പട്ന:
ബിഹാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എൻഡിഎ യോഗം ഞായറാഴ്ച. ജെഡിയു നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന നിതീഷ് കുമാറാണ് എൻഡിഎ സംഖ്യകക്ഷി യോഗം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് അറിയിച്ചത്.
നിയമസഭാകക്ഷിയോഗം നവംബര്‍ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ചേരുമെന്നും കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും എല്ലാ തീരുമാനങ്ങളും കൈക്കൊളളുമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ഇന്ന് ചേർന്ന എൻഡിഎ യോഗം മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും തീരുമാനിക്കും എന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. നിതീഷ് കുമാർ മുഖ്യമന്ത്രി ആകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ 43 സീറ്റുകൾ മാത്രം നേടിയ ജെഡിയുവിന്റെ നേതാവ് മുഖ്യമന്ത്രി ആകുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.
74 സീറ്റുകൾ നേടിയ ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനം എൻഡിഎ തീരുമാനിക്കട്ടെ എന്നായിരുന്നു നിതീഷിന്റെ നിലപാട്.