Fri. Apr 26th, 2024
Neyyar Dam Police Station AS

തിരുനന്തപുരം:

കാക്കിയുടെ വില കളയുന്ന പൊലീസിന്‍റെ നാട്യം സീരിസായി തുടരുകയാണ് കേരളത്തില്‍. കണ്ണൂര്‍ ചെറുപുഴയിലെ സിഐയുടെ വിളയാട്ടത്തിന് പിന്നാലെ കാക്കിയുടെ മാന്യത കളഞ്ഞ് കുളിക്കുന്ന മറ്റൊരു സംഭവം കൂടി. തിരുവനന്തപുരം നെയ്യാറിൽ പരാതി പറയാൻ സ്റ്റേഷനിലെത്തിയ വ്യക്തിയെ മകളുടെ സാന്നിധ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥൻ അധിക്ഷേപിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നെയ്യാർ ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഗോപകുമാറാണ് ഒരു മയവുമില്ലാതെ പരാതിക്കാരനോട് തട്ടിക്കയറുന്നത്.

കുടുംബത്തിലുണ്ടായ ഒരു പ്രശ്നത്തിന്റെ പേരില്‍ മകള്‍ക്കൊപ്പം പരാതി പറയാന്‍ എത്തിയതായിരുന്നു സുദേവന്‍. എന്നാല്‍, നിന്റെ കേസ് മാത്രമല്ല ഇവിടെ ഉള്ളതെന്നും  ഇറങ്ങിപ്പോകാനും പൊലീസ് ഉദ്യോഗസ്ഥന്‍ ആജ്ഞാപിക്കുകയായിരുന്നു. പരാതിക്കാരനായ സുദേവന്‍ തന്നെ താന്‍ നേരിട്ട അധിക്ഷേപത്തെ കുറിച്ച് മാധ്യമങ്ങളോട്  വ്യക്തമാക്കിയിട്ടുണ്ട്.

മദ്യപിച്ചാണ് സുദേവന്‍ എത്തിയതെന്നാരോപിച്ചായിരുന്നു പൊലീസ് പരിസര ബോധം മറന്ന് പെരുമാറിയത്. താന്‍ ജീവിത്തതില്‍ മദ്യപിച്ചിട്ടില്ലെന്നും ഒരു രോഗിയാണെന്നും സുദേവന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മകളും അച്ഛന്‍ മദ്യപിച്ചിട്ടില്ലെന്ന് എഎസ്ഐ ഗോപകുമാറിനോട് തറപ്പിച്ച് പറയുന്നുണ്ട്. ഇത് പറഞ്ഞ മകളോടും മോശമായ രീതിയിലാണ് പൊലീസ് പെരുമാറുന്നത്.

പരാതി പറയാനല്ലെ വന്നത്. ഞങ്ങള്‍ അനാവശ്യമായി എന്തെങ്കിലും പറഞ്ഞോ എന്ന് സുദേവന്‍ ചോദിച്ചപ്പോള്‍. ഞങ്ങള്‍ അനാവശ്യമായി പറയും എന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടിയായി പറയുന്നത്. ഇതാണോ പൊലീസ് സ്റ്റേഷന്‍റെ മര്യാദ എന്ന് ചോദിച്ചപ്പോള്‍ ഇത് തന്നെയാണ് പൊലീസ് സ്റ്റേഷന്‍ എന്നാണ് എഎസ്ഐ ഗോപകുമാറിന്‍റെ ധാര്‍ഷ്ഠ്യത്തോടെയുള്ള മറുപടി.

മേൽ ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഉള്ളപ്പോഴായിരുന്നു അധിക്ഷേപം. മേൽ ഉദ്യോഗസ്ഥർക്ക് എഎസ്ഐയെ വിലക്കമായിരുന്നു. അതുമുണ്ടായില്ല. പരാതിയിൽ നിന്നും പിന്നോട്ട് പോകില്ലെന്നും

ഇന്നലെ മുതല്‍ വീഡിയോ വലിയ ചര്‍ച്ചയായതോടെ പരാതിക്കാരനോട് മോശമായി പെരുമാറിയ എഎസ്ഐ ഗോപകുമാറിന് ഡിജിപി ഇടപെട്ട് പതിവ് പോലെ ഒരു സ്ഥലം മാറ്റി നല്‍കി. എന്നാല്‍ സ്ഥലം മാറ്റം മാത്രം നല്‍കി കണ്ണില്‍പ്പൊടിയിടുന്നതിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. ആരെങ്കിലും പ്രതികരിച്ചാല്‍ ആകെ ചെയ്യുന്നത് ഒരു സ്ഥലം മാറ്റം. ഡിസ്മിസ് ചെയ്യാന്‍ ഇതിലും വലിയ എന്ത് തെളിവു വേണമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. പൊലീസ് പരാതിക്കാരോട് എങ്ങനെ പെരുമാറിയാലും ഇതാണോ ശിക്ഷ? ഇതിന് ഉത്തരം നല്‍കേണ്ടത് ആരാണ്.

By Binsha Das

Digital Journalist at Woke Malayalam