Wed. Jan 22nd, 2025
Nitish-Amit shah

 

പട്‌ന:

ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ തന്നെയെന്ന്‌ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്‌ ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട്‌ തന്നെ തുടരുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്നതിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിനിടെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ ഫോണില്‍ വിളിച്ചു ചര്‍ച്ച നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്‌. നേരത്തേ ആദ്യഫലസൂചനകള്‍ വന്നതിനു പിന്നാലെ നിതീഷ്‌ കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന്‌ ബിജെപി പ്രതികരിച്ചിരുന്നു.

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന തോന്നല്‍ വന്നതിനു പിന്നാലെയാണ്‌ ഇത്തരത്തില്‍ ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ പ്രതികരണം വന്നത്‌. എന്‍ഡിഎ മുന്നണി വിട്ട ചിരാഗ്‌ പാസ്വാന്റെ എല്‍ജെപി ഒരു ഘട്ടത്തില്‍ പത്തിലധികം സീറ്റുകളില്‍ ലീഡ്‌ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ നിതീഷിനെ ബിജെപി തഴയുമെന്ന നിരീക്ഷണവും പലരും നടത്തിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ 60 ശതമാനം പിന്നിട്ടതോടെ എല്‍ജെപി ചിത്രത്തില്‍ നിന്ന്‌ അപ്രത്യക്ഷമാകുകയും മുഖ്യപ്രതിപക്ഷമായ തേജസ്വി യാദവിന്റെ ആര്‍ജെഡി പാര്‍ട്ടി ബിജെപിയെ പിന്തള്ളി ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്‌തു.

ഈ സാഹചര്യത്തിലാണ്‌ മുന്നണി രാഷ്ട്രീയത്തില്‍ തഴക്കവും പഴക്കവുമുള്ള നിതീഷിനെ പിണക്കാതിരിക്കാന്‍ രാഷ്ട്രീയ ചാണക്യനായ അമിത്‌ ഷാ നേരിട്ട്‌ ഇടപെട്ടത്‌. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി നിതീഷിനെ ഉയര്‍ത്തിക്കാട്ടിയാണ്‌ മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. എന്നാല്‍ നിതീഷിനോടുള്ള നിലപാടില്‍ ബിജെപി മാറ്റം വരുത്തിയതായാണ്‌ പ്രചാരണവേദികളില്‍ കണ്ടത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലികളില്‍ പോലും നിതീഷിനെ മുമ്പത്തെപ്പോലെ കാര്യമായി പരാമര്‍ശിച്ചില്ല. മാത്രമല്ല, മുന്നണി വിട്ടു പുറത്തു പോയ ചിരാഗ്‌ പാസ്വാന്റെ പ്രചാരണതന്ത്രങ്ങളില്‍ അര്‍ത്ഥ ഗര്‍ഭമായ മൗനമാണ്‌ ബിജെപി നേതാക്കള്‍ പുലര്‍ത്തിയത്‌. തൂക്കു സഭയാണ്‌ വരുന്നതെങ്കില്‍ നിതീഷ്‌ മുഖ്യമന്ത്രി പദവി കൈവിട്ടു പോകാതിരിക്കാന്‍ പ്രഖ്യാപിത ശത്രു ആര്‍ജെഡിയെപ്പോലും പിന്തുണച്ചേക്കുമെന്ന്‌ ബിജെപി സംശയിക്കുന്നു. 2015ല്‍ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കി അധികാരം പങ്കിട്ട ശേഷമാണ്‌ എന്‍ഡിഎയിലേക്ക്‌ നിതീഷ്‌ തിരിച്ചുവന്നത്‌.