Fri. Mar 29th, 2024
Secretariat fire accident no evidence for short circuit

 

തിരുവനന്തപുരം:

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി. രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്ത സാഹചര്യത്തിൽ വീണ്ടും അന്വേഷണം നടത്തി കൊച്ചിയിലോ ബംഗളൂരുവിലോ പരിശോധനയ്ക്ക് സാമ്പിള്‍ അയക്കാൻ ആലോചിക്കുന്നതായി സൂചനയുണ്ട്.

സെക്രട്ടേറിയറ്റ് തീപിടിത്തം അഗ്നിബാധയല്ല അട്ടിമറിയാണെന്ന് തെളിഞ്ഞതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സുപ്രധാന രേഖകൾ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്നും വേണ്ട പോലെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയുമെന്നും മുല്ലപ്പള്ളി ആരോപിച്ചു. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 25-നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനുകീഴിലെ പ്രോട്ടാകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. സ്വർണ്ണക്കടത്ത് കേസിലേതടക്കം നിർണ്ണായക ഫയലുകൾ കത്തിനശിച്ചതായി ആരോപണം ഉയർന്നിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam