Wed. Dec 18th, 2024
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ:

നിയമസഭ പാസാക്കിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ ആന്റ് റഗുലേഷൻ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയാൽ  മാത്രമേ രോഗികൾക്ക് നേരെയുള്ള സ്വകാര്യാശുപത്രികളുടെ ചൂഷണവും നിഷേധാത്മക നിലപാടും തടയാൻ കഴിയുകയുള്ളുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

രക്തത്തിലെ കൗണ്ട്  കുറഞ്ഞ് ഗുരുതരാവസ്ഥയിലായ സ്ത്രീക്ക് യഥാ സമയം ചികിത്സ നൽകാൻ സ്വകാര്യാശുപത്രി വിസമ്മതിച്ചതിനെതിരെയുള്ള  കേസിലാണ് കമ്മീഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസിന്റെ ഉത്തരവ്.

കണ്ണൂർ താനെയിൽ പ്രവർത്തിക്കുന്ന സ്വകാര്യാശുപത്രിയുടെ നടപടിയെ കുറിച്ച് ആർഡിഒ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ സാമൂഹിക നീതി ഓഫീസർ,   പോലീസ് ഇൻസ്പെക്ടർ, എന്നിവർ അന്വേഷണം  നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. താനെ ധനലക്ഷ്മി ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറും രണ്ടാഴ്ചക്കകം വിശദീകരണം നൽകണം.

നവംബർ 3 നാണ് സംഭവമുണ്ടായത്. അധ്യാപികയായ ഗീതയ്ക്കാണ്  ചികിത്സ താമസിപ്പിച്ചത്. ബ്ലഡ് ഡോണേഴ്സ് കേരള പ്രസിഡന്റും പരാതിക്കാരനുമായ  വിപി. സജിത്താണ് അധ്യാപികയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം കോവിസ് ടെസ്റ്റിന്റെ പേരിൽ  ചികിത്സ താമസിപ്പിച്ചു .

കോവിഡ് നെഗറ്റീവായപ്പോൾ ആധാർ കാർഡ് ചോദിച്ചു. പിന്നീട്  രോഗിയുടെ അടുത്ത ബന്ധുക്കൾ ഉണ്ടെങ്കിൽ മാത്രം പ്രവേശിപ്പിക്കാമെന്ന്  പറഞ്ഞു. അടുത്ത ബന്ധുക്കൾ ജില്ലയിലില്ലാത്ത രോഗിയെ ഒടുവിൽ വിവിധ തലങ്ങളിൽ നിന്നും ഇടപെടൽ  ഉണ്ടായ ശേഷമാണ്  ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്.

കോവിഡിന്റെ മറവിൽ ചികിത്സ നിഷേധിക്കുന്നത് സ്ഥിരം പതിവാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സ്വകാര്യ മേഖലയിലെ നിരവധി  ആശുപത്രികൾ പ്രശംസാർഹമായ സേവനം കാഴ്ചവയ്ക്കുമ്പോഴാണ് ചില അശുപത്രികൾ പുറംതിരിഞ്ഞ് നിൽക്കുന്നതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഒരാൾക്ക് പോലും ചികിത്സ നിഷേധിക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകരുതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു