Mon. Dec 23rd, 2024

കൊച്ചി:

സെെബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ മാധ്യമങ്ങളെ ഒന്നാകെ നിയന്ത്രിക്കുന്ന കേരള സര്‍ക്കാരിന്‍റെ പുതിയ പൊലീസ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് പ്രതിഷേധക്കാര്‍ എല്ലാവരും തന്നെ രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കാരണം മോശം വശങ്ങള്‍ മാറ്റി നില്‍ത്തിയാല്‍ അഭിപ്രായ പ്രകടനത്തിനുള്ള ഒരു വേദി കൂടിയാണല്ലോ സാമൂഹിക മാധ്യമം.

സെെബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2000ത്തിലെ ഐടി ആക്ടിലെ 66എ വകുപ്പ് സുപ്രീംകോടതി എടുത്തു കളഞ്ഞപ്പോള്‍ ഏറ്റവും ആദ്യം സ്വാഗതം ചെയ്ത പാർട്ടികളിൽ ഒന്നായിരുന്നു സിപിഎം. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് എതിരാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഈ ആക്ട് സുപ്രീം കോടതി റദ്ദാക്കിയത്. അതുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതിയിലൂടെ കൂടുതല്‍ വിയര്‍ക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499 റദ്ദാക്കപ്പെടേണ്ട വകുപ്പ് എന്നായിരുന്നു 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ സിപിഎം  പ്രകടനപത്രികയിലുണ്ടായിരുന്നത്. ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സിപിഎം അത്തരമൊരു പ്രഖ്യാപനം നടത്തിയത്.

2019 സി പി എം പ്രകടനപത്രിക പങ്കുവെച്ച് കൊണ്ട് ബെെജു സ്വാമി എന്നൊരാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ”കുറച്ചു നാൾ മുൻപ് സിപിഎം ന്റെ വെബ്സൈറ്റ്ൽ ഉള്ള പത്രകുറിപ്പാണിത്. സോഷ്യൽ മീഡിയ വഴി ബിജെപി നേടിയ വിജയം, അഭിപ്രായ സ്വാതന്ത്ര്യം മോഡി ഹനിക്കുന്ന ബിൽ ഒക്കെയാണ് വിഷയം.പക്ഷേ ഇപ്പോൾ ദേ KP Act ഭേദഗതി വഴി അത് തന്നെ ഇവിടെ. ഇത് പോസ്റ്റിയാൽ കേസ് ആകുമോ എന്തോ” അദ്ദേഹം ചോദിക്കുന്നു.

എന്തായാലും വ്യാജം അല്ല എന്ന തെളിവ് ലിങ്കിൽ ഉണ്ട്.പാർട്ടിയുടെ തന്നെ വെബ്സൈറ്റ് ലിങ്ക് ആയത് കൊണ്ട് അവർക്ക് മാനനഷ്ടം ഇല്ല. ഇതൊക്കെ പ്രചരണം നടത്തുന്നവർക്ക് ആണ് മാനം പോകുന്നത് എന്നായിരുന്നു ബെെജു സ്വാമി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam