തിരുവനന്തപുരം:
മലയാളികള്‍ക്ക് തലയുയര്‍ത്തിപ്പിടിച്ച് നടക്കാനാകാത്ത സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട. മുഖ്യമന്ത്രി എല്ലാ കുറ്റങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും സംസ്ഥാനസര്‍ക്കാരിനെതിരേ യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാദിനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ തിരുത്താന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല, പാര്‍ട്ടി തന്നെ തകര്‍ന്നിരിക്കുകയാണ്. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേരാന്‍ എതിരു നിന്നിരുന്നത് സിപിഎം കേരളാഘടകമാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തക്കം നോക്കി കച്ചവടം ഉറപ്പിച്ചു.
പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രനേതൃത്വം സര്‍ക്കാരിനെ പിന്തുണയ്‌ക്കാതെ പിന്നെ എന്തു ചെയ്യും. സര്‍ക്കാരിന്റെ പോക്കില്‍ സിപിഐക്കും ഒന്നും പറയാനില്ല. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് കാര്യം നടക്കണമെന്ന താത്‌പര്യം മാത്രമാണ് ഇപ്പോഴുള്ളത്.
ബംഗളുരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബേനാമിയാണെങ്കില്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ആരുടെ ബെനാമിയാണ്. എന്തിനാണ് ശിവശങ്കറിനെ ഭയപ്പെടുന്നതെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ നാവും മനസും വലംകൈയുമായി പ്രവര്‍ത്തിച്ചയാളാണു ശിവശങ്കര്‍. ശിവശങ്കറിന്റെ ചെയ്‌തികള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.
എന്തു കൊണ്ട് ബിനീഷിനെപ്പറ്റി മുഖ്യമന്ത്രി ഒന്നും പറയുന്നില്ല. കള്ളക്കടത്തുകാരുടെ ബേനാമി ആയി മുഖ്യമന്ത്രിയുടെ ഓഫിസ് മാറി. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്നു കച്ചവടം നടക്കുന്നു. സിനിമാരംഗത്തെ ബിനീഷിന്റെ മയക്കുമരുന്ന് ഇടപെടലും അന്വേഷിക്കണം.
അകത്തു കച്ചവടം നടക്കുമ്പോള്‍ പുറത്ത് വ്യവസായ സേനയെ വിന്യസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സെക്രട്ടറിയെറ്റില്‍ നടക്കുന്നത് കച്ചവടമായതിനാല്‍ വ്യവസായസേനയെ സുരക്ഷ ഏല്‍പ്പിക്കുന്നത് നല്ലതുതന്നെ. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഡയറക്‌റ്റര്‍ ജനറല്‍ ഓഫ് പര്‍ച്ചേസ് ആയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് ഓശാന പാടുന്ന ഡിജിപി ഇതിനൊക്കെ മറുപടി പറയേണ്ടിവരും.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ എത്ര ദിവസം മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്‌ത് പോകുമെന്നും ചെന്നിത്തല ചോദിച്ചു. കേരളപ്പിറവി ദിനം വഞ്ചനാദിനമായി ആചരിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. അഴിമതിക്കേസുകളില്‍ സര്‍ക്കാരിനെ താഴെ ഇറക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.