ഇന്നത്തെ പ്രധാനവാർത്തകൾ:
- കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ചികിത്സാ ആവശ്യത്തിനായി തന്നെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി തരണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. വിവാദങ്ങള്‍ക്കിടെയാണ് ഈ സ്ഥാനമൊഴിയല്‍ എന്നതും ഏറെ നിര്‍ണായകമാണ്.
- കോടിയേരി പടിയിറങ്ങിയത് അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണൻ്റെ തീരുമാനത്തോട് സമ്മിശ്ര പ്രതികരണം സ്വീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വം. അവൈലബിൾ പിബിയിൽ ഇക്കാര്യം പറഞ്ഞ കോടിയേരി പിന്നീട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പിബി അംഗം പ്രകാശ് കാരാട്ടുമായും പ്രത്യേകം ചർച്ച നടത്തിയിരുന്നു. സ്ഥാനമൊഴിയേണ്ട കാര്യമില്ലെന്നാണ് കോടിയേരിയോട് പ്രകാശ് കാരാട്ട് പറഞ്ഞത്. എന്നാൽ സീതാറാം യെച്ചൂരി കോടിയേരിയുടെ തീരുമാനത്തോട് യോജിച്ചതായാണ് റിപ്പോർട്ട്.
- കശ്മീരില്‍ പാക് ഷെല്ലാക്രണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് സൈനിക ഉദ്യോഗസ്ഥരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്നു പ്രദേശവാസികളും കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. പാകിസ്താന്റെ ഭാഗത്ത് നിന്ന് വെടിവെയ്പ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നും ബിഎസ്എഫ് ഫലപ്രദമായി പ്രതികരിക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
- സംസ്ഥാനത്ത് ഇന്ന് 5000 കടന്ന് കൊവിഡ് രോഗികൾ; 6201 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 5,804 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളും ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,822 ആയി.
- തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചതില്‍ വിശദീകരണം തേടി കോടതി
തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹെെക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഹെെക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. അതേസമയം, ഓഡിറ്റ് നിര്‍ത്തിയിട്ടില്ലെന്നും സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യാനുള്ള കാലതാമസമാണ് ഓഡിറ്റ് വെെകാന്‍ കാരണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
- ബിഹാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഞായറാഴ്ച
ബിഹാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എൻഡിഎ യോഗം ഞായറാഴ്ച. ജെഡിയു നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന നിതീഷ് കുമാറാണ് എൻഡിഎ സംഖ്യകക്ഷി യോഗം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് അറിയിച്ചത്. നിയമസഭാകക്ഷിയോഗം നവംബര്‍ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ചേരുമെന്നും കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും എല്ലാ തീരുമാനങ്ങളും കൈക്കൊളളുമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
- മാപ്പ് പറയില്ലെന്ന് കുണാല്‍ കമ്ര
ആത്മഹത്യാ പ്രേരണ കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ നടപടിയെ വിമര്‍ശിച്ചുകൊണ്ട് താനിട്ട ട്വീറ്റുകള്‍ പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് ഹാസ്യാവതാരകൻ കുണാല്‍ കമ്ര. കോടതി അലക്ഷ്യ നടപടി സ്വീകരിച്ചു എന്ന കാരണത്താല്‍ പിന്മാറില്ലെന്നാണ് കുണാല്‍ അറിയിച്ചു. സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവി നിറമണിഞ്ഞ സുപ്രീം കോടതിയുടെ ചിത്രവും കുണാല്‍ കമ്ര പോസ്റ്റ് ചെയ്തിരുന്നു.
- നടൻ വിനായകന് ജാമ്യം
ഫോണിലൂടെ യുവതിയോട് അശ്ലീല പരാമര്‍ശം നടത്തിയ കേസിൽ നടൻ വിനായകന് ജാമ്യം. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോൾ മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചതായും ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് നടനെതിരെ പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചിരുന്നത്.
- അരിസോണയിലും ബൈഡന് ജയം
കഴിഞ്ഞ 24 വർഷമായി ഡെമോക്രോറ്റിക് കോട്ടയായിരുന്ന അരിസോണയിലും ബൈഡന്‍ വിജയം ഉറപ്പിച്ചു. 11 ഇലക്ടറല്‍ വോട്ടുകളാണ് അരിസോണയിലുള്ളത്. ബാലറ്റ് കൗണ്ടിങില്‍ ഈ വോട്ടുകൾ കൂടി നേടിയതോടെ ബൈഡന് ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളുടെ മുന്‍തൂക്കമായി. എന്നാൽ ഒരു തിരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള്‍ വലിയ അളവില്‍ ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്‌തെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.
https://www.youtube.com/watch?v=-Z78JviXbRA
കൂടുതൽ വാർത്തകൾക്കായി വോക്ക് മലയാളം ലൈക്കും ഫോളോയും ചെയ്യുക.