Sat. Apr 20th, 2024
Supreme Court Hear Arnab Goswami's Bail plea ( Picture Credits: Facebook)

ന്യൂഡല്‍ഹി:

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടേത് തീവ്രവാദ കേസല്ലെന്ന് സുപ്രീം കോടതി. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ജാമ്യം നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദമാക്കി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇവിടെ മേൽക്കോടതിയുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഓര്‍മ്മിപ്പിച്ചു.

ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസിന്‍റെ പരാമര്‍ശം. അര്‍ണബിന് ജാമ്യം നിഷേധിച്ചത ഹെെക്കോടതിയെ രൂക്ഷമായാണ് സുപ്രീംകോടതി വിമര്‍ശിച്ചത്.  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അര്‍ണബിന്‍റെ ചാനല്‍ കാണാറില്ലെന്നും കോടതി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്യുന്നു. ആശയങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും നിയമത്തിന് ആ വ്യത്യാസമില്ലെന്നും കോടതി വിശദമാക്കി.

ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം ബോംബെഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയില്‍ നാല് ദിവസത്തിനകം തീരുമാനമെടുക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയും ചെയ്തിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കിയിരുന്നു.

2018ല്‍ ഇന്‍റീരിയര്‍ ഡിസെെനര്‍ ആന്‍വി നായിക്കിന്‍റെയും അദ്ദേഹത്തിന്‍റെ അമ്മ കുമുദ് നായിക്കിന്‍റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ അര്‍ണബിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്തതിൽ പ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

ഗോസ്വാമിയും മറ്റ് രണ്ട് പേരും തനിക്ക് നല്‍കാനുള്ള 5.40 കോടി രൂപ നല്‍കിയില്ലെന്നും ഇതാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്നും ചാനലിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത അദ്ദേഹം ആത്മഹ്യ കുറിപ്പില്‍ പറഞ്ഞിരുന്നു. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മ്മാണത്തിന് 83 ലക്ഷം രൂപ അര്‍ണബ് നല്‍കാനുണ്ടായിരുന്നുവെന്നും നായിക്കിന്‍റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു.

തെളിവില്ലെന്ന കാരണം പറഞ്ഞ് കേസേന്വേഷണം ആലിബാഗ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ആന്‍വി നായിക്കിന്‍റെ ഭാര്യ അടുത്തിടെ നൽകിയ പുതിയ പരാതിയെ തുടര്‍ന്നാണ് കേസ് വീണ്ടും പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേ,ണം ആരംഭിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam