Wed. Nov 6th, 2024
conflict in kottayam ldf upon seat sharing
കോട്ടയം:

കോട്ടയം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം രൂക്ഷം. ജോസ് പക്ഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് മുന്നണിയിൽ പ്രതിസന്ധിക്ക് കാരണമായത്. സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് പറഞ്ഞു.

കേരള കോൺഗ്രസ്സ് ജോസ് പക്ഷം കോട്ടയത്ത് വളരെ പ്രബലരായ പാർട്ടിയാണെന്നും ആയതിനാൽ അതിനനുസരിച്ചുള്ള പരിഗണന വേണമെന്നും സ്റ്റീഫൻ ജോര്‍ജ്ജ് പറഞ്ഞു. സിപിഐയും സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീറ്റ് വിഭജനത്തെ ചൊല്ലി മാരത്തൺ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. 22 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തില്‍ 12 സീറ്റാണ് ജോസ് പക്ഷത്തിന്‍റെ ആവശ്യം. ഒൻപത് സീറ്റ് നല്‍കാമെന്ന് സിപിഎം. സിപിഎം 10 സീറ്റില്‍ മത്സരിക്കും. അഞ്ച് സീറ്റുകളില്‍ മത്സരിച്ചിരുന്ന സിപിഐ കേരളാ കോണ്‍ഗ്രസിന് വേണ്ടി വാകത്താനം ഡിവിഷൻ വിട്ട് കൊടുത്ത് നാലിലേക്ക് ഒതുങ്ങി.

സിപിഐ ഒരു സീറ്റ് കൂടി വിട്ട് കൊടുത്താലേ ജോസ് പക്ഷത്തിന് 9 കൊടുക്കാനാകൂ. പക്ഷേ അതിന് സിപിഐ തയ്യാറല്ല. സിപിഎം സ്വന്തം അക്കൗണ്ടില്‍ നിന്ന് ഒരു സീറ്റ് ജോസ് പക്ഷത്തിന് നല്‍കിയാല്‍ മതിയെന്നാണ് സിപിഐ വാദം. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും ഈ വിഷയത്തില്‍ ചര്‍ച്ച ഉടക്കി നില്‍ക്കുകയാണ്. സിപിഐയുടെ ജില്ലാ എക്സിക്യൂട്ടീവ് കാനം രാജേന്ദ്രൻ ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും.

By Arya MR