നമ്മുടെ ഒക്കെ ജീവിതങ്ങൾ അങ്ങനെയാണ്, ഒരു നിമിഷം കൊണ്ട് എല്ലാം മാറി മാറിയും. ഒറ്റ നിമിഷം കൊണ്ട് ജിഷ ജോസഫ് ദുരിതങ്ങളുടെ പടുകുഴുയിലേക്ക് വീണതുപോലെ!
കോട്ടയം കുറവിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിലെ പഴയ ഒറ്റമുറി വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൈത്തറയിൽ പിഎം ജോസഫിന്റെയും തങ്കമ്മയുടെയും മകളാണ് ജിഷമോൾ ജോസഫ്.
ദാരിദ്ര്യത്തിലാണ് വളർന്നതെങ്കിലും കഷ്ടപാടുകൾക്കിടയിൽ പഠനവും മികവോടെ കൊണ്ടുപോയിരുന്നു ജിഷ. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലെ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലിരുന്ന് ജിഷ മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദവും ബിഎഡ്ഡും നേടിയെടുത്തു.
താത്കാലിക അടിസ്ഥാനത്തിൽ മലയാള ഭാഷ അധ്യാപികയായി സ്കൂളുകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ജിഷ വീണുപോകുന്നത്. ഒരു ദിവസം രാത്രിയിൽ കറണ്ടില്ലാത്ത വീട്ടിലെ ഒറ്റമുറിയിൽ നിലനിത്തിരിക്കാൻ പഴയപത്രമെടുക്കാൻ തിരിഞ്ഞതാണ്, തല ഭിത്തിയിൽ ആഞ്ഞിടിച്ചു. 2014ലാണ് ഈ സംഭവം നടക്കുന്നത്. ആ സമയം വേദന തോന്നിയെങ്കിലും അതിനെ അസാധാരണമായി എടുത്തില്ല.
ദിവസങ്ങൾ പിന്നിട്ടിട്ടും വേദന കുറയുന്നില്ല. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ആശുപത്രിയിൽ പോയി സ്കാൻ ചെയ്ത് പരിശോധിച്ചപ്പോഴും കാര്യമായ പ്രശ്നങ്ങൾ കണ്ടില്ല. കൂലിപ്പണിക്കാരായ ജോസഫും തങ്കമ്മയും മകളെ ചികിത്സിച്ച് ഭേദമാക്കാൻ ആശുപത്രികൾ കയറിയിറങ്ങി. പിന്നീട് ആയുർവേദവും പരീക്ഷിച്ചു. കഷായത്തിന്റെയും ആയുർവേദ മരുന്നിന്റെയും കരുത്തിൽ ജിഷ സാവധാനം നടക്കാൻ തുടങ്ങി. എന്നാലും,പഴയപോലെ ഊർജസ്വലയായി നടക്കാനോ, ജോലിയ്ക്ക് പോകാനോ ഒന്നും സാധിച്ചിരുന്നില്ല.
ഒരുവർഷം മുൻപാണ് ഒരു കഴുത്ത് വേദന പിടികൂടുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ എന്ന സ്ഥലത്തെ ഒരു സ്വകാര്യ ചികിത്സാകേന്ദ്രത്തിൽ ജിഷയെ അച്ഛനും അമ്മയും കൊണ്ടുപോയി. ഒരു എണ്ണ ഉപയോഗിച്ച് അവർ കഴുത്ത് തിരുമ്മി ഭേദമാക്കാൻ നോക്കി. എന്നാൽ അപ്പോഴേക്കും, ഞരമ്പിനെ ഇത് ബാധിക്കുകയും വിറച്ചുവീണ ജിഷ പൂർണമായും കിടപ്പിലാവുകയുമായിരുന്നു.
പിന്നീട്, ജിഷ എഴുന്നേറ്റിട്ടില്ല. അച്ഛനും അമ്മയും കൂടി കഴിയുന്ന ഒറ്റ മുറിയിലെ തറയിൽ പായവിരിച്ച് ജിഷ ചുരുണ്ടുകൂടി. പ്രായം 38 ആയപ്പോഴേക്കും നിവർന്ന് കിടക്കാൻ പോലും പറ്റാത്ത വിധം ജിഷയുടെ എല്ലുകൾ വളഞ്ഞു പോയി. 20 കിലോയിൽ താഴെ മാത്രം ഭാരമുള്ള ഒരു അസ്ഥിപഞ്ജരമായി!
ഒറ്റമുറിയിൽ കർട്ടൻ കെട്ടി മറച്ച ഒരു ഭാഗത്താണ് മലമൂത്രവിസർജ്ജനം പോലും ജിഷയ്ക്ക് ചെയ്യേണ്ടി വരുന്നത്. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ജോസഫിനും തങ്കമ്മയ്ക്കും മറ്റ് ജോലിയ്ക്ക് ഒന്നും പോകാൻ സാധിക്കില്ല.
നാട്ടുകാരിൽ ചിലരുടെ കാരുണ്യംകൊണ്ടും വല്ലപ്പോഴും ലഭിക്കുന്ന പെൻഷൻ തുക കൊണ്ടുമാണ് മൂന്നും പേർക്ക് ഭക്ഷണത്തിനും മരുന്നിനുമുള്ള വക നോക്കേണ്ടത് ജോസഫ് വോക്ക് മലയാളത്തോട് പറഞ്ഞു. ജിഷയ്ക്ക് മൂന്ന് സഹോദരന്മാരുണ്ട്. അതിൽ മൂത്ത സഹോദരനായിരുന്നു വീട്ടുചിലവും വാടകയുമൊക്കെ നൽകിയിരുന്നത്. എന്നാൽ, കൊവിഡ് പ്രതിസന്ധിയിൽ ഉണ്ടായിരുന്ന ജോലി കൂടി പോയതുകൊണ്ട് മൂന്ന് പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ജോസഫ് പറയുന്നു.
“സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ല, വാടകയ്ക്കാണ് കഴിയുന്നത്. മാസം 1700 രൂപയാണ് വാടക. അഞ്ച് മാസത്തെ കുടിശിക കൊടുക്കാനുണ്ട്. കുഞ്ഞിന്റെ അസുഖം അറിയാവുന്നതുകൊണ്ട് അവർ ക്ഷമിക്കുന്നതാ. എനിക്കും തങ്കമ്മയ്ക്കും മാസം 400 രൂപ വരെ വേണം മരുന്ന് വാങ്ങാൻ. മോൾക്ക് എനിമ വെയ്ക്കണം. അതിന് 70 രൂപയാകും,” ജോസഫ് പറഞ്ഞു.
“സർക്കാർ വീട് കൊടുക്കുന്നതിനെ കുറിച്ചൊന്നും അറിയില്ലാരുന്നു. മോളുടെ ചികിത്സയുടെ കാര്യങ്ങൾക്കായി അലഞ്ഞ് തിരിയുന്നതിനിടയ്ക്ക് ഇതൊന്നും നോക്കാൻ സമയം കിട്ടിയിട്ടില്ല. ഇവിടുത്തെ വാർഡ് മെമ്പറോ മറ്റ് അധികാരികളോ ഒന്നും ഇതിനൊന്നും മുൻകൈ എടുത്തില്ല. അവസാനം, അപേക്ഷയുമായി ചെന്നപ്പോഴേക്കും സമയം കഴിഞ്ഞുവെന്ന് പറഞ്ഞു,” ജോസഫ് പറഞ്ഞു.
ജിഷ ജോസഫ് എംഎയ്ക്ക് പഠിച്ച ദേവമാതാ കോളജ് മുൻ അധ്യാപകൻ പ്രൊഫസർ ടിടി മൈക്കിൾ, മനുഷ്യാവകാശ പ്രവർത്തകരായ മേമ്മുറി കാരിക്കാമുകളേൽ കെജെ പോൾ എന്നിവരാണ് ആദ്യമായി ഒരു സഹായവാഗ്ദാനവുമായി എത്തിയതെന്ന് ജോസഫ് പറയുന്നു.
ഇവർ പഞ്ചായത്ത് പ്രസിഡന്റിനെയും കൂട്ടി എത്തി ഇവരുടെ കാര്യങ്ങൾ അദ്ദേഹത്തെ ബോധിപ്പിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വനിതാ കമ്മിഷൻ അധ്യക്ഷ എന്നിവർക്കു നിവേദനം നൽകി. ഇനി സർക്കാർ തല ഇടപെടലിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.
“ചികിത്സിച്ചാൽ ഭേദമാകുമെന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടമാർ പറഞ്ഞത്. മോളുടെ അസുഖം മാറണം, കിടക്കാൻ ഒരു വീട് വേണം അത്രമാത്രമേ ഒള്ളു,” ജോസഫ് കൂട്ടിച്ചേർത്തു.
ജിഷയുടെ അമ്മ തങ്കമ്മ ജോസഫിന്റെ പേരിൽ എസ്ബിഐ കുറവിലങ്ങാട് പള്ളിക്കവല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ–37758577798. ഐഎഫ്എസ്‌സി കോഡ്–SBIN0012881. ജോസഫിന്റെ ഫോൺ നമ്പർ– 9747781176