വാഷിങ്ടൺ:
കഴിഞ്ഞ ആഴ്ച ഇറാനിലെ പ്രധാന ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോർട്ട്. ദേശസുരക്ഷാ ഉപദേഷ്ടാക്കളോട് വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ഇറാനെ ആക്രമിക്കാന്‍ ട്രംപ് സാധ്യത തേടിയത്.
വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ആക്ടിംഗ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ജോയിന്റ് ചീഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി എന്നിവർ പങ്കാളികളായ യോഗത്തിലാണ് ട്രംപ് പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍, ട്രംപിന്റെ ആവശ്യം നടപ്പാക്കാനാകില്ലെന്ന് യോഗം തീരുമാനിച്ചു.
ന്യൂയോര്‍ക്ക് ടൈംസാണ് യോഗവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍, വൈറ്റ്ഹൗസ് വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇറാനെ ആക്രമിക്കുന്നത് വ്യാപകമായ പ്രത്യാഘാതമുണ്ടാകുമെന്നും സാഹചര്യം അനുകൂലമല്ലെന്നും ട്രംപിനെ ഉപദേശകർ ബോധിപ്പിച്ചതോടെയാണ് ട്രംപ് പദ്ധതിയിൽ നിന്ന് പിന്മാറിയത്. ഭരണകാലത്ത് ഇറാനെതിരെ ശക്തമായ നടപടി പ്രസിഡന്റ് ട്രംപ് സ്വീകരിച്ചിരുന്നു. ഒബാമ ഗവണ്‍മെന്റ് നടപ്പാക്കിയ ആണവകരാര്‍ റദ്ദാക്കുകയും സാമ്പത്തിക ഉപരോധം പുനസ്ഥാപിക്കുകയും ചെയ്തു.
ഇറാന്‍ ആണവസമ്പുഷ്ടീകരണം നടത്തുന്നതായി യുഎന്‍ ആണവ നിരീക്ഷക സമിതി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപ് ഇറാനെ തകർക്കാനുള്ള പദ്ധതികളുടെ സാധ്യത തേടിയത്.
ഇറാന്‍ തങ്ങളുടെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റില്‍ നിന്ന് നൂതന സെന്‍ട്രിഫ്യൂജുകളുടെ ആദ്യ കാസ്‌കേഡ് ഭൂഗര്‍ഭ സ്ഥലത്തേക്ക് മാറ്റിയതായാണ് യുഎന്‍ ആണവ നിരീക്ഷക സമിതി റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ച് ഇറാനിയന്‍ മിലിട്ടറി ജനറല്‍ ഖസീം സൊലൈമാനിയെ വധിക്കാന്‍ ട്രംപ് ജനുവരിയില്‍ ഉത്തരവ് നല്‍കിയിരുന്നു.
അതേസമയം, ഇക്കഴിഞ്ഞ പ്രസിഡൻഷ്യൽ ഇലക്ഷനിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബൈഡനെതിരെ പരാജയപ്പെട്ട ട്രംപ് ഇതുവരെയും പരാജയം പൂർണമായും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ജനുവരി 20നാണ് അധികാരം കൈമാറേണ്ടത്.