Sat. Jan 18th, 2025
Gold smuggling via sea route also says ed
കൊച്ചി:

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ് പുതിയ തലത്തിലേക്ക്‌.

സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കർ കൂടി പ്രതിചേർക്കപ്പെട്ട കേസിൽ അപ്രതീക്ഷമായ ചില വിവരങ്ങളാണ് അന്വേഷണ ഏജൻസി പുറത്തുവിടുന്നത്.

കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നിഗമനം. കഴിഞ്ഞ ഏപ്രിൽ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

യുഎഇ സർക്കാർ കോസ്റ്റ് ജനറലിന് അയച്ച കാർഗോ എത്തിയത് ഏപ്രിൽ രണ്ടിനായിരുന്നു. കുപ്പിവെള്ളം എന്ന ലേബലിലാണ് കാർഗോ എത്തിയത്. സംശയത്തെ തുടര്‍ന്ന് അന്ന് കാര്‍ഗോ പരിശോധിക്കാന്‍ കസ്റ്റംസിന്‍റെ തന്നെ അസ്സസ്സിംഗ് ഓഫീസര്‍  നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ പരിശോധനയില്ലാതെ കാര്‍ഗോ വിട്ടു കൊടുത്തു. സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം എം ശിവശങ്കര്‍ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെയായിരുന്നു കാര്‍ഗോ വിട്ടുകൊടുത്തത്.

കാർഗോ തുറക്കരുതെന്ന് നിർദ്ദേശം നൽകണമെന്ന് സ്വപ്ന ശിവശങ്കറിനോട് പറയുന്നതടക്കമുള്ള വിവരങ്ങൾ വാട്സ് ആപ്പ് സന്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. എന്തടിസ്ഥാനത്തിലാണ് കാര്‍ഗോ വിട്ടു കൊടുത്തതെന്ന് വ്യക്തമാക്കാന്‍ കസ്റ്റംസിനോട് എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റിന്റെ നീക്കം.

അതേസമയം, ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനു പുറമേ, കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടണമെന്ന് കസ്റ്റംസ് സംഘം കോടതിയെ അറിയിച്ചു.

പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നതാണ് കസ്റ്റംസിന്റെ നിലപാട്.

https://www.youtube.com/watch?v=Z5v6r4fnmro

 

By Arya MR