യുപിയിൽ പെൺകുട്ടിയുടെ മൃതദേഹം കടിച്ചെടുത്ത് തെരുവുനായ; വീഡിയോ പങ്കുവെച്ച് സമാജ് വാദി പാര്‍ട്ടി

20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യുപി സർക്കാരിന്റെ കീഴിലുള്ള ആശുപത്രിയിൽ അലക്ഷ്യമായ നിലയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചെടുക്കുന്നത് കാണാം.

0
131
Reading Time: < 1 minute

 

ഉത്തർ പ്രദേശിലെ സാംബാൽ ജില്ലയിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അകെ ചർച്ച ചെയ്യുന്നത്. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യുപി സർക്കാരിന്റെ കീഴിലുള്ള ആശുപത്രിയിൽ അലക്ഷ്യമായ നിലയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചെടുക്കുന്നത് കാണാം. റോഡപകടത്തെ തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ച പെൺകുട്ടിയുടെ മൃതദേഹമാണ് ഒറ്റപ്പെട്ട സ്ഥലത്ത് സ്ട്രെച്ചറിൽ വെളുത്ത തുണികൊണ്ട് പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്‌ട്രെച്ചറിന്റെ മുകളില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിവെച്ച നിലയില്‍ നിന്നാണ് നായ ആ മൃതദേഹം കരണ്ടു തിന്നുന്നത്.

ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ആശുപത്രി അധികൃതർ പിഴവ് സമ്മതിച്ചതായും പെൺകുട്ടിയുടെ പിതാവ് പറയുന്നു. ആക്‌സിഡന്റിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒന്നര മണിക്കൂറോളം ഡോക്ടർമാരും ജീവനക്കാരും ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിച്ചു.

ആശുപത്രിക്കുള്ളിൽ തെരുവ് നായ ഭീഷണി ഉണ്ടെന്നും പ്രാദേശിക നേതാക്കളെ അറിയിച്ചിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആശുപത്രി ഭരണകൂടം വ്യക്തമാക്കി. ഈ വിഷയത്തിൽ തങ്ങളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ചൂണ്ടിക്കാട്ടിയത്.

മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച ഈ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്.
ഇതിനു പിന്നാലെ ആശുപത്രിയിലെ ഒരു തൂപ്പുകാരനേയും വാര്‍ഡ് ബോയിയേയും സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണസമിതി രൂപീകരിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.

 

Advertisement