Vyttil Hub
Vyttil Hub
Reading Time: 4 minutes
കൊച്ചി:

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം എറണാകുളം ജില്ലയിലെ സ്വകാര്യ ബസ് സർവീസ് മേഖല തകർച്ച നേരിടുകയാണ്. നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന കണക്കുകൂട്ടൽ തെറ്റിയതാണ് അവർക്കു തിരിച്ചടിയായത്. ഒട്ടുമിക്ക ബസുകളും നിരത്തിലിറക്കിയിട്ടുണ്ടെങ്കിലും ഉടമകൾക്ക് കാര്യമായി പണം മിച്ചം ലഭിക്കുന്നില്ല. ജീവനക്കാർ ജോലി ചെയ്യുന്നതാകട്ടെ പകുതി ശമ്പളത്തിനും.

നഷ്ടക്കണക്കുകൾ

‘ലോക്ഡൗണിനുശേഷം വീണ്ടും  ബസ്സോടിച്ചു….ചുമ്മാ ബസ് അങ്ങനെ കിടന്നിട്ട് കാര്യമില്ലല്ലോ എന്നോർത്താണ് റോഡിലേക്ക് ഇറക്കിയത്…ആദ്യമൊക്കെ ഡീസല്‍ച്ചെലവും രണ്ടുപേരുടെ കൂലിയും കിഴിച്ച് 200 രൂപ, പിന്നീട് ഇതിലും കുറവ്… പിന്നീടങ്ങോട്ട് മൊത്തം നഷ്ടങ്ങൾ ആയിരുന്നു. ഇന്‍ഷുറൻസിന്റെയും ടയര്‍തേയ്മാനത്തിന്റെയും ചെലവുമാത്രം വരുമാനത്തിന്റെ ഇരട്ടിവരും…’എറണാകുളം റൂട്ടിൽ ഓടുന്ന ബസ് ഉടമയുടെ വാക്കുകൾ ആണിത്. ദിവസങ്ങൾ കഴിയുന്തോറും തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് ബസ് വ്യവസായം കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്ന് ബസ് ഉടമയുടെ ഈ വാക്കുകളിൽ നിന്ന് മനസ്സിലാവും.

Private bus service
Private bus service, Vyttila

‘ഡീസൽ വിലവർദ്ധനയും കൊവിഡ് മാനദണ്ഡ പ്രകാരം സാമൂഹിക അകലം പാലിക്കേണ്ടതുമെല്ലാം സർവീസിനെ ബാധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം വർദധിച്ചതിനാൽ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. റോഡുകൾ മോശമായതിനാൽ ഇന്ധനച്ചെലവും അറ്റകുറ്റപ്പണികളും കൂടുതലാണ്. അറ്റകുറ്റപ്പണി നടത്താൻ കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നു. മൊത്തം പട്ടിണി ആണ് കൊച്ചേ.’ കൊച്ചിയിൽ ഗുരുദേവ ബസ് ഓടിക്കുന്ന ഡ്രൈവറുടെ വാക്കുകൾ ആണിത്. യാത്രക്കാരില്ലാത്തതു മൂലം വരുമാനം കുറഞ്ഞതു കാരണം അറ്റകുറ്റപ്പണിക്കു പണം കണ്ടെത്താനാകുന്നില്ല എന്ന സ്ഥിതിയിലാണ് മിക്ക ബസ് ഡ്രൈവർമാരും.

“വീട്ടിൽ എനിക്ക് 2 മക്കളുണ്ട് അവരെ പഠിപ്പിക്കണം, വീട്ടിലേക്ക് ചെലവിന് ഉള്ളത് കൊടുക്കണം, ബസിന് ഡീസൽ അടിക്കണം… ദേ ഇവൻ ഒരാളാണ് ബസിലെ ക്ലീനറും കണ്ടക്ടറും എല്ലാം നേരത്തെ കൊറേ പേരുണ്ടായിരുന്നു ഇപ്പൊ ഇവന് കൊടുക്കാൻ ശമ്പളം തികയുന്നില്ല പിന്നാണ് അവർക്ക്. ഇതെല്ലാം കഴിഞ്ഞ് ബസ് മൊതലാളിക്കും ഒരു പങ്ക് കൊടുക്കണം അതിനും പൈസ ഇല്ല. മൊതലാളിക്ക് നമ്മുടെ അവസ്ഥ അറിയാവുന്നോണ്ട് ചോയിക്കാറുമില്ല… വല്ലാത്തൊരു അവസ്ഥയാ… ഫോട്ടോ എടുക്കല്ലേ മോളെ മക്കള് കണ്ടാൽ… അപ്പന്റെ ഈ അവസ്ഥ മക്കൾ അറിയണ്ട.” വൈറ്റില ബസിലെ ഡ്രൈവർ വോക്ക് മലയാളത്തോട് പറഞ്ഞ വാക്കുകളാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് ഇന്നത്തെ  മിക്ക പ്രൈവറ്റ് ബസ് ജീവനക്കാരും.

Vyttil Hub
Vyttila Hub

പ്രൗഢി വീണ്ടെടുക്കാൻ ആകാതെ സ്വകാര്യ ബസ്സുകൾ

റോഡ് ടാക്സ് ഒഴിവാക്കി തരണമെന്നും, ഡീസലിന് സബ്‌സിഡി നൽകണമെന്നുമാണ് മിക്ക ബസ് ജീവനക്കാരുടെയും ആവശ്യം. എങ്കിൽ മാത്രമേ ഒരു പരിധിവരെയെങ്കിലും  നഷ്ടത്തിൽ നിന്ന് കരകയറാൻ കഴിയൂ എന്ന് ബസ്  ഉടമകൾ പറയുന്നു. ഇതിനിടയിൽ ടിക്കറ്റ് നിരക്ക്  വർദ്ധിപ്പിക്കാത്തതും ബസ് ജീവനക്കാരിൽ ആശങ്ക  ഉളവാക്കുന്നു. ലോക്ക് ഡൗൺ പിൻവലിച്ച് ദിവസങ്ങൾ  കഴിഞ്ഞിട്ടും നഷ്ടത്തിൽ നിന്ന് കരകയറാൻ സാധിക്കാത്തതിൽ ഉള്ള ആശങ്കയും പലരും പങ്കുവെച്ചു.

‘ഇനി ഒരിക്കലും പ്രൈവറ്റ് ബസ് മേഖലക്ക് പഴയ പ്രൗഢി വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ എനിക്ക് ഇല്ല. കാരണം, ഇന്ന് പലർക്കും പൊതുഗതാഗത സംവിധാനങ്ങളോടുള്ള താല്പര്യം നഷ്ടപ്പെട്ടിരിക്കുന്നു. കൊവിഡ് ആണ് അതിന് ഒരു പരിധി വരെ കാരണം. കൊവിഡ് കാലഘട്ടം ജനങ്ങളെ കൂടുതലായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കി. ഇന്നിപ്പോ  ഒരു ടുവീലെറെങ്കിലും ഇല്ലാത്ത വീടുകൾ കുറവാണ്.  പല ഐടി സ്ഥാപനങ്ങളും, എംഎൻസി കമ്പനികളും പൊതുഗതാഗതം ഉപയോഗിച്ച് ജോലിക്കെത്തരുതെന്ന നിർദ്ദേശം പോലും ഇറക്കിക്കഴിഞ്ഞു. ഇത് ബസ് ജീവനക്കാരെ കൂടുതൽ കഷ്ടത്തിൽ ആക്കും.’എറണാകുളം വൈക്കം റൂട്ടിൽ ഓടുന്ന  സ്വകാര്യ ബസ്സിന്റെ ഉടമയുടെ വാക്കുകൾ ആണ്. ഇതിനിടയിൽ നഷ്ടം കാരണം ഉൾവഴികളിലേക്കുള്ള സർവീസ് നിർത്തിയതിനാൽ യാത്രാക്ലേശവും ശക്തമാണ്.

Private bus service
Private bus service

പലിശയിൽ പെട്ടുപോയവർ

നഷ്ടം സഹിച്ചും ചില ബസുകള്‍ ഓടുന്നത് വെറുതേയിട്ടാല്‍ നശിക്കുമെന്ന പേടിയിലാണ്. പുതിയ ബസ്സുകളിലെല്ലാം സെന്‍സര്‍ സംവിധാനമാണ്. ഉപയോഗിക്കാതെ കിടന്നാല്‍ പെട്ടെന്ന് കേടാകും. കേടായാല്‍ നന്നാക്കാന്‍ വന്‍തുക വേണ്ടിവരുമെന്നതിനാലാണ് പലരും ഓടുന്നത്. തൊഴിലാളികളുടെ ആവശ്യപ്രകാരം ഓടുന്ന ബസുകളുമുണ്ട്. എണ്ണപ്പൈസയും കിഴിച്ച് ബാക്കിവരുന്ന തുക രണ്ടുതൊഴിലാളികളും ഉടമയും വീതിക്കുന്ന സംവിധാനമാണുള്ളത്. ചില ദിവസങ്ങളില്‍ 300 രൂപപോലും കിട്ടാത്ത തൊഴിലാളികളുണ്ട്. നേരത്തെ 900 രൂപവരെ കിട്ടിയിരുന്ന സ്ഥാനത്താണിത്. പകുതിയില്‍ താഴെ വരുമാനം മാത്രമേ ഇപ്പോള്‍ തൊഴിലാളികള്‍ക്കുള്ളൂ. ഉടമകള്‍ക്ക് 200 മുതല്‍ 300 രൂപ വരെയാണ് കിട്ടുന്നത്.

ജില്ലയിലെ മിക്ക ബസ് ഉടമകളും കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങിയാണ് ബസ്  ഓടിക്കുന്നത്. അവർക്ക് ഈ നഷ്ടങ്ങൾ കനത്ത തിരിച്ചടിയാണ് വരുത്തി വച്ചിരിക്കുന്നത്. ഇതുകൂടാതെ നിരവധി ബസുകളാണ് ഇപ്പോഴും ഓടാൻ കഴിയാതെ കട്ടപ്പുറത്ത് ഉള്ളത്. ചില ബസ്സുകൾ നിർത്തിയിട്ട സ്ഥലത്ത് കാടുകയറിയ അവസ്ഥയിലാണ്. മികച്ച സർവീസ് നടത്തി വരുമാനം നേടിയിരുന്ന സ്വകാര്യ ബസ് ഉടമകൾ ഇപ്പോൾ വൻ സാമ്പത്തിക ബാധ്യത നേരിടുന്നത്.

ലോക്ക് ഡൗണിനു ശേഷം ഉണ്ടായ ഇളവുകളെ തുടർന്ന് സർവീസുകൾ പുനരാരംഭിച്ചെങ്കിലും വരുമാന നഷ്ടത്തെ തുടർന്ന് പിന്നെയും സർവീസ് നിർത്തിവെച്ചവരും ഈ കൂട്ടത്തിൽ ഉണ്ട്. അനുദിനം ബസുടമകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇങ്ങനെയാണെങ്കിൽ ബസ് സർവീസുകൾ പൂർണമായും നിർത്തേണ്ട അവസ്ഥയിലേക്കാണ് പോകുന്നതെന്നും പ്രൈവറ്റ് ബസ് സർവീസ് ഓപ്പറേറ്റർ ബൈജു പറഞ്ഞു.

ഓടാത്ത ബസ് ഉടമയുടെ പറമ്പിൽ ടാർപ്പായകൊണ്ട് മൂടി ഇട്ടിരിക്കുന്നു
ഓടാത്ത ബസ് ഉടമയുടെ പറമ്പിൽ ടാർപ്പായകൊണ്ട് മൂടി ഇട്ടിരിക്കുന്നു | ചിത്രം: മാതൃഭൂമി

ജീവിക്കാൻ മറ്റുവഴികൾ തേടിയവർ

നഷ്ടത്തിലായ മിക്ക ബസുടമകളും ജീവനക്കാരും ജീവിത മാർഗത്തിനായി മറ്റു മേഖലകളിലേക്ക് തിരിഞ്ഞു കഴിഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർ  മറ്റു തൊഴിലുകൾ‍ തേടിപ്പോയി. പച്ചക്കറി വില്പന, കൂലിപ്പണി, പെയിന്റിങ്, ചായക്കച്ചവടം, മീന്‍ കച്ചവടം തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടു ജീവിതം  കരുപിടിപ്പിക്കാനുള്ള ഓട്ടത്തിലാണ് പലരും.

‘ബസിൽ ക്ലീനർ ആയിരുന്ന കാലത്ത് 900 രൂപവരെ വരെ കിട്ടിയിരുന്നു. എന്നാൽ ഇന്ന് മീൻ കച്ചവടത്തിന്  ഇറങ്ങിയപ്പോൾ ഒരുദിവസം 100 രൂപ കിട്ടിയാൽ  ആയി. നഷ്ടവും  സഹിക്കണം.’ എറണാകുളം റൂട്ടിലെ ക്ലീനർ ആയിരുന്ന, ഇപ്പോൾ മീൻ വില്പന  നടത്തുന്ന ദാസ് വോക്ക് മലയാളത്തോട്  പറഞ്ഞു. ഇനി ജീവിതം എന്ന് പൂർവസ്ഥിതിയിൽ എത്തും എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

പ്രതിസന്ധിക്ക് അയവു വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും, നികുതി ഇളവ് ലഭ്യമാക്കി പൊതുഗതാഗതം സംരക്ഷിക്കണമെന്നുമാണ് ബസ്‌ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം.

Advertisement