Sat. Apr 20th, 2024

ന്യൂഡല്‍ഹി:

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എല്‍ നാഗേശരറാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിബിഐ കേസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സീൽവെച്ച കവറില്‍ സുപ്രീംകോടതിയില്‍  നല്‍കിയിട്ടുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും.

നേരത്തെ, ഹെെക്കോടതിയിലും സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ക്രെെംബ്രാഞ്ച് നടത്തിയ അന്വേഷണം പൂര്‍ത്തീകരിച്ചതിനാല്‍ സിബിഐയുടെ പ്രത്യേക അന്വേഷണം ആവശ്യമില്ലായെന്നായിരുന്നുസര്‍ക്കാര്‍ വ്യക്തമാക്കിയത്.

അന്വേഷവുമായി മുന്നോട്ടുപോകുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവും ഇല്ല, കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ കൈമാറിയില്ല തുടങ്ങിയ വിവരങ്ങൾ ഈ റിപ്പോര്‍ട്ടിൽ ഉണ്ട്. രേഖകള്‍ പലതവണ ക്രെെംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ഇത് കെെമാറാത്തതിനാലാണ് അന്വേഷണം വെെകുന്നതെന്നും സിബിഐ ചൂണ്ടികാട്ടുന്നു.

https://www.youtube.com/watch?v=gqC4DGXo11Q

സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരാവുക. സിബിഐ നിലപാട് തന്നെയാകും കേസിൽ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ഇടപെടില്ലായെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്ലാല്‍ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ആയിരുന്നു മരിച്ചത്.

പെരിയ ഇരട്ടക്കൊല കേസിൽ സിപിഎമ്മിലെ പ്രാദേശിക നേതാക്കളാണ്  പ്രതികൾ. ആകെ 14 പ്രതികളാണ്. ഇതിൽ ഒന്നാം പ്രതി സിപിഎം മുൻ ലോക്കൽ സെക്രട്ടറി പീതാംബരനാണ്

കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2020 ആ​ഗസ്റ്റിലാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് തളളിയിരുന്നു.

അതേസമയം  കേസിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് അന്വേഷിച്ചതാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ക്രെെംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലും ചൂണ്ടികാട്ടിയിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam