Sun. Dec 22nd, 2024
US Presidential Election 2020

ലോകം അമേരിക്കയിലേക്ക് ഉറ്റു നോക്കുകയാണ്. അമേരിക്കയുടെ ഭരണ നായകനെ തിരഞ്ഞെടുക്കാൻ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരുമോ അതോ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ജോ ബൈഡന്‍ വിജയം നേടുമോ എന്നതാണ് ചോദ്യം. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് പെന്‍സിനെ നേരിടുന്നത് ഡെമോക്രാറ്റുകളുടെ പ്രതിനിധി കമല ഹാരിസാണ്

ഔദ്യോഗികമായി നവംബർ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും സെപ്റ്റംബർ ആദ്യ ആഴ്ച തന്നെ ഇവിടെ പോളിംഗ് തുടങ്ങിയിരുന്നു. ഇന്ത്യയ്ക്ക് തൊട്ടുപിന്നിലായി ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിൽക്കുന്ന യുഎസ് പക്ഷെ ഇലക്ഷന്റെ കാര്യത്തിൽ ഇന്ത്യയുടെ സുതാര്യതയുടെ അയൽപക്കത്ത് പോലും വരില്ല. 

ഇന്ത്യയിൽ നിന്ന് വിപരീതമായി ജനങ്ങളുടെ വോട്ട് മാത്രമല്ല രാജ്യ തലവനെ തിരഞ്ഞെടുക്കാനുള്ള അമേരിക്കയിലെ മാനദണ്ഡം. അഞ്ച് ഘട്ടങ്ങളായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.  പ്രൈമറി, കോക്കസ്, നാഷണൽ കണ്‍വെന്‍ഷന്‍സ്, ജനറല്‍ ഇലക്ഷൻ, ഇലക്ട്രൽ കോളജ് എന്നിവയാണ് ഈ അഞ്ച് ഘട്ടങ്ങൾ. സ്ഥാനാർത്ഥി ആകാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പാർട്ടിയിൽ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും.  തുടർന്ന് അതതു പാർട്ടികളുടെ പ്രൈമറിയിലോ കോക്കസിലോ തങ്ങളുടെ ആശയങ്ങളും പ്രവർത്തനപദ്ധതികളുമൊക്കെ വിശദീകരിച്ച് പിന്തുണ തേടണം. പാർട്ടിയുടെ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള പ്രക്രിയയാണ് പ്രൈമറിയും കോക്കസും. പാർട്ടി സമ്മേളനത്തിൽ സ്ഥാനാർത്ഥികളുടെ നയപ്രഖ്യാപന പ്രസംഗം നടക്കും തുടർന്ന് പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പ് നടത്തി ഇതിലൂടെ പാർട്ടിയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന രീതിയാണ് പ്രൈമറി. ഇതിലും സങ്കീർണ്ണമാണ് കോക്കസ്.  പ്രതിനിധികൾ ചെറിയ സംഘങ്ങളായി തിരിഞ്ഞ് ചർച്ചയും ആവശ്യമെങ്കിൽ വോട്ടെടുപ്പും നടത്തി സ്ഥാനാർത്ഥിയെ കണ്ടെത്തുന്ന രീതിയാണ് കോക്കസ്. 

മുൻപ് മിക്ക സംസ്ഥാനങ്ങളിലും കോക്കസ് ആയിരുന്നു   സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള രീതി. ഇപ്പോൾ ആറ് സംസ്ഥാനങ്ങളിൽ മാത്രമേ ഈ രീതി കർശനമായി പിന്തുടരുന്നുള്ളു.  ഭൂരിപക്ഷം സ്ഥലത്തും പ്രൈമറിയാണ് രീതി. 

തിരഞ്ഞെടുപ്പിന്റെ  രണ്ടാം ഘട്ടമാണ് നാഷണല്‍ കണ്‍വെന്‍ഷന്‍സ്. ഇരു പാര്‍ട്ടികളും തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനായി നാഷണല്‍ കണ്‍വെന്‍ഷനുകള്‍ നടത്താറുണ്ട്.  ഓരോ സ്റ്റേറ്റുകളില്‍ നിന്നും പ്രൈമറിയും കോക്കസും വഴി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തങ്ങള്‍ക്ക് പ്രിയങ്കരരായ സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കുന്നു. ഈ കണ്‍വെന്‍ഷന്റെ അവസാനത്തോടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ ഇരു പാർ‍ട്ടികളും പ്രഖ്യാപിക്കുന്നു. ഈ സമയത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തന്റെ റണ്ണിങ് മേറ്റ് അഥവാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നു.  നിലവിലുള്ള പ്രസിഡന്റ് വീണ്ടും ജനവിധി തേടുന്നുണ്ടെങ്കിൽ സാധാരണഗതിയിൽ ആ പാർട്ടിയിൽ മറ്റാരും സ്ഥാനാർത്ഥിത്വത്തിനായി  രംഗത്തു വരാറില്ല. അതുകൊണ്ടുതന്നെ പ്രൈമറി/കോക്കസ് വോട്ടെടുപ്പുകൾ ഇല്ലാതെ  ദേശീയ കൺവൻഷനിൽ നിലവിലെ പ്രസിഡന്റിന്റെ സ്ഥാനാർത്ഥിത്വം വീണ്ടും പ്രഖ്യാപിക്കും.

ജനങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന പ്രക്രിയയാണ് ജനറല്‍ ഇലക്ഷൻ. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കാൻ  രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഇലക്ടർമാർക്ക് ഇതിനായി വോട്ട് ചെയ്യും.  പിന്നീട്, ഈ ഇലക്ടർമാരാണ് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നത്.  ഏറ്റവുമധികം ഇലക്ട്രൽ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയാകും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. എന്നാല്‍ മെയ്ൻ, നബ്രാസ്ക എന്നീ സ്റ്റേറ്റുകളില്‍ ഇതിന് വിത്യാസമുണ്ട്.

ഒരോ സ്റ്റേറ്റുകളിലേയും ജനസംഖ്യയുടെ ആനുപാതികമായി തിരഞ്ഞെടുക്കപ്പെട്ട ഇലക്ടര്‍മാര്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതാണ് ഇലക്ട്രല്‍ കോളജ്. ഓരോ സ്റ്റേറ്റിനും കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കാൻ  നിശ്ചിത ഇലക്ടര്‍മാര്‍ ഉണ്ടാകും.  ഓരോ സ്റ്റേറ്റുകളുടേയും നയങ്ങള്‍ക്ക് അനുസൃതമായി 538 ഇലക്ടര്‍മാര്‍ വരെ ഉണ്ടാകും.  ജനറല്‍ ഇലക്ഷനേ തുടര്‍ന്ന് ഓരോ ഇലക്ടര്‍മാരും ഓരോ വോട്ട് രേഖപ്പെടുത്തുന്നു. 270 വോട്ടില്‍ കൂടുതല്‍ നേടുന്ന സ്ഥാനാര്‍ത്ഥി വിജയിക്കുന്നു. തപാൽ വോട്ട് സൗകര്യവും വോട്ടിങ് ദിനത്തിലെ തിരക്കുകുറയ്ക്കാനുള്ള മുൻകൂർ വോട്ടിങ് സൗകര്യവും പ്രയോജനപ്പെടുത്തി ഇതിനോടകം  10 കോടിയിലേറെ ആളുകള്‍ വോട്ട് ചെയ്തുകഴിഞ്ഞു.

ഇവിടുത്തെ തിരഞ്ഞെടുപ്പ് പ്രചാരണവും വ്യത്യസ്തമാണ്. ലോകത്തിലെ തന്നെ  നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൊന്നാണ് അമേരിക്കയിലേത്. സാങ്കേതികമായി കണക്കാക്കിയാൽ ഇത്തവണത്തെ പ്രചാരണം 1,194 ദിവസമാണ്.  തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന പാർട്ടികളായ ഡെമോക്രറ്റുകളും റിപ്പബ്ലിക്കനും തങ്ങളുടെ പ്രചരണം ആരംഭിക്കുന്നു. ധനസമാഹരണത്തിനും പ്രധാന പ്രചരണത്തിനുമായി ഒരു സംഘത്തെ സജ്ജീകരിച്ച് ടൂര്‍ കാമ്പയിൻ ആരംഭിക്കുന്നു. പിന്നീട് ഇരു പാർട്ടികളിലെയും സ്ഥാനാർത്ഥികൾ ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് ഇത് എന്നാണ് വിലയിരുത്തുന്നത്. ഈ സംവാദങ്ങൾക്കിടയിൽ ഓരോ സ്ഥാനാർത്ഥിക്കും അവരുടെ നയങ്ങളെക്കുറിച്ചുള്ള കടുത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനും മറ്റ് സ്ഥാനാർത്ഥികൾക്കെതിരായ പ്രശ്നങ്ങളിലും നയങ്ങളിലും അവരുടെ നിലപാട് വ്യക്തമാക്കുവാനും സാധിക്കും.    

അമേരിക്കൻ ഭരണഘടനപ്രകാരം, പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടുനേടുന്നയാൾത്തന്നെ പ്രസിഡന്റാവണം എന്നില്ല. കഴിഞ്ഞവണ ട്രംപിനെക്കാൾ 30 ലക്ഷത്തോളം പോപ്പുലർ  വോട്ട്, അഥവാ ജനകീയ വോട്ട് നേടിയ ഹിലരി ക്ലിന്റൺ പരാജയപ്പെട്ടിരുന്നു. ജനങ്ങളുടെ വോട്ടിനെക്കാൾ ഇലക്‌ട്രൽ കോളജ് സംവിധാനത്തെയാണ് പ്രസിഡന്റിനെ നിശ്ചയിക്കാൻ അമേരിക്ക ആശ്രയിക്കുന്നത്.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോ ബൈഡനും, ഡെമോക്രറ്റിക്ക് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ഏറ്റുമുട്ടന്നതിന്റെ ഔദ്യോഗിക ഫലം വരുന്നത് ജനുവരി ആറിനാണ്. എങ്കിലും നാളെ മുതൽ ഫല സൂചനകൾ പുറത്തുവന്നു തുടങ്ങും. കാലാവസ്ഥാ പ്രതിസന്ധി, വിദേശനയം, നികുതിനയം തുടങ്ങിയവയിലും പ്രസിഡന്റിനെ കടുത്തഭാഷയിൽ വിമർശിച്ചാണ് ബൈഡന്റെ പ്രചാരണം. പുറത്തു വന്ന സർവേകളിലെല്ലാം ബൈഡൻ തന്നെയാണ് മുന്നിൽ. എന്നിരുന്നാലും, ഈ നിഗമനങ്ങൾ എല്ലാം അട്ടിമറിക്കുന്ന ഫലങ്ങളാകാം ഇനി വരാൻ പോകുന്നത്.

By Arya MR