കൊച്ചി:
വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.
കേസന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തിന് തയ്യാറാണെന്നും, പുനര്‍വിചാരണയ്ക്ക് ഉത്തരവിടണമെന്നുമാണ് ഹർജിയിൽ ആവശ്യപെട്ടിരിക്കുന്നത്.
2019 ഒക്ടോബറിലാണ് വാളയാറിലെ ദളിത് സഹോദരിമാരെ പീഡിപ്പിച്ചു കൊന്ന കേസിലെ നാലു പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടത്. കേസന്വേഷണത്തിലെ വീഴ്ചയും, തെളിവുകള്‍ നിരത്തുന്നതിലെ പ്രോസിക്യൂഷന്റെ പരാജയവുമായിരുന്നു പ്രതികള്‍ രക്ഷപ്പെടാനുള്ള കാരണം. എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും സർക്കാർ പറഞ്ഞ കാര്യങ്ങൾ ആദ്യം പ്രവർത്തിച്ചു കാണിക്കട്ടെയെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു.
2017ലാണ് വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ തുടർന്ന് മരിച്ചത്. കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.