Mon. Dec 23rd, 2024

തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇഡി നല്‍കിയ അറസ്റ്റ് മെമ്മോയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട നയതന്ത്ര ബാഗ് വിട്ട് കിട്ടാന്‍ എം ശിവശങ്കര്‍ കസ്റ്റംസ് ഓഫീസറോട് സംസാരിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നു. മാത്രമല്ല,  21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നുവെന്ന് മെമ്മോയില്‍ പരാമര്‍ശമുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ ആവശ്യപ്രകാരമാണ് നയതന്ത്ര ബാഗ് വിട്ട് കിട്ടാന്‍ കസ്റ്റംസുമായി ബന്ധപ്പെട്ടതെന്നും, ശിവശങ്കര്‍ സെപ്തംബര്‍ 15 ലെ ചോദ്യം ചെയ്യലില്‍ ഇത് സമ്മതിച്ചിരുന്നുവെന്നും ഇഡി വ്യക്തമാക്കി.

ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചുവെന്നും ചാർട്ടേഡ് അക്കൗണ്ടിനെ മുൻനിർത്തിയായിരുന്നു ഇടപെടലുകളെന്നും ഇഡി പറയുന്നു. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും അന്വേഷണത്തോട് സഹകരിച്ചില്ലായെന്നതടക്കമുള്ള ഗുരുതരമായ പരാമര്‍ശങ്ങളുമുണ്ട്.

അതേസമയം, ശിവശങ്കറിന്റെ കൊവിഡ്-19 ഫലം നെഗറ്റീവാണ്. അദ്ദേഹത്തെ ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് വേണുഗോപാലിനെയും ഇഡി ചോദ്യം ചെയ്യും. ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

 

 

By Binsha Das

Digital Journalist at Woke Malayalam