US Election 2020; Trump and Biden
Picture Courtesy: Facebook; US Election 2020; Trump and Biden
Reading Time: 3 minutes

അമേരിക്കയുടെ  46-ാം പ്രസിഡന്റ് ആരായിരിക്കുമെന്നറിയാനുള്ള ജിജ്ഞാസ വർധിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. നിലവിലെ പ്രസിഡന്റും  റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും  തമ്മിൽ നടക്കുന്ന തീപ്പൊരി പോരാട്ടത്തിന്റെ ഫലസൂചനകൾ നാളെ മുതൽ വന്നുതുടങ്ങും. 

അമേരിക്ക ആർക്ക് വഴങ്ങുമെന്നത് പൂർണമായും പ്രവചിക്കാൻ കഴിയില്ലെങ്കിലും ഇതുവരെ പുറത്തുവന്ന സർവേ ഫലങ്ങളെല്ലാം ബൈഡനെയാണ് പിന്തുണയ്ക്കുന്നത്. ന്യൂയോർക്ക് ടൈംസും സിയന്ന കോളെജും സംയുക്തമായി നടത്തിയ പോളിൽ നാല് നിർണായക സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്

രണ്ട് പാർട്ടികൾക്കും തുല്യ പ്രാതിനിധ്യമുള്ള നാല് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വളരെ നിർണ്ണായകമാണ്. വിസ്കോൺസിൻ, പെൻസിൽവാനിയ, ഫ്ലോറിഡ, അരിസോണ എന്നീ നാല് സംസ്ഥാനങ്ങളിലും ബൈഡൻ ട്രംപിനെക്കാൾ ബഹുദൂരം മുന്നിലാണെന്ന് ഈ സർവ്വേ ഫലം പറയുന്നു. അതിൽ   വിസ്കോൺസിൻസ്റ്റേറ്റിൽ 11 പോയിന്റുകൾക്ക് മുന്നിലാണ് ബൈഡൻ. എൻബിസി ന്യൂസ്, വാൾസ്ട്രീറ്റ് ജേണൽ എന്നിവ നടത്തിയ സർവേ ഫലങ്ങളിൽ പത്ത് ശതമാനം പോയിന്റുകൾക്കാണ്  ജോ ബൈഡൻ  മുന്നേറിയിരിക്കുന്നത്. ഈ സർവേ പ്രകാരം 10 ൽ ആറ് പേരും നിലവിലെ പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിൽ അസ്വസ്ഥത ഉള്ളവരാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ട്രംപ് കാട്ടിയ നിസ്സംഗത തന്നെയാണ് ഇവരെ ട്രംപ് വിരോധികളാക്കിയത്. 

എന്നാൽ റോയിട്ടേഴ്സിന്റെ അഭിപ്രായ സർവേയിൽ ട്രംപിനെക്കാൾ നേരിയ മുൻതുക്കം മാത്രമേ ബൈഡനുള്ളു. നോർത്ത് കരോലിന, അരിസോണ എന്നീ സ്റ്റേറ്റുകളിൽ ഇഞ്ചോടിച്ച് ഇഞ്ചോടിച്ച് പിടിച്ചുനിന്നു ഇരുവരും. ഒക്ടോബറിന്റെ അവസാന പാദത്തിലും മൂന്ന് സംസ്ഥാനങ്ങളിൽ ഇവർ തുല്യ പ്രാതിനിധ്യം പുലർത്തി. എന്നാൽ അവസാന ഫലത്തിലേക്ക് എത്തുമ്പോൾ ബൈഡന് 52% പിന്തുണയും ട്രംപിന് 44 % പിന്തുണയുമാണ് കണക്കാക്കപ്പെട്ടത്. വാഷിങ്ടൺ പോസ്റ്റിന്റെ സർവേയിലേക്ക് എത്തുമ്പോഴും നേരിയതോതിൽ ബൈഡൻ മുന്നിട്ട് നിൽക്കുന്നത് കാണാനാകും. സിഎൻഎൻ സർവേ ഫലവും  10% മുൻ‌തൂക്കം ബൈഡന് പ്രവചിച്ചു. 

വയസ്സന്മാരുടെ പോരാട്ടമാണ് ഇക്കുറി. ജോ ബൈഡന് 76 ആയി പ്രായം, ട്രംപിന് 74ഉം. സർവ്വേ ഫലങ്ങളെല്ലാം ബൈഡനെ പ്രസിഡന്റാക്കി കഴിഞ്ഞു. നിലവിലെ തലവനായ ട്രംപിനെ നിരസിക്കാൻ അമേരിക്കൻ ജനതയ്ക്ക് കാരണങ്ങൾ ഏറെയുണ്ട്. അതിൽ പ്രധാനം കോവിഡിനെ നിസാരവത്കരിച്ചതാണ്. ലക്ഷക്കണക്കിന് പൗരന്മാർ മരിച്ചുവീണപ്പോഴും സ്വയം കോവിഡ് ബാധിതനായപ്പോഴും യുക്തിരഹിതമായ നിലപാടുകളും പ്രസ്താവനകളുമാണ് ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്

 കാലാവസ്ഥ വ്യതിയാനവും, പാരിസ് ഉടമ്പടിയും,  ഗർഭഛിദ്ര നിയമവും, സുപ്രീംകോടതി ജഡ്‌ജ് നിയമനവും, വർഗീയ വെറിയും ഒക്കെ ട്രംപിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന വാദങ്ങളാണ്. പക്ഷേ ഇതൊന്നും കാര്യമാക്കാത്ത ഒരു വലിയ സമൂഹം അമേരിക്കയിലുണ്ടെന്നുള്ളതാണ് സർവേ ഫലങ്ങൾ പിന്തള്ളിയ ട്രംപിൽ രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷയൂന്നാനുള്ള കാരണം. കോവിഡ് ജീവിതം കവർന്നെടുത്തപ്പോൾ മികച്ച കോവിഡ് സ്റ്റിമുലസ് പാക്കേജുകൾ പ്രഖ്യാപിച്ച് ട്രംപ് പലരുടെയും മനം കവർന്നു. തൊഴിൽ നഷ്ടപ്പെട്ടവർക്കും, ജീവനക്കാർക്ക് ശമ്പളം നല്കാൻ ബിസിനസുകാർക്കും ട്രംപ് എന്ന ബിസിനസ്മാൻ പണം വാരിയെറിഞ്ഞു. 

കറുത്ത വംശജരോടുള്ള വെറി അവസാനിക്കാത്ത രാജ്യത്ത് വർണവിവേചനം കാട്ടുന്നവർക്ക് പ്രിയങ്കരനാണ് ട്രംപ്.  കറുത്ത വംശജൻ ജോർജ് ഫ്ലോയിഡ് പോലീസ് അതിക്രമത്തിൽ മരിച്ചതിന് പിന്നാലെ ഉയർന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന ക്യാമ്പയിൻ ട്രംപിനെ അൽപ്പം പരുങ്ങലിലാക്കിയെങ്കിലും ട്രംപ് കറുത്തവംശജരെ അമേരിക്കയുടെ ക്യാൻസർ എന്ന് വിശേഷിപ്പിച്ചത് വർഗീയ വാദികൾക്കിടയിൽ ട്രംപിന് വിലമതിപ്പുണ്ടാക്കി. എന്നാൽ, ഇതേ  ബ്ലാക്ക് ലൈവ്സ് മാറ്റർ തുറുപ്പുചീട്ടാക്കിയാണ്   കുറെക്കൂടി ലിബറൽ ചിന്താഗതിക്കാരായ ഡെമോക്രറ്റുകൾ കരുക്കൾ നീക്കിയത്. ബൈഡൻ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് കറുത്ത വംശജരുടെയും ഇന്ത്യൻ വംശജരുടെയും വോട്ടുകൾ ഒരുപോലെ നേടാനാണ്. കാരണം , ജമൈക്കൻ- ഇന്ത്യൻ ദമ്പതികളുടെ മകളാണ് കമല ഹാരിസ്. എന്നാൽ, ബൈഡന്റെ നീക്കം വെളുത്ത വർഗീയവാദികൾക്ക് ട്രംപിനെ ജയിപ്പിക്കാനുള്ള ആർജ്ജവം കൂട്ടിയതായും കണക്കാക്കുന്നുണ്ട്. 

അതേസമയം, ഇന്ത്യൻ വോട്ടുകൾ പെട്ടിയിലാക്കാൻ ട്രംപ് മോദിയെയും കൂട്ടി ഹൗഡി മോഡി എന്ന കല്ല് ഒരുമുഴം മുൻപേ എറിഞ്ഞിട്ടുമുണ്ട്. തൊഴിൽ വിസ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ ബൈഡനിൽ നിന്ന് പ്രതീക്ഷിക്കാം. ഇത് ഇന്ത്യക്കാർക്ക് ഗുണകരമാണ്. പക്ഷേ, കുടിയേറ്റക്കാരെ എതിർക്കുന്ന ട്രംപ്, സ്വദേശികൾക്ക് കൂടുതൽ ജോലി സാധ്യത കൂടി വാഗ്ദാനം ചെയ്യുമ്പോൾ അമേരിക്കയുടെ ദേശീയ വികാരം അങ്ങോട്ട് ചായാം. തീവ്ര ദേശസ്നേഹം പ്രചരിപ്പിക്കുന്ന ട്രംപിന് മോദിയെ പോലെ രാജ്യസ്നേഹം പറഞ്ഞും മതം പറഞ്ഞും വോട്ട് പിടിക്കാം. കൂടാതെ ചൈന വിരുദ്ധത മേമ്പൊടിയ്ക്ക് ഇടയ്ക്ക് ഇടയ്ക്ക് വാരി വിതറുന്നുമുണ്ട്. 

എന്നാൽ,  വിസ നിയമങ്ങളിൽ കാർക്കശ്യം പുലർത്തിയെങ്കിലും ട്രംപ് ബിസിനസ് വിസ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. എൽ – 1 വിസ നടപടിക്രമങ്ങൾ കൂടുതൽ ഉദാരമാക്കിയത് അതിന് ഉദാഹരണമാണ്. 

ട്രംപിൻ്റെ രണ്ടാം വരവ് പല രാജ്യങ്ങൾക്കും അസഹിഷ്ണുതയാണ്.  അന്താരാഷ്ട്ര ബന്ധങ്ങൾ പലതും വീണ്ടും വഷളാകാൻ സാധ്യതയുണ്ട്. എന്നാൽ, ഈ കാര്യത്തിൽ ബൈഡൻ കൂടുതൽ നയതന്ത്രപരമായി ഇടപെടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ട്രംപിനെക്കാൾ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണ് ബൈഡൻ. രാഷ്ട്രീയപരമായി നോക്കിയാൽ ബൈഡന്റെ നിലപാടിൽ  ട്രംപിനെക്കാൾ  രാജ്യംഭരിക്കാനുള്ള  മൂല്യങ്ങളുണ്ടെങ്കിലും അമേരിക്ക ഗ്രേറ്റ് എഗയിൻ എന്ന ട്രംപിന്റെ വിശുദ്ധ വർഗീയ വാക്യത്തിൽ ആളുകൾ കൂടുതൽ വിശ്വാസം അർപ്പിക്കാനുള്ള സാധ്യത തള്ളാനാവില്ല.

 

Advertisement