Thu. Apr 25th, 2024
ChiragPaswan

പട്‌ന:

ബിഹാറിലെ എന്‍ഡിഎയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മുഴുവന്‍ ക്രെഡിറ്റും നല്‍കി എല്‍ജെപി നേതാവ്‌ ചിരാഗ്‌ പാസ്വാന്‍. മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ വിമര്‍ശിച്ച്‌ എന്‍ഡിഎ വിട്ട ചിരാഗ്‌ ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തിലും അദ്ദേഹത്തെ അവഗണിച്ചു.

”പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ്‌ ബിഹാര്‍ ജനത വിശ്വാസമര്‍പ്പിച്ചത്‌. ബിജെപിയോടുള്ള ജനങ്ങളുടെ പ്രതിപത്തി ഈ മാറ്റത്തില്‍ വ്യക്തമായിരിക്കുന്നു. ഇത്‌ പ്രധാനമന്ത്രി മോദിജിയുടെ വിജയമാണ്‌” എന്ന്‌ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നതില്‍ കൃത്യമായി നിതീഷിനെതിരേയുള്ള ഒളിയമ്പുണ്ട്‌.

ഇത്തവണ 121 സീറ്റില്‍ മത്സരിച്ച ബിജെപി 74 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ 135 സീറ്റില്‍ മത്സരിച്ച ജെഡിയു 40 സീറ്റില്‍ ഒതുങ്ങി. നിതീഷിന്റെ സീറ്റ്‌ കുറയാന്‍ കാരണം ചിരാഗിന്റെ പ്രവര്‍ത്തനങ്ങളാണെന്ന്‌ നിരീക്ഷിക്കപ്പെടുന്നു. ജെഡിയു സ്ഥാനാര്‍ത്ഥികള്‍ നിന്നിടത്തെല്ലാം എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട്‌ ഭിന്നിപ്പിച്ചു. ഇത്‌ നിതീഷിനെ നിഷ്‌കാസിതനാക്കാനുള്ള ബിജെപി തന്ത്രമാണെന്ന്‌ ആരോപണമുണ്ട്‌.

തിരഞ്ഞെടുപ്പില്‍ എല്‍ജെപിക്ക്‌ ഒരു സീറ്റ്‌ മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ ഒരു സഖ്യത്തിന്റെയും പിന്തുണ ഇല്ലാതെ മത്സരിച്ച തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ തനിച്ചു നേടിയ വോട്ടുകള്‍ പ്രകടനമികവാണെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയെ ശക്തമാക്കാന്‍ വേണ്ടിയാണ്‌ താനിതെല്ലാം ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി. നിതീഷിനെ പ്രഖ്യാപിത ശത്രുവായിക്കണ്ട്‌ പോരിനിറങ്ങിയ ചിരാഗ്‌ പാസ്വാന്‍ മോദിയെ പുകഴ്‌ത്തുന്നത്‌ കൃത്യമായ ലക്ഷ്യങ്ങളോടെയാണെന്ന്‌ ഇതില്‍ നിന്നു വ്യക്തമാണ്‌.