Mon. Dec 23rd, 2024
Kerala Police Act in Controversy
തിരുവനന്തപുരം:

സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെ വാദപ്രദിവാദങ്ങള്‍ മുറുകുന്നു. പൊലീസ്  ആക്ട് ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. അധിക്ഷേപ കേസിൽ ഇനി മുതൽ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. ഭേദഗതിയില്‍ സൈബര്‍ മീഡിയ എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം ഏത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. മൂന്ന് വര്‍ഷം തടവും പതിനായിരം രൂപയും പിഴയുമാണ് ശിക്ഷ.

സര്‍ക്കാര്‍

പുതിയ പൊലീസ് നിയമഭേഗദതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരല്ല. മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം വ്യക്തി സ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കാനും ചുമതലയുണ്ട്. മാധ്യമസ്വാതന്ത്ര്യം ഹനിക്കില്ലെന്നും മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബർ അതിക്രമങ്ങളെ ചെറുക്കാൻ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേദഗതിയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വ്യാജ വാ‍ർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി. പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി.

 

https://www.youtube.com/watch?v=WZAO4g_ZP2k

 

സിപിഎം കേന്ദ്ര നേതൃത്വം

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യവ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെ പൊലീസ് നിയമ ഭേദഗതിയിൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് അറിയിച്ചു. അഭിപ്രായ-മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്ക് ഭീഷണിയാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇടപെടല്‍. മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കാത്ത രീതിയില്‍ ഓര്‍ഡിനനന്‍സ് നടപ്പാക്കണം. പൊലീസ് ആക്ട് ഭേദഗതി പിന്‍വലിക്കില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

പ്രതിഷേധം

പൊലീസ് ആക്ടിനെതിരെ  ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റം മുഖ്യധാര മാധ്യമങ്ങളോ കൂച്ചുവിലങ്ങിടാനുള്ള ഭാഗമെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് പിണറായി ഭേദഗതി കൊണ്ടുവന്നതെന്നും, ഇത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

ഇടതുസര്‍ക്കാരിന്‍റെ മാധ്യമ മാരണ നിയമം മൗലികാവശങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കരിനിയമം മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതും, നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

‘സാമൂഹിക മാധ്യമങ്ങളില്‍ ‘കുറ്റകരം’ആയ പോസ്റ്റിട്ടാല്‍ അഞ്ചു വര്‍ഷം തടവ് നല്‍കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്’.- കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ചദംബരം പ്രതകരിച്ചു. മാത്രമല്ല ഇത്തരം ക്രൂരമായ തീരുമാനങ്ങളെ തന്റെ സുഹൃത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിക്കെതിരെ മുതിര്‍ന്ന കേരള സര്‍ക്കാര്‍ പൊലീസ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയ നടപടി നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണെന്നും  അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

സൈബറിടത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാനാണ് പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നും സൈബറിടത്തിലെ അതിക്രമം തടയുകയാണ് സർക്കാരിന്റെ ഉദ്ദേശമെന്നും സിപിഎം പൊളിറ്റ്ബ്യുറോ അംഗം എംഎ ബേബി വ്യക്തമാക്കി. കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തിയ നടപടി മാധ്യമങ്ങള്‍ക്ക്  എതിരല്ലെന്ന് നിയമമന്ത്രി എകെബാലൻ നേരത്തെ പറഞ്ഞിരുന്നു.പൗരൻമാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാനാണ്  പൊലീസ് ആക്ട് ഭേദഗതി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, പൊലീസ് ആക്ട് ഭേദഗതിയിൽ അവ്യക്തതയുണ്ടെന്നും ആശയക്കുഴപ്പങ്ങൾ പരിഹരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

നിയമം

കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2000ത്തിലെ ഐ ടി ആക്ടിലെ 66എ വകുപ്പിൽ കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെ വ്യക്തിയെ ആക്ഷേപിക്കുന്ന സംഭവങ്ങളിൽ മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. 2015ൽ 66 എ വകുപ്പും കേരള പൊലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പും സുപ്രീം കോടതി റദ്ദാക്കി. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് എതിരാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ ആർക്കും ആരെയും തോജോവധം ചെയ്യാമെന്ന അവസ്ഥ സംജാതമായി.

ഭേദഗതിയുട പോരായ്മ 

ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. മുഖ്യധാര മാധ്യമങ്ങളിൽ വരുന്ന വാർത്തകള്‍ക്കെതിരെ പരാതിപ്പെടാന്‍ നലവില്‍ നിയമസംവിധാനമുണ്ട്. വാർത്തിയിൽ പരാമർശിക്കുന്നയാൾക്ക് മാത്രമാണ് നിയമനടപടി സ്വീകരിക്കാനാവുക. പക്ഷേ, പുതിയ ഭേദഗതി പ്രകാരം ഒരു വാർത്തക്കെതിരെ ആർക്കുവേണണെങ്കിലും മാധ്യമത്തിനോ മാധ്യമപ്രവർത്തകർക്കെതിരകെയോ ഏതു പൊലീസ് സ്റ്റേഷനിലും പരാതി നൽകാം. ഒരാൾക്ക് മാനഹാനിയുണ്ടായെന്ന തോന്നലിൽ അയാൾ പരാതി നൽകണമെന്നില്ല, താൽപര്യമുള്ള ആർക്കും പരാതി നൽകാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പൊലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാന്‍ സാധിക്കും. ചുരുക്കി പറ‍ഞ്ഞാല്‍ മാധ്യമങ്ങളുടെ മേല്‍ കടിഞ്ഞാണിടാനുള്ള നീക്കം തന്നെയാണ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് വ്യക്തം.

By Binsha Das

Digital Journalist at Woke Malayalam