Mon. Dec 23rd, 2024
KM Abraham says he is ready to resign from kiifb
തിരുവനന്തപുരം:

കിഫ്ബി തലപ്പത്ത് തുടരാൻ താത്പര്യമില്ലെന്ന് സിഇഒ കെഎം എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെഎം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു.

രണ്ട് മാസം മുമ്പാണ് കെഎം എബ്രഹാം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. രാജിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് കെഎം എബ്രഹാം വിശദീകരിക്കുന്നു. വിശ്രമജീവിതം ആഗ്രഹിക്കുന്നതിനാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 31ന് സിഇഒ പദവിയുടെ കാലാവധി തീരാനിരിക്കെയാണ് കെഎം എബ്രഹാമിന്റെ രാജി.

കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അടുത്തകാലത്തായി ഉയർന്നുകേട്ടത്. ഈ പശ്ചാത്തലത്തിലാണ് സിഇഒയുടെ രാജി പ്രഖ്യാപനം. കിഫ്ബിയിൽ ഉടനീളം പിൻവാതിൽ നിയമങ്ങളാണെന്നും സിഇഒയ്ക്ക് മൂന്ന് ലക്ഷം രൂപ വരെ ശമ്പളം നല്കുന്നുവെന്നടക്കം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

കിഫ്ബിക്ക് എതിരെയുള്ള നീക്കത്തിന് പച്ചക്കൊടി വീശിയത് ആർഎസ്എസാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് ഇന്നലെ പറഞ്ഞിരുന്നു. ഗൂഢാലോചനയിൽ മാത്യു കുഴൽനാടന് പങ്കുണ്ടെന്നും മന്ത്രി ആരോപിച്ചു. കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനു പച്ചക്കൊടി വീശിയത് റാം മാധവാണ്.

ഗൂഢാലോചനയുടെ ഭാഗമാണ് കെപിസിസി സെക്രട്ടറി മാത്യു കുഴൽ നാടൻ. കിഫ്ബിയിലെ അഴിമതി എന്താണെന്ന് മാത്യു കുഴൽനാടൻ പറയണമെന്നും ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.

By Arya MR