലെയും ഇക്കാര്യം ആവർത്തിച്ചു.