Mon. Dec 23rd, 2024
A Suitable Boy in Controversy

മുംബെെ:

ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. ട്വിറ്ററില്‍ ‘ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ്’ ക്യാമ്പയിന്‍ സജീവമാകുകയാണ്. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന മിനി വെബ് സീരിസിലെ ഒരു രംഗത്തെ ചൊല്ലിയാണ് ട്വിറ്ററില്‍ നെറ്റ്ഫ്ലിക്സിനെതിരെ ഹിന്ദുത്വവാദികള്‍ വാളെടുത്തിരിക്കുന്നത്. സീരീസിലെ രണ്ട് കഥാപാത്രങ്ങള്‍ ഒരു ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന രംഗത്തെ ചൊല്ലിയാണ് ട്വിറ്ററില്‍ തര്‍ക്കം മുറുകുന്നത്. ഇതിലുപരി ഒരു മുസ്ലീം യുവാവ് ഹിന്ദുപെണ്‍കുട്ടിയെ പരാമ്പരാഗത ക്ഷേത്രപരിസരാങ്കണത്തില്‍വെച്ച് ചുംബിക്കുന്നതാണ് തീവ്ര ഹിന്ദുത്വവാദികള്‍ക്ക് ഹാലിളകാന്‍ കാരണം.

ഹിന്ദുത്വ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇതെന്നും, ലൗ ജിഹാദിനെ മഹത്വവത്കരിക്കുകയാണെന്നുമാണ് ഇവരുടെ ആരോപണം. ഇന്ത്യാ വിരുദ്ധ സന്ദേശമാണ് നെറ്റ്ഫ്‌ളിക്‌സിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇവര്‍ വാദിക്കുന്നു. നെറ്റ് ഫ്ലിക്സിനൊപ്പം നിര്‍മാതാവിനെയും സംവിധായികയെയും ബഹിഷികരിക്കണമെന്നും ചിലര്‍ ആഹ്വാനം ചെയ്യുന്നു. മീര നായരുടെ വെബ് സീരീസ് മാത്രമല്ല, ഭാവിയില്‍ വരാനിരിക്കുന്ന സിനിമകളെല്ലാം തന്നെ ബഹിഷ്കരിക്കണമെന്നും ചിലര്‍ പ്രഖ്യാപിക്കുന്നു. നെറ്റ് ഫ്ലിക്സ് ഇനി കാണില്ല, ഹിന്ദുക്കളെ ഇത് മുറിവേല്‍പ്പിക്കുന്നു. ഒരു ഹിന്ദു ആയിട്ട് കൂടി നിങ്ങള്‍ക്കിത് എങ്ങനെ ചെയ്യാന്‍ സാധിക്കുന്നുവെന്നും ചിലര്‍ ചോദിക്കുന്നു.

https://twitter.com/imsumitrathi/status/1330356254804467712?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1330356254804467712%7Ctwgr%5E&ref_url=https%3A%2F%2Fnews.abplive.com%2Fentertainment%2Flove-jihad-row-a-suitable-boy-netflix-series-lands-into-controversy-for-invoking-love-jihad-boycott-netflix-trends-on-twitter-1394448

എന്നാല്‍, വിഷയത്തില്‍ നെറ്റ്ഫ്ലിക്സിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അമ്പലത്തിനകത്ത് വെച്ച് ഏഴ് വയസുള്ള ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നപ്പോള്‍ പ്രശ്‌നമില്ലാത്തവരാണ് ഇപ്പോള്‍ ക്ഷേത്രത്തിനകത്ത് ചുംബന രംഗം ചിത്രീകരിച്ചപ്പോള്‍ വിമര്‍ശിക്കുന്നതെന്നാണ് പലരും പരിഹസിക്കുന്നത്. അതേസമയം, സീരിസിലെ വിവാദപരമായ ഉള്ളടക്കം പരിശോധിക്കാൻ പോലീസ് അധികൃതരോട് നിർദ്ദേശിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര  ട്വിറ്ററിലീടെ അറിയിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിന്റെ അതേ പേരിലുള്ള മിനി സീരീസാണ് ‘ എ സ്യൂട്ടബിള്‍ ബോയ്’. തബു, ഇഷാൻ ഖട്ടർ, താന്യ മാനിക്താല, രസിക ദുഗ്ഗല്‍, രാം കപൂർ എന്നിവർ ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam