Wed. Jan 22nd, 2025
ന്യൂഡൽഹി:

 
കൊവിഡ്–19നെ പ്രതിരോധിക്കുന്ന വാക്സിൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ മാത്രമായിരിക്കില്ല, രാജ്യത്താകെ വാക്സിൻ സൗജന്യമായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വാക്സിൻ വിതരണത്തിന് 14 ലക്ഷം സിറിഞ്ച് എത്തി; ശനിയാഴ്ച നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന വാക്സിൻ ‍ഡ്രൈ റൺ മാർഗനിർദേശങ്ങൾ പാലിച്ചുള്ളതാണ്. വാക്സിൻ നൽകുന്ന കാര്യമൊഴിച്ച് എല്ലാ കാര്യവും കൃത്യമായ രീതിയിലാണു ചെയ്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹി ജിടിബി ആശുപത്രിയിലെത്തിയാണ് അദ്ദേഹം ഡ്രൈ റൺ നടപടികൾ പരിശോധിച്ചത്.

“കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. വാക്സിനുകളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നത് ഞങ്ങളുടെ മുൻഗണനയാണ്. പോളിയോ രോഗപ്രതിരോധ സമയത്ത് വിവിധതരം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ആളുകൾ വാക്സിൻ കഴിച്ചു, ഇന്ത്യ ഇപ്പോൾ പോളിയോ വിമുക്തമാണ്,” മന്ത്രി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.