Mon. Dec 23rd, 2024
Raman Srivastava and Pinarayi Vijayan

തിരുവനന്തപുരം:

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം ശക്തമാകുകയാണ്.  കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് പാര്‍ട്ടിയ്ക്കകത്തും രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ മുറുമുറുപ്പുയരുന്നത്.

റെയ്ഡ് വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും വിജിലന്‍സ് പരിശോധനയെക്കുറിച്ച് അറിയുന്നത്. റെയ്ഡ് നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് നിര്‍ദേശം നല്‍കുകയായിരുന്നു.

മാത്രവുമല്ല വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍ അവധിയിലായിരിക്കുമ്പോഴാണ് പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ റെയ്ഡിന് നിര്‍ദേശം നല്‍കിയത്. സുധേഷ് കുമാറിനോട് അവധി റദ്ദാക്കി വ്യാഴാഴ്ച തിരിച്ചുവരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=speGgt4Lz84

ധനമന്ത്രി തോമസ് ഐസകും മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീവാസ്തവയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ പോലും അറിയിക്കാതെ കെഎസ്എഫ്ഇയില്‍ നടത്തിയ റെയ്ഡിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നാണ് നേതാക്കന്‍മാര്‍ വിലയിരുത്തുന്നത്.

ഓപ്പറേഷന്‍ ബചത്’ എന്നുപേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തെ ശ്രീവാസ്തവയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സഹായിക്കാനാണ് വിജിലന്‍സ് കെഎസ്എഫ്ഇയില്‍ പരിശോധന നടത്തിയതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ വിമർശനവുമായി സിപിഐയും രംഗത്തെത്തി. ബിജെപിയും കോൺഗ്രസും നടത്തുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡെ്ന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. റെയ്ഡിലെ അനൗചിത്യം ധനമന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതാണ്. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്ഡിന് പിന്നിലെ ചേതോവികാരം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന സംശയം പ്രസക്തം. സർക്കാർ സ്ഥാപനത്തെ മറ്റൊരു സർക്കാർ ഏജൻസി സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നത് അപലപനീയമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

 

By Binsha Das

Digital Journalist at Woke Malayalam