തിരുവനന്തപുരം:
യുഎഇ കോൺസുലേറ്റ് നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച ഈന്തപ്പഴം, മതഗ്രന്ഥങ്ങൾ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ജലീലിന് നോട്ടീസ് നൽകി. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന കസ്റ്റംസ് കണ്ടെത്തലിൽ കൂടുതൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത് എന്നാണ് പ്രാഥമിക വിവരം.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ ജലീലിനെ മുൻപ് ചോദ്യം ചെയ്തിരുന്നു. നീണ്ട എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ എത്തിയതും അത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതുമാണ് അന്ന് പ്രധാനമായി ചോദ്യം ചെയ്തിരുന്നത്.